|    Nov 19 Mon, 2018 11:06 pm
FLASH NEWS
Home   >  Sports  >  Football  >  

ബയേണിന് മുന്നില്‍ യുനൈറ്റഡിന് അടിതെറ്റി

Published : 6th August 2018 | Posted By: jaleel mv

 

മ്യൂണിക്: ടീമിന്റെ പ്രകടനത്തെക്കുറിച്ചുള്ള കോച്ച് ജോസ് മൗറീഞ്ഞോയുടെ വേവലാതി തുടരുന്നു. ഇന്നലെ ബയേണ്‍ മ്യൂണിക്കിന്റെ തട്ടകത്ത്് വച്ച് നടന്ന ക്ലബ് സൗഹൃദ മല്‍സരത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ കരുത്തരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് അടിതെറ്റിയതോടെയാണ് ടീമിന്റെ ഭാവി അനിശ്ചിതത്ത്വത്തിലായിരിക്കുന്നത്. ഏകഗോളിനായിരുന്നു ജര്‍മന്‍ ക്ലബ് ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണികിന്റെ ജയം. സ്പാനിഷ് മിഡ്ഫീല്‍ഡര്‍ ജാവി മാര്‍ട്ടിനെസാണ് യുനൈറ്റഡ് സൂപ്പര്‍ ഗോളി ഡേവിഡ് ഡിജിയയുടെ ചെറുത്തു നില്‍പ്പിനെ മറിടകടന്ന് ബയേണിന്റെ വിജയഗോള്‍ നേടിയത്. യുനൈറ്റഡിലേക്ക് മടങ്ങിയെത്തിയ മാര്‍ക്കസ് റാഷ്‌ഫോര്‍ഡിനോടൊപ്പം അലെക്‌സീസ് സാഞ്ചെസും യുവാന്‍ മാറ്റയും യുനൈറ്റഡിന്റെ മുന്നേറ്റ നിരയില്‍ ഇടം കണ്ടെത്തിയപ്പോള്‍ ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ സെര്‍ജി നാബ്രിയെ ആക്രമണമേല്‍പ്പിച്ചാണ് ബയേണ്‍ കളി മെനഞ്ഞത്. മിഡ്ഫീല്‍ഡില്‍ ബ്രസീല്‍ താരങ്ങളായ ഫ്രെഡും ആന്‍ഡ്രിയാസ് പെരേരയും സ്പാനിഷ് താരം ആന്ദ്രേ ഹരേരയെയും യുനൈറ്റഡ് ഇറക്കി.
എന്നാല്‍ വമ്പന്‍ ടീമിനെതിരേ കളിക്കാനിറങ്ങിയ ബയേണ്‍ ആദ്യ ഇലവനില്‍ സൂപ്പര്‍ താരങ്ങളെയെല്ലാം ഇറക്കി. മിഡ്ഫീല്‍ഡില്‍ ഫ്രഞ്ച് താരം ഫ്രാങ്ക് റിബറിയും ജര്‍മന്‍ താരം തോമസ് മുള്ളറും ഹോളണ്ട് താരം ആര്യന്‍ റോബനും ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ തിയാഗോ അല്‍കന്താരയും ജാവി മാര്‍ട്ടിനെസും പ്രതിരോധത്തില്‍ ജോഷ്വ കിമ്മിച്ചും നിക്ലാസ് സ്യൂളും മാറ്റ് ഹമ്മല്‍സും ഡേവിഡ് അലാബയും ബയേണിന്റെ കളിത്തട്ടില്‍ സ്ഥാനം പിടിച്ചു. ജര്‍മനിയുടെ ഒന്നാം നമ്പര്‍ ഗോളി മാനുവല്‍ ന്യൂയറിനെയാണ് ബയേണ്‍ പോസ്റ്റിന്റെ കാവല്‍ക്കാരനായി നിര്‍ത്തിയത്.
മല്‍സരത്തിലെ ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. തുടര്‍ന്നുള്ള രണ്ടാം പകുതിയില്‍ യുനൈറ്റഡ് ഒമ്പത് താരങ്ങളെ പകരക്കാരായി ഇറക്കിയപ്പോള്‍ ബയേണ്‍ ഏഴ് താരങ്ങളെയും വിന്യസിച്ചു. ക്രിസ് സ്മാളിങ്, മക്‌റ്റോമിനെ, ഫില്‍ ജോണ്‍സ്, ഫോസു മെന്‌സാ, മിച്ചെല്‍ ഡെമെട്രി , ട്വാന്‍സെബെ, ലീ ഗ്രാന്‍ഡ്,ചോങ്, ഗാര്‍ണര്‍ എന്നിവരെ കളത്തിലിറക്കി യുനൈറ്റഡ് പരീക്ഷിച്ചപ്പോള്‍ ജെറോം ബോട്ടെങ്, ഗോരെറ്റ്‌സ്‌ക, റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, ബെര്‍നാറ്റ്, കിങ്‌ലി കോമാന്‍, റാഫിന്‍ഹ, സെബാസ്റ്റ്യന്‍ റൂഡി എന്നിവരെ ബയേണും കളത്തിലിറക്കി. ഇതിനിടെ 59ാം മിനിറ്റിലാണ് മാര്‍ട്ടിനെസ് ബയേണിനെ മുന്നിലെത്തിച്ചത്. എന്നാല്‍ സമനില ഗോളിനായി പൊരുതിയ യുനൈറ്റഡിന് നിരാശയായിരുന്നു ഫലം. ഇനി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ യുനൈറ്റഡിന് ആദ്യ മല്‍സരം കളിക്കാം. 11ന് ലെസ്റ്റര്‍ സിറ്റിയുമായാണ് ടീമിന്റെ ആദ്യ മല്‍സരം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss