|    Oct 22 Mon, 2018 10:53 am
FLASH NEWS

ബയോഗ്യാസ് പ്ലാന്റ് അനാഥമായി; മാലിന്യം കത്തിക്കുന്നത് പാതയോരത്ത്

Published : 8th November 2017 | Posted By: fsq

 

ചങ്ങനാശ്ശേരി: മാര്‍ക്കറ്റിലെമ്പാടും ദിവസേന കുമിഞ്ഞു കൂടുന്ന മല്‍സ്യ മാംസാവശിഷ്ടങ്ങള്‍ പ്രയോജനപ്പെടുത്തുന്നതോടൊപ്പം പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മാര്‍ക്കറ്റില്‍ നിര്‍മിച്ച ബയോഗ്യാസ് പ്ലാന്റ് അനാഥമായ നിലയില്‍. ഒപ്പം ഇവിടെയുണ്ടാവുന്ന മാലിന്യങ്ങള്‍ പാതയോരത്ത് കത്തിക്കാന്‍ ആരംഭിച്ചതോടെ ദുര്‍ഗന്ധവും ചുമയും സഹിക്കവയ്യാതെ നാട്ടുകാരും ബുദ്ധിമുട്ടില്‍. അവസാന മിനുക്കു പണികള്‍ കൂടി കഴിഞ്ഞാല്‍ 2012 സപ്തംബറോടെ ഉദ്ഘാടനം നടത്തുമെന്നു പറഞ്ഞ ഇതിന്റെ ഉദ്ഘാടനവും നടന്നില്ല. ഇപ്പോള്‍ കാടുപിടിച്ച അവസ്ഥയിലവുമായി. നേരത്തെ പണി ആരംഭിച്ചു പൂര്‍ത്തിയാവാതെ കിടന്ന അരടണ്‍ പ്ലാന്റും പിന്നീട് നിര്‍മിക്കുമെന്ന് പറഞ്ഞ ഒരു ടണ്‍ പ്ലാന്റും കൂടി ചേര്‍ത്ത് ഒന്നിച്ചായിരിക്കും പ്രവര്‍ത്തിപ്പിക്കുകയെന്നും പറഞ്ഞിരുന്നെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒന്നും നടന്നില്ല. കേരളാ ആഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്റെ സാങ്കേതിക സഹകരണത്തോടെ നഗരസഭാ എന്‍ജിനീയറിങ് വിഭാഗമാണ് ഇതിന്റെ പണി ചെയ്തത്. ഇതിനായി അന്നത്തെ എല്‍ഡിഎഫ് ഭരണ സമിതി 2008 അവസാനമായിരുന്നു ഏറെ കൊട്ടിഘോഷിച്ച്് പ്ലാന്റിനു തുടക്കമിട്ടത്. മാര്‍ക്കറ്റില്‍ ദിവസേന ഉല്‍സവിക്കുന്ന ടണ്‍കണക്കിന് മല്‍സ്യ മാംസാവശിഷ്ടങ്ങള്‍ പ്ലാന്റിലെ ആവശ്യത്തിനായി ഉപയോഗിക്കുകയും ഇതില്‍ നിന്നും ലഭിക്കുന്ന ബയോഗ്യാസ് ഉപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാമെന്നുമായിരുന്നു കണക്കുകൂട്ടല്‍. ഈ വൈദ്യുതി മാര്‍ക്കറ്റിലെ തെരുവുവിളക്കുകള്‍ പ്രകാശിപ്പിക്കാനായി പ്രയോജനപ്പെടുത്തുന്നതോടൊപ്പം മിച്ചംവരുന്നത്് വീട്ടാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാമെന്നും പ്രതീക്ഷയുണ്ടായിരുന്നു. ഗ്യാസ് ഉപയോഗിച്ച് തെരുവ് വിളക്കുകള്‍ പ്രകാശിപ്പിക്കാനാവുമ്പോള്‍ അതുവഴി നഗരസഭക്ക് വൈദ്യുതി ചാര്‍ജില്‍ ഗണ്യമായ ലാഭം ഉണ്ടാക്കാനാമാകുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ 2010ഓടെ നിര്‍മാണം പൂര്‍ത്തീകരിച്ചെങ്കിലും നിര്‍മാണത്തിലെ അപാകതകള്‍ കാരണം പ്ലാന്റ് ഉപയോഗിക്കാനായില്ല. ഇതോടെ കുറഞ്ഞ ചെലവില്‍ ഗ്യാസും വൈദ്യുതിയും ലഭ്യമാവുമെന്ന്് കരുതിയിരുന്നവര്‍ നിരാശയിലുമായി. വര്‍ഷങ്ങള്‍ക്ക് മുമ്പ് കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും മല്‍സ്യങ്ങളുമായി ചങ്ങനാശ്ശേരി ചന്തയിലേക്ക് വള്ളങ്ങള്‍ അടുത്തിരുന്ന കുളത്തിലാണ് പ്ലാന്റു പണിതതെന്നും ഇതു വേണ്ട വിധത്തില്‍ മണ്ണിട്ട് നികത്തിയിരുന്നില്ലെന്നും അവിടെ മഴക്കാലങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്നതാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതെന്നും തദ്ദേശവാസികള്‍ പറയുന്നു. കൂടാതെ പ്ലാന്റ് പണിയുന്നതിന്റെ മുന്നോടിയായി ഇവിടെ മണ്ണ് പരിശോധന നടത്തിയിട്ടില്ലെന്നും ഇതിന്റെ പണികള്‍ ആരംഭിച്ചപ്പോള്‍ തന്നെ ഇക്കാര്യങ്ങള്‍ തങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നതായും അവര്‍ അഭിപ്രായപ്പെടുന്നു. പിന്നീട്് പുതിയ യുഡിഎഫ് നഗരസഭ അധികാരത്തില്‍ വന്നശേഷം നിലവിലുള്ള പ്ലാന്റിനോടൊപ്പം സമീപത്ത് മറ്റൊരു പ്ലാന്റ് കൂടി നിര്‍മിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. എന്നാല്‍ വീണ്ടും ലക്ഷങ്ങള്‍ ചെലവഴിച്ചതൊഴിച്ചാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും അതും പ്രവര്‍ത്തിപ്പിക്കാനായിട്ടില്ല. ഇപ്പോള്‍ ഇതു എന്തുചെയ്യണമെന്നറിയാതെ ബന്ധപ്പെട്ടവര്‍ കുഴയുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss