|    Dec 17 Sun, 2017 8:08 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ബന്ധു നിയമനത്തില്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി

Published : 12th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ഉന്നത പാര്‍ട്ടിനേതാക്കള്‍ ആരോപണവിധേയരായ ബന്ധുനിയമന വിവാദത്തില്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. അടിക്കടിയുണ്ടാവുന്ന വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചതായി കഴിഞ്ഞദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന അവയ്‌ലബിള്‍ പിബി യോഗം വിലയിരുത്തി.
വെള്ളിയാഴ്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നടക്കാനിരിക്കെയാണ് കേന്ദ്ര നേതൃത്വത്തിന്റെ ഈ വിലയിരുത്തല്‍. എന്നാല്‍, സംസ്ഥാന സമിതി യോഗത്തില്‍ പിബി അംഗങ്ങള്‍ ആരും പങ്കെടുക്കേണ്ടതില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. സംസ്ഥാനത്തെ പ്രശ്‌നങ്ങള്‍ സംസ്ഥാന നേതൃത്വം തന്നെ ചര്‍ച്ച ചെയ്തു പരിഹരിക്കട്ടെയെന്ന നിലപാടിലാണ് കേന്ദ്രനേതാക്കള്‍.
പൊതുമേഖലാ സ്ഥാപനങ്ങളിലെ ബന്ധുനിയമനവുമായി ബന്ധപ്പെട്ട് മന്ത്രി ഇ പി ജയരാജനും സിപിഎം സംസ്ഥാന നേതൃത്വവും പ്രതിക്കൂട്ടിലായിരിക്കെയാണ് കേന്ദ്രനേതൃത്വം കടുത്ത അതൃപ്തി പ്രകടിപ്പിച്ചത്. നിയമസഭാ സമ്മേളനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വിവാദം കത്തിപ്പടരുന്നത് ദോഷം ചെയ്യുമെന്ന് വിലയിരുത്തിയ കേന്ദ്ര നേതൃത്വം എത്രയും പെട്ടെന്ന് പ്രശ്‌നം പരിഹരിക്കാനുള്ള നിര്‍ദേശമാണു നല്‍കിയത്.
ബന്ധുനിയമന വിവാദം സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ തെറ്റായ സന്ദേശമാണ് നല്‍കിയത്. ഇത് പാര്‍ട്ടി പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കും. വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസ്സിലും തുടര്‍ന്ന് നടന്ന കൊല്‍ക്കത്ത പ്ലീനത്തിലും കൈക്കൊണ്ട തീരുമാനങ്ങളുടെ നഗ്നമായ ലംഘനമാണിത്.
സ്വജനപക്ഷപാതവും നേതാക്കളുടെ വഴിവിട്ട ഇടപെടലുകളും ഉള്‍പ്പെടെയുള്ള തെറ്റുകള്‍ തിരുത്താനുള്ള തീരുമാനമാണ് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ഉള്‍പ്പെടെ കൈക്കൊണ്ടത്. എന്നാല്‍ ഇവയൊന്നും പ്രാവര്‍ത്തികമാവുന്നില്ലെന്നതിന്റെ തെളിവായാണ് കേന്ദ്ര നേതൃത്വം പുതിയ വിവാദത്തെ കാണുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss