|    Dec 19 Wed, 2018 6:56 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ബലാല്‍സംഗ കേസില്‍ ഒളിവിലായ സിഐക്കെതിരേ ഗുരുതര പരാതികള്‍ വേറെയും

Published : 29th November 2018 | Posted By: kasim kzm

കെ പി ഒ റഹ്മത്തുല്ല

മലപ്പുറം: പാലക്കാട്ടെ യുവതിയെ കേസിന്റെ തെളിവെടുപ്പിനായി കൊണ്ടുപോയി ഹോട്ടല്‍ മുറിയില്‍ ക്രൂരമായി ബലാല്‍സംഗം ചെയ്ത കേസില്‍ ഒളിവില്‍ കഴിയുന്ന മുന്‍ പാലക്കാട് നോര്‍ത്ത് സിഐ ആര്‍ ശിവശങ്കറിനെതിരേ വേറെയും ഗുരുതരമായ പരാതികള്‍.
പെരിന്തല്‍മണ്ണ പൂവത്താണി സ്വദേശിയായ പി ടി അബ്ദുല്‍ റഫീഖാണ് ഇയാള്‍ക്കെതിരേ മുഖ്യമന്ത്രിക്കും ഡിജിപിക്കും പാലക്കാട് ജില്ലാ പോലിസ് സൂപ്രണ്ടിനും പരാതി നല്‍കിയത്. വീട്ടില്‍നിന്നു പിടിച്ചുകൊണ്ടുപോയി കള്ളക്കേസില്‍ കുടുക്കി ബന്ധുക്കളില്‍ നിന്നും തന്നില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്ന് മൂന്നുമാസം മുമ്പു നല്‍കിയ പരാതിയില്‍ പറയുന്നു. 2017 ജൂലൈ ഒമ്പതിന് പുലര്‍ച്ചെ നാലിന് സിഐയും കുറേ ആളുകളും വീട്ടില്‍ കയറിവരുകയും കുരുമുളക് സ്േ്രപ കണ്ണിലേക്കടിച്ച് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോവുകയും വീട്ടിലുണ്ടായിരുന്ന വാഹനങ്ങളും വസ്തുവകകളുടെ ആധാരങ്ങളും കൈക്കലാക്കുകയും ചെയ്തുവെന്നാണ് പരാതി. കോടതിയില്‍ ഹാജരാക്കി ജാമ്യമില്ലാ വകുപ്പ് പ്രകാരം റിമാന്‍ഡ് ചെയ്ത് ഒരു മാസത്തോളം ജയിലിലടയ്ക്കുകയും ചെയ്തു. പോലിസ് സ്‌റ്റേഷനില്‍ കസ്റ്റഡിയിലിരുന്ന സമയത്ത് കാണാന്‍ വന്ന ജ്യേഷ്ഠനോട് കേസില്‍ നിന്നൊഴിവാക്കാന്‍ 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ജ്യേഷ്ഠന്‍ നാലര ലക്ഷം രൂപ നല്‍കിയെങ്കിലും കേസില്‍പ്പെടുത്തി റിമാന്‍ഡ് ചെയ്തു. ജാമ്യത്തിലിറങ്ങിയ ശേഷം റഫീഖില്‍ നിന്നു നാലു ലക്ഷം രൂപ വാങ്ങി.
തനിക്കെതിരേ സിഐ നിര്‍ബന്ധിച്ച് പരാതി എഴുതിവാങ്ങിയ തമിഴ്‌നാട് സ്വദേശി നാഗരാജ് പരാതി പിന്‍വലിച്ചതോടെ കേസ് തന്നെ ഹൈക്കോടതി റദ്ദാക്കി. നാഗരാജില്‍ നിന്നും തന്നില്‍ നിന്നും ഒരേസമയം സിഐ ലക്ഷങ്ങള്‍ കൈപ്പറ്റി. കുഴല്‍പ്പണ കവര്‍ച്ചയ്ക്ക് സഹായിക്കണമെന്നും ഇതിനായി ഗുണ്ടകളെയും പോലിസ് യൂനിഫോമും വാഹനവും വിട്ടുതരാമെന്നു പറഞ്ഞെങ്കിലും ഒഴിഞ്ഞുമാറുകയായിരുന്നു. കസ്റ്റഡിയിലെടുത്തപ്പോള്‍ തന്നെ 15 ലക്ഷം രൂപ നല്‍കിയാല്‍ കേസില്‍ നിന്ന് ഒഴിവാക്കാമെന്നു വാഗ്ദാനവും നല്‍കിയിരുന്നു. ഗുരുതര വകുപ്പുകള്‍ അനുസരിച്ച് കള്ളക്കേസ് എടുത്തതിനാല്‍ ജാമ്യം പോലും ലഭിക്കാതെ ഒരുമാസത്തോളം പാലക്കാട് ജയിലില്‍ കഴിയേണ്ടിവന്നു. അറസ്റ്റ് ചെയ്തപ്പോള്‍ ഇല്ലാത്ത കഥകള്‍ വാര്‍ത്താമാധ്യമങ്ങള്‍ക്കു നല്‍കി പൊതുസമൂഹത്തില്‍ തനിക്കും കുടുംബത്തിനും അപകീര്‍ത്തിയുണ്ടാക്കി. ഭാര്യയെ സിഐ അസഭ്യം പറയുകയും പ്രായമായ ഉമ്മയെ പിടിച്ച് ഉന്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.
റഫീഖിന്റെ പരാതിയില്‍ സിഐ ശിവശങ്കറിനെതിരേ ആഭ്യന്തര വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാലക്കാട് നാര്‍ക്കോട്ടിക് സെല്‍ സിഐ ശംസുദ്ദീനും പാലക്കാട് നോര്‍ത്ത് സിഐ അലവിയുമാണ് കേസന്വേഷിക്കുന്നത്. സിഐ പണം തട്ടുന്നതിന് ഇടനിലക്കാരനായി ഉപയോഗിച്ച എറണാകുളം സ്വദേശി ശശി, റഫീഖ്, ജ്യേഷ്ഠന്‍ അബ്ദുറസാഖ് തുടങ്ങിയവരില്‍ നിന്നും പോലിസ് മൊഴിയെടുത്തു. മൂന്നുമാസമായിട്ടും അന്വേഷണം പൂര്‍ത്തിയായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് ഡിവൈഎസ്പി ശംസുദ്ദീന്‍ പറയുന്നത്. ഇപ്പോള്‍ സസ്‌പെന്‍ഷനിലുള്ള സിഐ ശിവശങ്കര്‍ നേരത്തേയും നിരവധി കേസുകളില്‍ കുടുങ്ങിയിട്ടുണ്ട്. ബലാല്‍സംഗം, പണംതട്ടല്‍, ഭീഷണിപ്പെടുത്തല്‍, കള്ളക്കേസെടുക്കല്‍, കൈക്കൂലി വാങ്ങ ല്‍ തുടങ്ങി ഗുരുതരമായ സ്വഭാവദൂഷ്യങ്ങളെ തുടര്‍ന്ന് നിരവധി തവണ സസ്‌പെന്‍ഷനിലായിരുന്ന ഇയാള്‍ മുന്‍ ഡിജിപി ടി പി സെന്‍കുമാറിന്റെ ദയാദാക്ഷിണ്യം കൊണ്ടാണ് പോലിസ് സേനയില്‍ നിന്നു പുറത്താക്കപ്പെടാതിരുന്നത്.
തെളിവെടുപ്പിന്റെ പേരില്‍ സ്ത്രീകളെ സ്വകാര്യ വാഹനങ്ങളില്‍ കയറ്റിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തതിനും ഇയാള്‍ക്കെതിരേ പരാതികളും കേസും വന്നിട്ടുണ്ട്. തിരുവില്വാമലക്കാരനായ ശിവശങ്കര്‍ മൂന്നാംമുറയ്ക്കും പേരുകേട്ട ആളാണ്. ഇയാള്‍ ജോലിചെയ്ത സ്ഥലങ്ങളിലെല്ലാം വാദിയില്‍ നിന്നും പ്രതിയില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന പരാതികള്‍ ഉയര്‍ന്നിരുന്നു. റഫീഖിനു പുറമെ തൃശൂരിലെ മറ്റൊരാളും ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss