|    Nov 19 Mon, 2018 2:40 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ബന്ധുവിനെ നിയമിച്ചത് യോഗ്യരായവരെ കിട്ടാത്തതിനാല്‍

Published : 5th November 2018 | Posted By: kasim kzm

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിനു വിശദീകരണവുമായി മന്ത്രി കെ ടി ജലീല്‍. തസ്തികയിലേക്ക് യോഗ്യരായവരെ കിട്ടാത്തതിനാലാണ് സര്‍ക്കാര്‍ ഡെപ്യൂട്ടേഷനില്‍ നിയമനം നടത്തിയതെന്ന് ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍ കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കാന്‍ തുടങ്ങിയതാണ് ഇപ്പോഴുള്ള ആരോപണത്തിനു കാരണമെന്നും ജലീല്‍ അവകാശപ്പെട്ടു. വായ്പകള്‍ എടുത്തിരിക്കുന്നവരില്‍ ഭൂരിപക്ഷവും മുസ്‌ലിംലീഗ് പ്രവര്‍ത്തകരാണ്. ലീഗ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ വായ്പയെടുത്ത് തിരിച്ചടയ്ക്കുന്നില്ലെന്നും ജലീല്‍ ആരോപിച്ചു.
പ്രധാനപ്പെട്ട എല്ലാ പത്രങ്ങളിലും വാര്‍ത്തകള്‍ നല്‍കിയാണ് ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജറെ നിയമിച്ചത്. യോഗ്യതയുണ്ടായിട്ടും തഴയപ്പെട്ടവരല്ല പരാതിക്കാര്‍. ഏഴു പേരാണ് അപേക്ഷ നല്‍കിയത്. ഇതില്‍ മൂന്നു പേരാണ് അഭിമുഖത്തിന് എത്തിയത്. ഇവര്‍ക്കാര്‍ക്കും യോഗ്യതയില്ലാത്തതിനാല്‍ സര്‍ക്കാര്‍ ഡെപ്യൂട്ടേഷന്‍ നിയമനത്തിലേക്ക് നീങ്ങുകയായിരുന്നു. കെഎസ്എസ്ആര്‍ 1958-9-ബി വകുപ്പ് പ്രകാരമാണ് ഡെപ്യൂട്ടേഷന്‍ നിയമനം നടത്തിയതെന്നും ജലീല്‍ വ്യക്തമാക്കി.
ബന്ധുവിനു വേണ്ടി യോഗ്യതയില്‍ ഇളവ് വരുത്തിയെന്ന ആരോപണം തെറ്റാണ്. ബിടെക് യോഗ്യതയുള്ളവര്‍ ബാങ്കിങ് മേഖലയില്‍ സാധാരണമാണ്. കൂടുതല്‍ ആളുകള്‍ക്ക് അവസരം നല്‍കാനാണ് യോഗ്യതയില്‍ മാറ്റം വരുത്തിയത്. ഫിനാന്‍സ് കോര്‍പറേഷന്റെ ജിഎം ഒരു ഷെഡ്യൂള്‍ഡ് ബാങ്ക് ജീവനക്കാരനാണ്. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഷെഡ്യൂള്‍ഡ് ബാങ്കാണ്. മുമ്പും ധനകാര്യ കോര്‍പറേഷനുകളില്‍ ഇത്തരത്തില്‍ നിയമനം നടത്തിയിട്ടുണ്ട്. ബാങ്കില്‍ ലഭിക്കുന്ന പല അലവന്‍സുകളും ഡെപ്യൂട്ടേഷനില്‍ ലഭിക്കില്ല. അതിനാലാണ് ബാങ്ക് ജീവനക്കാര്‍ ഈ പോസ്റ്റില്‍ ഡെപ്യൂട്ടേഷനില്‍ വരാന്‍ തയ്യാറാവാത്തത്. ഏതെങ്കിലും ഒരാളുമായി അകന്ന ബന്ധമുണ്ടെന്ന കാരണത്താല്‍ അവസരം നിഷേധിക്കുന്നതു തെറ്റാണ്. നിയമനത്തിന്റെ ഒരു ഘട്ടത്തിലും താന്‍ നേരിട്ട് ഇടപെട്ടിട്ടില്ല. കമ്പനി സെക്രട്ടറിയും കോര്‍പറേഷന്‍ വിട്ടുപോയ ഘട്ടത്തിലാണ് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ബന്ധു കെ ടി അദീബിനെ നിയമിച്ചതെന്നും കെ ടി ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss