|    Jun 24 Sun, 2018 10:20 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ബയേണിന് ആഴ്‌സനലിന്റെ ചെക്ക്

Published : 22nd October 2015 | Posted By: SMR

ലണ്ടന്‍: ഈ സീസണില്‍ വിജയകുതിപ്പ് തുടരുകയായിരുന്ന ജര്‍മന്‍ ലീഗ് അതികായന്‍മാരായ ബയേണ്‍ മ്യൂണിക്കിന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഗ്ലാമര്‍ ടീമായ ആഴ്‌സനലിന്റെ ചെക്ക്. ചാംപ്യന്‍സ് ലീഗിലാണ് ആഴ്‌സനല്‍ ബയേണിനെ വീഴ്ത്തിയത്. ടൂര്‍ണമെന്റിന്റെ മൂന്നാം റൗണ്ട് മല്‍സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഗണ്ണേഴ്‌സ് ബയേണിനെ ഞെട്ടിച്ചത്.
എന്നാല്‍, നിലവിലെ ചാംപ്യന്‍മാരായ ബാഴ്‌സലോണ തകര്‍പ്പന്‍ വിജയത്തോടെ മുന്നേറ്റം നടത്തിയപ്പോള്‍ മുന്‍ ചാംപ്യന്‍മാരും പ്രീമിയര്‍ ലീഗിലെ നിലവിലെ കിരീടവിജയികളുമായ ചെല്‍സിക്ക് സമനില നേരിട്ടു.
കളിച്ചത് ബയേണ്‍,
ഗോളടിച്ചത് ആഴ്‌സനല്‍
ഗ്രൂപ്പ് എഫിലെ ആദ്യ രണ്ടു മല്‍സരങ്ങളില്‍ തോറ്റ ആഴ്‌സനലിന് ടൂര്‍ണമെന്റിന്റെ നോക്കൗട്ട് പ്രതീക്ഷ നിലനിര്‍ത്താന്‍ വിജയം അനിവാര്യമായിരുന്നു.
സ്വന്തം തട്ടകത്തില്‍ രണ്ടും കല്‍പ്പിച്ച് തന്നെയാണ് ആഴ്‌സനല്‍ കളത്തിലിറങ്ങിയതും. പക്ഷേ, ബയേണ്‍ നന്നായി കളിച്ചപ്പോള്‍ ആഴ്‌സനല്‍ ഒന്നു വിയര്‍ത്തു. എന്നാല്‍, ഗോള്‍വല കാത്ത പീറ്റര്‍ ചെക്കിന്റെ മിന്നും സേവുകള്‍ ബയേണിന്റെ മുന്നേറ്റങ്ങള്‍ക്ക് വിലങ്ങു തടിയായപ്പോള്‍ കിട്ടിയ അവസരം മുതലാക്കി ആഴ്‌സനല്‍ നിര്‍ണായക വിജയം സ്വന്തമാക്കുകയായിരുന്നു. ആഴ്‌സനലിനു വേണ്ടി ഒലിവര്‍ ജിറൂഡും (77ാം മിനിറ്റ്) മെസ്യൂദ് ഓസിലുമാണ് (90) സ്‌കോര്‍ ചെയ്തത്.
74ാം മിനിറ്റില്‍ തിയോ വാല്‍ക്കോട്ടിന് പകരക്കാരനായിറങ്ങിയാണ് ജിറൂഡ് ആഴ്‌സനലിനെ ആദ്യം മുന്നിലെത്തിച്ചത്. ജിറൂഡിന്റെ ക്ലോസ് റേഞ്ച് ഷോട്ട് ബയേണ്‍ ഗോളി മാന്വല്‍ നുയറിന് പിഴച്ചപ്പോള്‍ പന്ത് ഗോള്‍ വലയ്ക്കുള്ളിലാവുകയായിരുന്നു. കളി തീരാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ ഹെക്ടര്‍ ബെല്ലറിന്‍ നടത്തിയ മികച്ച മുന്നേറ്റം ഓസില്‍ ഗോളാക്കുകയായിരുന്നു.
മല്‍സരത്തില്‍ 73 ശതമാനവും ബോള്‍ പൊസിഷന്‍ ബയേണിന്റെ കൈയ്യിലായിരുന്നു. എന്നാല്‍, ആക്രമിച്ചു കളിക്കുന്നതില്‍ ആഴ്‌സനല്‍ ബയേണിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് നടത്തിയത്. ബയേണ്‍ താരങ്ങളായ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, തിയാഗോ അല്‍കാന്‍ഡ്ര, ആര്‍ത്യുറോ വിദാല്‍ എന്നിവരുടെ ഗോള്‍ ശ്രമങ്ങള്‍ ആഴ്‌സനല്‍ ഗോളി ചെക്ക് വിഫലമാക്കുകയായിരുന്നു. കളിയില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരത്തിന് അര്‍ഹനായതും ചെക്ക് തന്നെയായിരുന്നു.
ഗ്രൂപ്പ് എഫിലെ മറ്റൊരു കളിയില്‍ ഒളിംപിയാക്കോസ് 1-0ന് ഡയനാമോ സെഗ്രബിനെ പരാജയപ്പെടുത്തി. ടൂര്‍ണമെന്റില്‍ ഒളിംപിയാക്കോസിന്റെ രണ്ടാം ജയം കൂടിയായിരുന്നു ഇത്. ആദ്യ രണ്ടു കളികളിലും ജയിച്ച ബയേണ്‍ ആറ് പോയിന്റോടെ ഗ്രൂപ്പില്‍ ഒന്നാംസ്ഥാനത്ത് തുടരുകയാണ്. ആറു പോയിന്റോടെ ഒളിംപിയാക്കോസ് രണ്ടാമതും മൂന്നു പോയിന്റോടെ ആഴ്‌സനല്‍ മൂന്നാം സ്ഥാനത്തുമാണുള്ളത്.
റാക്റ്റിക്ക് ഡബിളില്‍ ബാഴ്‌സ
ഇവാന്‍ റാക്റ്റിക്ക് ഇരട്ട ഗോളുകളുമായി മിന്നിയതാണ് ബെലാറസ് ക്ലബ്ബായ ബാറ്റെയ്‌ക്കെതിരേ സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം നേടിക്കൊടുത്തത്. ഗ്രൂപ്പ് ഇയില്‍ നടന്ന മല്‍സരത്തില്‍ 48, 64 മിനിറ്റുകളിലാണ് റാക്റ്റിക്ക് ബാഴ്‌സയ്ക്കു വേണ്ടി സ്‌കോര്‍ ചെയ്തത്.
പരിക്കേറ്റ് സെര്‍ജി റോബര്‍ട്ടോ കളംവിട്ടതിനെ തുടര്‍ന്ന് 18ാം മിനിറ്റില്‍ റാക്റ്റിക്ക് പകരക്കാരനായിറങ്ങുകയായിരുന്നു. റാക്റ്റിക്കിന്റെ രണ്ടു ഗോളുകള്‍ക്കും വഴിയൊരുക്കിയത് ബ്രസീലിയന്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ നെയ്മറായിരുന്നു. പരിക്കേറ്റ സൂപ്പര്‍ താരം ലയണല്‍ മെസ്സിയില്ലാതെയും തങ്ങള്‍ക്ക് ജയിക്കാനറിയാമെന്ന് ബാഴ്‌സ ഒരിക്കല്‍ കൂടി തെളിയിച്ചു.
മല്‍സരത്തില്‍ പന്തടക്കത്തിലും ആക്രമണത്തിലും ബാഴ്‌സയ്ക്ക് തന്നെയായിരുന്നു ആധിപത്യം. രണ്ടാം ജയത്തോടെ ഏഴ് പോയിന്റുമായി ഗ്രൂപ്പ് ഇയില്‍ ബാഴ്‌സയാണ് തലപ്പത്ത്.
ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ റോമയെ 4-4ന് ബയേര്‍ ലെവര്‍ക്യൂസന്‍ സമനിലയില്‍ തളച്ചു. ഗോള്‍വര്‍ഷിച്ച മല്‍സരത്തില്‍ ഒരുഘട്ടത്തില്‍ ലെവര്‍ക്യൂസന്‍ 2-0ന് മുന്നിലായിരുന്നു. എന്നാല്‍, ശക്തമായി തിരിച്ചടിച്ച റോമ 4-2ന് മുന്നില്‍ കയറി.
84ാം മിനിറ്റ് വരെ ജയം ഉറപ്പിച്ചിരുന്ന റോമയെ ഞെട്ടിച്ച് തുടര്‍ച്ചയായി രണ്ടു ഗോളുകള്‍ നേടി സ്വന്തം തട്ടകത്തില്‍ ലെവര്‍ക്യൂസന്‍ സമനില പിടിച്ചുവാങ്ങുകയായിരുന്നു. ലെവര്‍ക്യൂസനു വേണ്ടി ജാവിയര്‍ ഹെര്‍ണാണ്ടസും റോമയ്ക്കായി ഡാനിയേല ഡി റോസ്സിയും ഇരട്ട ഗോളുകളുമായി തിളങ്ങി.
അവസരം തുലച്ച് ചെല്‍സി
ഗോളവസരങ്ങള്‍ പാഴാക്കിയതും റഫറി പെനാല്‍റ്റി നിഷേധിച്ചതും ഉക്രെയ്ന്‍ ക്ലബ്ബായ ഡയനാമോ കീവിനെതിരേ ചെല്‍സിക്ക് വിനയായി. ഗോള്‍രഹിതമായാണ് ഡയനാമോ ബ്ലൂസിനെ പിടിച്ചുകെട്ടിയത്.
മല്‍സരത്തില്‍ പന്തടക്കത്തിലും ആക്രമണത്തിലും ഇരു ടീമും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. ഇഡന്‍ ഹസാര്‍ഡ്, വില്ല്യന്‍, ഡിയേഗോ കോസ്റ്റ, നെമഞ്ജ മാറ്റിച്ച് എന്നിവര്‍ക്ക് ആദ്യപകുതിയില്‍ തന്നെ ഗോള്‍ നേടാന്‍ അവസരങ്ങള്‍ ലഭിച്ചെങ്കിലും അവര്‍ പാഴാക്കുകയായിരുന്നു.
വില്ല്യന്റെ ഫ്രീകിക്ക് ക്രോസ്ബാറില്‍ തട്ടിയകന്നതും സെക് ഫെബ്രഗസ് ഫൗളിന് ഇരയായതിനെ തുടര്‍ന്ന് പെനാല്‍റ്റി കിക്ക് നിഷേധിച്ചതും ജോസ് മൊറീഞ്ഞോയുടെ വിജയമോഹങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചു.
ഗ്രൂപ്പ് ജിയില്‍ നാല് പോയിന്റോടെ മൂന്നാം സ്ഥാനത്താണ് ചെല്‍സി. അഞ്ച് പോയിന്റോടെ ഡയനാമോ രണ്ടാമതും. ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ മക്കാബിയെ എതിരില്ലാത്ത രണ്ടു ഗോളിന് തോല്‍പ്പിച്ച് പോര്‍ട്ടോ ഒന്നാംസ്ഥാനം ഭദ്രമാക്കി.
ഗ്രൂപ്പ് എച്ചില്‍ സെനിത് 3-1ന് ലിയോണിനെയും വലന്‍സിയ 2-1ന് ജെന്റിനെയും തോല്‍പ്പിച്ചു. ടൂര്‍ണമെന്റില്‍ സെനിതിന്റെ തുടര്‍ച്ചയായ മൂന്നാം ജയം കൂടിയായിരുന്നു ഇത്. ഒമ്പത് പോയിന്റോടെ ഗ്രൂപ്പില്‍ സെനിത് ഒന്നാംസ്ഥാനത്ത് തുടരുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss