|    Apr 27 Thu, 2017 4:22 pm
FLASH NEWS

ബന്ധു നിയമനം; കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളം

Published : 26th October 2016 | Posted By: SMR

തൃശൂര്‍: ബന്ധുനിയമനത്തെച്ചൊല്ലി തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം. കോര്‍പറേഷനില്‍ അനധികൃതമായി കരാര്‍ അടിസ്ഥാനത്തില്‍ ബന്ധുക്കളായ ജീവനക്കാരെ നിയമിച്ചതായാണ് പ്രതിപക്ഷ ആരോപണം. കൂടാതെ കെഎസ്ഇബിയി ല്‍ കരാര്‍ അടിസ്ഥാനത്തില്‍ 27 പേരെ നിയമിച്ചതായും 6 പേരെ പിരിച്ചു വിട്ടതായും പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ ബന്ധുനിയമനങ്ങളോ അനധികൃത നിയമനങ്ങളോ നടന്നിട്ടില്ലെന്ന് ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി വ്യക്തമാക്കി. കോ ണ്‍ഗ്രസ്സിന്റെ ഭരണകാലത്താണ് അനധികൃത നിയമനങ്ങളും ബന്ധുനിയമനങ്ങളും നടന്നതെന്ന് ഭരണപക്ഷവും തിരിച്ചടിച്ചു. കഴിഞ്ഞ ഭരണ കാലത്ത് യുഡിഎഫിനൊപ്പം നിന്നതിനാല്‍ തനിക്ക് യുഡിഎഫിന്റെ ബന്ധുനിയമനങ്ങളും അനധികൃത നിയമനങ്ങളും അറിയാമെന്നും ഈ ഭരണകാലത്ത് യാതൊരു ബന്ധുനിയമനങ്ങളും നടന്നിട്ടില്ലെന്നും  ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എംഎല്‍ റോസി പറഞ്ഞു. എന്നാല്‍ എംഎല്‍ റോസിയുടെ ഈ പരാമര്‍ശത്തെ അഭിസാരികയുടെ ചാരിത്ര പ്രസംഗം പോലെയാണെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍ ടിആര്‍ സന്തോഷ് ഉപമിച്ചത് പ്രതിഷേധത്തിനിടയാക്കി. ഈ വിഷയത്തില്‍ മാപ്പ് പറയണമെന്ന് ഭരണ പക്ഷ കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് എംഎല്‍ റോസി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനെ തുടര്‍ന്ന് സന്തോഷ് ഖേദം രേഖപ്പെടുത്തി. ഒടുവില്‍ പ്രതിഷേധം തുടര്‍ന്നപ്പോള്‍ സന്തോഷ് എംഎല്‍ റോസിയോട് മാപ്പു പറയുകയും ചെയ്തു. അതേസമയം കോര്‍പറേഷന്‍ പൂങ്കുന്നം ഒന്നാം ഡിവിഷനിലെ വഴിവിളക്കുകള്‍ കത്തുന്നില്ലെന്നാരോപിച്ച് ഡിവിഷന്‍ കൗണ്‍സിലര്‍ സി രാവുണ്ണി നടുത്തളത്തിലിറങ്ങി കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്ലക്കാര്‍ഡ് ഏന്തിയും ഡിവിഷനിലെ ഏതൊക്കെ മേഖലകളിലെ തെരുവുവിളക്കുകള്‍ കത്തുന്നില്ലെന്ന് കാണിക്കുന്ന ഫഌക്‌സ് ഉയര്‍ത്തിയുമായിരുന്നു പ്രതിഷേധം. ഉടന്‍ തന്നെ തെരുവുവിളക്കുകള്‍ കത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി മേയര്‍ അജിതാ ജയരാജന്‍ അറിയിച്ചതിനെ തുടര്‍ന്ന് രാവുണ്ണി പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day