|    Nov 21 Wed, 2018 5:55 am
FLASH NEWS

ബന്ധുവീടുകളില്‍ അഭയം തേടിയവര്‍ക്കും സൗജന്യ റേഷന്‍: മന്ത്രി

Published : 12th August 2018 | Posted By: kasim kzm

മലപ്പുറം: ദുരിതാശ്വാസ ക്യാംപുകളിലല്ലാതെ ബന്ധുവീടുകളില്‍ അഭയം തേടിയവ ദുരിതബാധിതര്‍ക്കും സൗജന്യ റേഷന്‍ നല്‍കുമെന്ന് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. ദുരന്ത മേഖലയില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷം സംസാരിക്കുകകായിരുന്നു മന്ത്രി. വെള്ളപ്പൊക്കത്തില്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് തിരികെ നല്‍കുന്നതിനായി സെപ്റ്റംബര്‍ ഒന്ന് മുതല്‍ 10 വരെ പ്രത്യേക ക്യാംപ് നടത്തും. പാഠപുസ്തകം നഷ്ടപ്പെട്ട കുട്ടികള്‍ക്ക് അവ സ്‌കൂളില്‍ എത്തിച്ച് നല്‍കുമെന്നും ആവശ്യമെങ്കില്‍ സ്‌കൂളില്‍ പോകുന്നതിന് ദുരിതാശ്വാസ ക്യാംപുകളില്‍ നിന്നും വാഹന സൗകര്യം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോകിപ്പിക്കുന്നതിനായി ഉന്നത ഉദ്യോഗസ്ഥരെ ഓരോ മണ്ഡലത്തിലും ചുമതലപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.
നിലമ്പൂരിലെ വിവിധ ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ച മന്ത്രി, ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യാഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം നിലമ്പൂരിലെ ചക്കാലക്കുത്ത് ദുരിതാശ്വാസ ക്യാംപിലാണ് മന്ത്രി ആദ്യം സന്ദര്‍ശനം നടത്തിയത്. തുടര്‍ന്ന് ഓരോ ക്യാംപുകളിലായി ആശ്വാസ വാക്കുകളുമായി മന്ത്രിയെത്തി. നിലമ്പൂര്‍ പൂച്ചപ്പാറയില്‍ വിള്ളലേറ്റ വീടുകളും മന്ത്രി സന്ദര്‍ശിച്ചു. പി വി അബ്ദുല്‍ വഹാബ് എംപി, പി വി അന്‍വര്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ അമിത് മീണ, ജില്ലാ പോലിസ് മേധാവി പ്രതീഷ് കുമാര്‍ എന്നിവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.വീടുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കൃഷിയിടങ്ങള്‍ എന്നിങ്ങനെ ഒരോ മേഖലകളിലെയും നാശനഷ്ടങ്ങള്‍ സംബന്ധിച്ച കൃത്യമായ പട്ടിക തയ്യാറാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തനത് ഫണ്ടില്‍ നിന്ന് ആവശ്യാനുസരണം തുക വിനിയോഗിക്കാന്‍ അനുമതി നല്‍കുന്ന പ്രത്യേകം ഉത്തരവിറക്കിയതായും മന്ത്രി അറിയിച്ചു.
ആറ് പേര്‍ മരിച്ച ചെട്ടിയാന്‍പാറ കോളനിയുടെ പുനരുദ്ധാരണത്തിന് പ്രത്യേക പാക്കേജ് പരിഗണയിലുള്ളതായും മന്ത്രി പറഞ്ഞു. ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘം പരിശോധന നടത്തും. പത്താം ക്ലാസ് , ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികളുടെ പരീക്ഷകള്‍ നടക്കേണ്ടതിനാല്‍ എരുമമുണ്ട നിര്‍മല ഹയര്‍സെക്കന്ററി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് എരഞ്ഞിമങ്ങാട് യത്തീംഖാനയിലേക്ക് മാറ്റാനും മന്ത്രി നിര്‍ദേശം നല്‍കി.
നിലമ്പൂര്‍ പൊതുമരാമത്ത് വിശ്രമ മന്ദിരത്തില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ എംഎല്‍എമാരായ പി വി അന്‍വര്‍, പി കെ ബഷീര്‍, എ പി അനില്‍ കുമാര്‍, അസിസ്റ്റന്റ് കലക്ടര്‍ വികല്‍പ് ഭരദ്വാജ്, ഡിഎംഒ ഡോ. കെ സക്കീന തുടങ്ങിയവര്‍ പങ്കെടുത്തു. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി മന്ത്രി കെ ടി ജലീല്‍ ഇന്നും നിലമ്പൂരില്‍ സന്ദര്‍ശനം നടത്തും.
‘ആരോപണത്തിന്
മറുപടിയില്ല’
നിലമ്പൂര്‍: മലയോര മേഖലയില്‍ കനത്ത മഴ ദുരിതം വിതച്ച സാഹചര്യത്തില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളില്‍ സര്‍ക്കാര്‍ സഹായം ലഭ്യമാകുന്നില്ലെന്ന ആരോപണത്തിന് മറുപടി പറയുന്നില്ലെന്ന് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു ‘ നിലമ്പൂരില്‍ വിളിച്ചു ചേര്‍ത്ത ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി ‘ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ചു ദുരന്ത മേഖലകള്‍ സന്ദര്‍ശിക്കുന്നതു തന്നെ കേരളത്തില്‍ ആദ്യമായാണ്. നിലമ്പൂര്‍ മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായ ചെട്ടിയാംപാറക്കായി പ്രത്യേക പാക്കേജ് എന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കും.
ദുരിത ബാധിതര്‍ക്കായി സൗജന്യ റേഷന്‍ വിതരണം ഉടന്‍ തുടങ്ങും. തനത് ഫണ്ടില്ലാത്ത പഞ്ചായത്തുകള്‍ക്ക് 3 ലക്ഷം രൂപ വീതം നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss