|    Nov 16 Fri, 2018 12:54 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ബന്ധു ഒഴികെയുള്ളവര്‍ യോഗ്യരല്ലെന്ന മന്ത്രി ജലീലിന്റെ വാദം പച്ചക്കള്ളം: പി കെ ഫിറോസ്‌

Published : 8th November 2018 | Posted By: kasim kzm

കോഴിക്കോട്: കേരള സ്‌റ്റേറ്റ് മൈനോരിറ്റി ഡവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷനിലെ ജനറല്‍ മാനേജര്‍ പോസ്റ്റിലേക്ക് അപേക്ഷിച്ചവര്‍ക്കു നിശ്ചിത യോഗ്യതയില്ലെന്ന മന്ത്രിയുടെ വാദം പച്ചക്കള്ളമാണെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. കേരള സ്‌റ്റേറ്റ് മൈനോരിറ്റി ഡവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്റെ കോഴിക്കോട് ചക്കോരത്തുകുളത്തുള്ള ഓഫിസില്‍ എത്തി വിവരാവകാശ നിയമപ്രകാരം രേഖകള്‍ പരിശോധിച്ചതിനു ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ യോഗ്യതയില്‍ ഇളവുവരുത്തിയും ഇന്‍ര്‍വ്യൂ നടത്താതെയും ബന്ധുവായ അദീബിനെ മന്ത്രി ജലീല്‍ നിയമവിരുദ്ധമായി ജനറല്‍ മാനേജര്‍ തസ്തികയിലേക്കു നിയമിച്ചതുമായി ബന്ധപ്പെട്ട രേഖകള്‍ യൂത്ത്‌ലീഗ് പുറത്തുവിട്ടപ്പോള്‍ ജലീല്‍ പറഞ്ഞ മറുപടിയാണ് ഇതോടെ പൊളിഞ്ഞത്. അപേക്ഷകരുടെ പേരും യോഗ്യതയും അടക്കമുള്ള കാര്യങ്ങള്‍ ഫിറോസ് മാധ്യമങ്ങള്‍ക്കു മുമ്പാകെ വെളിപ്പെടുത്തി. ഏഴ് അപേക്ഷകരില്‍ അഞ്ചു പേര്‍ക്ക് എംബിഎ വിദ്യാഭ്യാസ യോഗ്യതയും നിശ്ചിത പ്രവൃത്തി പരിചയവും ഉണ്ട്. നേരത്തെ നടത്തിയ ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത പി മോഹനന്‍ എസ്ബിഐയിലെ റീജ്യനല്‍ മാനേജര്‍ ആണ്.
വി എച്ച് റിജാസ് ഹരിത്ത് കെഎസ്എംഡിഎഫ്‌സി ഡെപ്യൂട്ടി മാനേജര്‍ ആണ്. ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത മൂന്നു പേരില്‍ രണ്ടു പേരും പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും നിശ്ചിത പ്രവൃത്തി പരിചയം ഉള്ളവരും ആണ്. ഇവരെ നിയമിച്ചിരുന്നുവെങ്കില്‍ സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത പോലും വരുമായിരുന്നില്ല. അപേക്ഷകരില്‍ ഒരാളായ സഹീര്‍ കാലടി 11 വര്‍ഷത്തെ പ്രവൃത്തി പരിചയം ഉള്ള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ മാല്‍ക്കോ ടെക്‌സിലെ മാനേജര്‍ ആണ്.
അപേക്ഷകരില്‍ ഒരാളായ വി ബാബു ഫിനാന്‍സ് ഡിപാര്‍ട്ട്‌മെന്റിലെ അണ്ടര്‍ സെക്രട്ടറിയായിരുന്നു. ഇദ്ദേഹത്തെ തഴഞ്ഞാണ് എംബിഎ പോലും ഇല്ലാത്ത അദീബിനെ നിയമിച്ചത്. ആവശ്യമായ എംബിഎക്കാര്‍ ഇല്ലാത്തതു കൊണ്ടാണ് ബിടെക്ക് കൂടി വിദ്യാഭ്യാസ യോഗ്യതയായി ചേര്‍ത്തതെന്ന മന്ത്രിയുടെ വാദവും ശുദ്ധ നുണയാണ്.
ഏഴു പേരില്‍ അഞ്ചുപേരും എംബിഎക്കാരാണെന്നിരിക്കെ ബിടെക്ക് കൂടി യോഗ്യതയായി ചേര്‍ത്തതു മന്ത്രി ബന്ധുവിനെ നിയമിക്കാനാണെന്നു വ്യക്തമാണ്. രേഖകള്‍ പരിശോധിച്ചു കൊണ്ടിരിക്കുന്നതിനിെട മാനേജിങ് ഡയറക്ടര്‍ക്ക് മുകളില്‍’ നിന്ന് വിളി വന്നതിനാല്‍ നിയമനവുമായി ബന്ധപ്പെട്ട മറ്റ് രേഖകള്‍ പരിശോധിക്കുന്നതിനു മാനേജിങ് ഡയറക്ടര്‍ അനുമതി നിഷേധിച്ചതായി ഫിറോസ് പറഞ്ഞു. കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നതോടെ മന്ത്രി രാജിവയ്ക്ക—ണമെന്നും ഇല്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കുമെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss