|    Dec 12 Wed, 2018 9:41 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ബലാല്‍സംഗക്കേസുകളിലെ പ്രതിയായ സിഐ ആറുമാസമായി ഒളിവില്‍

Published : 25th November 2018 | Posted By: kasim kzm

മലപ്പുറം: പോലിസിലെ ക്രിമിനലുകളുടെ വിളയാട്ടം അവസാനിക്കുന്നില്ല. അഞ്ചു ബലാല്‍സംഗക്കേസുകളില്‍ പ്രതിയായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍ ശിവശങ്കര്‍ ഒളിവിലാണെന്നു ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ഭാഗം അഭിഭാഷകന്‍.
കഴിഞ്ഞ ആറു മാസമായിട്ടും കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് ആഭ്യന്തര വകുപ്പ് പറയുന്ന ഇയാള്‍ സമൂഹിക മാധ്യമങ്ങളിലും ടെലിഫോണ്‍ കോളുകളിലും സജീവമാണെന്നതിനു വ്യക്തമായ തെളിവുകള്‍ പ്രതിഭാഗം കോടതിയില്‍ സമര്‍പ്പിച്ചു. ബലാല്‍സംഗം, ഹവാല ഇടപാട്, ഗുണ്ടായിസം, കൈക്കൂലി, കേസൊതുക്കി പണം തട്ടല്‍ എന്നീ പരാതികളെല്ലാം നിലവിലുള്ള ഈ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മൂന്നുതവണ സസ്‌പെന്‍ഷനില്‍ ആയിട്ടുണ്ട്. ഇപ്പോള്‍ സസ്‌പെന്‍ഷനിലാണെങ്കിലും പരാതി നല്‍കിയ യുവതിയെ ഭീഷണിപ്പെടുത്തലും മറ്റും സജീവമാണ്.
പാലക്കാട് നോര്‍ത്ത് സിഐ ആര്‍ ശിവശങ്കറാണ് കഴിഞ്ഞ ജൂണ്‍ 20 മുതല്‍ ഒളിവിലാണെന്ന് ആഭ്യന്തരവകുപ്പ് ഹൈക്കോടതിയില്‍ കഴിഞ്ഞദിവസം പറഞ്ഞത്. സോഷ്യല്‍മീഡിയയിലൂടെ അപമാനിച്ച യുവാവിനെതിരേ പരാതി നല്‍കാനെത്തിയ യുവതിയെ ബലാല്‍സംഗം ചെയ്തതിനാണ് ഒടുവില്‍ ഇയാള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. പാലക്കാട് ജില്ലാ പോലിസ് സൂപ്രണ്ടും മറ്റും പരാതി അവഗണിച്ചതിനെ തുടര്‍ന്ന് യുവതി ഹൈക്കോടതിയില്‍ ഹരജി നല്‍കിയാണു കേസെടുപ്പിച്ചത്. രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് വധശ്രമം, ബലാല്‍സംഗം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയുള്ള വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരേ അന്വേഷണത്തിന് തുടക്കമിട്ടത്. അന്ന് മുതല്‍ ഒളിവിലാണെന്ന് നിയമ വകുപ്പ് പറയുന്ന ഇയാള്‍ കഴിഞ്ഞ മൂന്നുമാസമായി മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച് കേസ് നീട്ടിക്കൊണ്ടുപോവുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. ജാമ്യം ലഭിക്കാന്‍ പ്രോസിക്യൂഷനും പോലിസും സഹായിക്കുന്നുവെന്ന പരാതിയും യുവതിക്കും ബന്ധുക്കള്‍ക്കുമുണ്ട്. പരാതി നല്‍കിയ യുവതിക്കെതിരേ നിരന്തരം ഫോണിലൂടെ ഭീഷണി മുഴക്കുക മാത്രമല്ല, ജോലി ചെയ്യുന്ന സ്ഥാപനത്തിലെത്തി വീണ്ടും കൈയേറ്റത്തിനു മുതിര്‍ന്നതായും പരാതിക്കാരി പറയുന്നു.
സര്‍ക്കിള്‍ ഇ ന്‍സ്‌പെക്ടറെ പിന്തുണയ്ക്കാനും പരാതി പിന്‍വലിപ്പിക്കാനും കേസൊതുക്കിത്തീര്‍ക്കാനും പാലക്കാട് ബിജെപി മുന്‍ ജില്ലാ പ്രസിഡന്റും മഹിളാമോ ര്‍ച്ച ജില്ലാ നേതാവും ശ്രമിച്ചതായി യുവതി കോടതിയില്‍ മൊഴി നല്‍കിയിട്ടുണ്ട്. വനംവകുപ്പിലെ തൃശൂരിലെ ഉന്നത ഉദ്യോഗസ്ഥനും സിഐക്ക് വേണ്ടി ഇടപെട്ടതായി പറയുന്നു. കഴിഞ്ഞ ദിവസവും പരാതിക്കാരിയുടെ സഹോദരനായ ഡോക്ടര്‍ക്കെതിരേ കള്ളക്കേസെടുത്ത് ജയിലിലടയ്ക്കുമെന്ന് സിഐ ഭീഷണിപ്പെടുത്തിയതായി അന്വേഷണ ഉദ്യോഗസ്ഥനു മു മ്പാകെ യുവതി പരാതി നല്‍കിയിട്ടുണ്ട്.
പരാതി നല്‍കാനെത്തുന്ന യുവതികളെ വശീകരിച്ച് തെളിവെടുപ്പിന്റെ പേരില്‍ കൊണ്ടുപോയി ബലാല്‍സംഗം ചെയ്യുന്ന രീതിയാണ് ആര്‍ ശിവശങ്കര്‍ അനുവര്‍ത്തിച്ചു പോരുന്നത്. മുന്‍ എംഎല്‍എയുടെ പേരക്കുട്ടി മുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥ വരെ പീഡനത്തിനിരയായതായി സൂചനയുണ്ട്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ബലാല്‍സംഗക്കേസ് ഇയാളുടെ സഹപ്രവര്‍ത്തകന്‍ അന്വേഷിക്കുന്നത് അവസാനിപ്പിച്ച് ഡിസിആര്‍ബി ഡിവൈഎസ്പി രാധാകൃഷ്ണനെ ഏല്‍പ്പിച്ചിരിക്കുകയാണിപ്പോള്‍. ഒരാഴ്ചയ്ക്കുള്ളില്‍ അന്തിമ റിപോര്‍ട്ട് നല്‍കണമെന്നു ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ഒതുക്കിത്തീര്‍ത്ത് രക്ഷപ്പെടാനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ട്. ഇയാള്‍ നേരത്തെ ജോലി ചെയ്തിരുന്ന സ്ഥലങ്ങളില്‍ സ്ത്രീ പീഡനങ്ങളില്‍ നിരവധി പരാതികള്‍ ഉണ്ടായെങ്കിലും എല്ലാം ഒതുക്കിത്തീര്‍ക്കുകയായിരുന്നു. ഇയാള്‍ക്കെതിരേ പെരിന്തല്‍മണ്ണ സ്വദേശിയുടെ പണമിടപാട് കേസില്‍ വന്‍തുക കൈക്കൂലി വാങ്ങിയതിനും അനാവശ്യമായി പീഡിപ്പിച്ചതിനും പരാതിയുണ്ടെങ്കിലും കേസെടുക്കാന്‍ പോലിസ് തയ്യാറായിട്ടില്ല.
ബലാല്‍സംഗത്തിനു വിധേയയായ യുവതി വീണ്ടും ഫോണിലൂടെയും നേരിട്ടും സിഐ ശിവശങ്കര്‍ ഭീഷണിപ്പെടുത്തുന്നതായി പരാതിപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss