|    Nov 21 Wed, 2018 5:56 pm
FLASH NEWS
Home   >  Editpage  >  Editorial  >  

ബന്ധുനിയമന വിവാദം വീണ്ടും

Published : 7th November 2018 | Posted By: kasim kzm

മറ്റൊരു ബന്ധുനിയമന വിവാദക്കുരുക്കില്‍ കൂടി അകപ്പെട്ടിരിക്കുകയാണ് ഇടതുമുന്നണി സര്‍ക്കാര്‍. സ്വന്തം ബന്ധുവിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജര്‍സ്ഥാനത്തു നിയമിച്ചതില്‍ യാതൊരു ചട്ടലംഘനവും അധാര്‍മികതയുമില്ലെന്ന് ആവര്‍ത്തിച്ചുപറയുന്നു മന്ത്രി കെ ടി ജലീല്‍. ഈ നിയമനത്തിനെതിരില്‍ മുസ്‌ലിം യൂത്ത്‌ലീഗും യുഡിഎഫും രംഗത്തുവന്നത് ലീഗുകാരുടെ ശുപാര്‍ശയില്‍ കൊടുത്ത വായ്പ തിരിച്ചുപിടിക്കാന്‍ തുടങ്ങിയതുമൂലമാണെന്ന എതിര്‍വാദവും ഉന്നയിക്കുന്നു മന്ത്രി. എന്നാല്‍ ഒന്നുണ്ട്- അടുത്ത ബന്ധുവിനെ ഒരു സ്വകാര്യ ബാങ്കിലെ സീനിയര്‍ മാനേജര്‍ തസ്തികയില്‍ നിന്ന് ക്ഷണിച്ചുകൊണ്ടുവന്ന് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍, ഒരു സംസ്ഥാന സംവിധാനത്തിനു കീഴില്‍ ഉന്നതസ്ഥാനത്ത് കുടിയിരുത്തിയിരിക്കുന്നു മന്ത്രി. ഈ നിയമനത്തില്‍ കാര്യങ്ങള്‍ നടന്നിട്ടുള്ളത് കുറ്റമറ്റ രീതിയിലല്ല. മന്ത്രി ജലീലിന്റെ വിശദീകരണങ്ങള്‍ വച്ചു ചിന്തിച്ചാല്‍തന്നെയും പണ്ട് ഇ പി ജയരാജന്റെ ബന്ധുവിനെ നിയമിച്ചപ്പോഴുണ്ടായതിനു സമാനമോ അതില്‍ കൂടുതലായോ ഉള്ള വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട്. രാഷ്ട്രീയവിരോധം എന്നൊന്നും പറഞ്ഞ് മറച്ചുവയ്ക്കാവുന്നവയല്ല അവ.
ഇതോടൊപ്പം മറ്റൊരു കാര്യം കൂടി പറയേണ്ടതുണ്ട്. ഇ പി ജയരാജന്റെയും ജലീലിന്റെയും മുന്‍കൈയില്‍ നടന്നിട്ടുള്ള ബന്ധുനിയമനങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളല്ല. സാധാരണനിലയ്ക്ക് ആളുകള്‍ക്കു ജോലി കിട്ടാറുള്ളത് ബന്ധപ്പെട്ട സ്ഥാപനങ്ങളോ പിഎസ്‌സി പോലെയുള്ള റിക്രൂട്ട്‌മെന്റ് ഏജന്‍സികളോ നടത്തുന്ന സുതാര്യമായ നിയമന പ്രക്രിയകളിലൂടെയാണ്. എഴുത്തുപരീക്ഷ, ഇന്റര്‍വ്യൂ തുടങ്ങിയ കടമ്പകളൊക്കെയുണ്ടാവും. അവിടെയും സ്വാധീനവും സ്വജനപക്ഷപാതവും അഴിമതിയുമുണ്ടാവാം. എങ്കിലും നിയമനങ്ങള്‍ക്കെല്ലാം ഒരു പരിധിവരെ ‘വ്യവസ്ഥയും വെള്ളിയാഴ്ചയു’മുണ്ട്. അതേസമയം, മിക്കപ്പോഴും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കോര്‍പറേഷനുകളിലും ബോര്‍ഡുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമെല്ലാം പിന്‍വാതില്‍ നിയമനങ്ങളാണ് നടക്കാറുള്ളത്. മന്ത്രിമാരും എംഎല്‍എമാരും രാഷ്ട്രീയക്കാരും മറ്റും സ്വന്തക്കാരെ കുടിയിരുത്തുന്നത് അവിടെ നിത്യസംഭവമാണ്. അഥവാ, അത്തരം അവിഹിതനിയമനങ്ങള്‍ക്കു വേണ്ടിയുള്ളവപോലുമാണ് ഇത്തരം സ്ഥാപനങ്ങളിലെ ജോലിയൊഴിവുകള്‍. രാഷ്ട്രീയക്കാരാരും അതില്‍ നിന്ന് ഒഴിവല്ല. ഇപ്പോള്‍ മഞ്ഞുമലയുടെ ഒരറ്റം മാത്രമേ പുറത്തുവന്നിട്ടുള്ളൂ. സര്‍ക്കാര്‍ കോര്‍പറേഷനുകളിലെയും ബോര്‍ഡുകളിലെയും നിയമനങ്ങളെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തിയാല്‍ ഒരുപാട് അഴിമതിക്കഥകള്‍ പുറത്തുവരും; കുളിമുറിയില്‍ എല്ലാവരും നഗ്നരാണെന്നു തെളിയുകയും ചെയ്യും.
ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ള ആരോപണങ്ങള്‍ക്കു മന്ത്രി കെ ടി ജലീല്‍ പറയുന്ന മറുപടികള്‍ യുക്തിഭദ്രമോ വിശ്വസനീയമോ അല്ല. അദ്ദേഹം ഒരു കാര്യം മാത്രം ഓര്‍ത്താല്‍ മതി: സീസറുടെ ഭാര്യ വിശ്വസ്തയായിരുന്നാല്‍ പോരാ, വിശ്വസ്തയാണെന്ന് ജനങ്ങള്‍ക്കു തോന്നുകയും വേണം. അങ്ങനെ തോന്നുന്നുണ്ടോ എന്ന് മന്ത്രി സ്വയം നെഞ്ചില്‍ കൈവച്ചൊന്ന് ആലോചിക്കട്ടെ.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss