|    Sep 20 Wed, 2017 8:10 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ബന്ധുനിയമന വിവാദം: വിജിലന്‍സ് നിയമവശം പരിശോധിക്കും; കുരുക്ക് മുറുകുന്നു

Published : 10th October 2016 | Posted By: SMR

തിരുവനന്തപുരം: വ്യവസായ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളുടെ തലപ്പത്തെ വിവാദ നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി ഇ പി ജയരാജനെതിരായ കുരുക്ക് മുറുകുന്നു. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷവും ബിജെപിയും പരാതി നല്‍കിയ സാഹചര്യത്തില്‍ നിയമവശം പരിശോധിക്കും. ഇതിന്റെ ഭാഗമായി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഇന്നോ നാളെയോ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.
നിയമനം റദ്ദാക്കിയ സാഹചര്യത്തില്‍ കേസിന്റെ കാര്യം പരിശോധിച്ച് വ്യക്തത വരുത്താനായി നിയമോപദേശം തേടാനാണു തീരുമാനം. ഇതിനുശേഷമാവും തുടര്‍നടപടി. വിവാദ നിയമനം റദ്ദാക്കിയെങ്കിലും അഴിമതി, സ്വജനപക്ഷപാതം എന്നിവ പ്രകാരം കേസ് നിലനില്‍ക്കുമെന്നാണ് നിയമവിദഗ്ധരുടെ വാദം. മാത്രമല്ല, യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്തെ വിവാദ ഉത്തരവുകള്‍ പിന്‍വലിച്ചിട്ടും നിയമനടപടികളുമായി മുന്നോട്ടുപോവാന്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഈ വിഷയത്തില്‍ സര്‍ക്കാരിന് മലക്കംമറിയാനാവില്ല.
അതിനിടെ, ആശ്രിതനിയമന വിവാദത്തില്‍ സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കി ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദനും രംഗത്തെത്തി. ഇക്കാര്യത്തില്‍ ഗൗരവമായ അന്വേഷണം വേണമെന്ന് കുമാരപുരത്ത് സ്വകാര്യ കണ്ണാശുപത്രിയുടെ നേത്രപരിശോധനാ ക്യാംപ് ഉദ്ഘാടനം ചെയ്യാനെത്തിയ വിഎസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മാതൃകാപരമായ നടപടി സ്വീകരിക്കുമെന്നാണ് തന്റെ വിശ്വാസം. വിവാദം സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചെന്ന കാര്യത്തില്‍ സംശയമില്ല. വിവാദം സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയോ എന്ന ചോദ്യത്തിന് സംശയമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
സിപിഎമ്മിന്റെ പ്രാദേശികഘടകങ്ങളില്‍നിന്ന് പരാതി ഉയരുകയും 14ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയം ചര്‍ച്ചചെയ്യാനുമിരിക്കെയാണ് വിഎസിന്റെ പ്രതികരണം.
വിഷയത്തില്‍ സര്‍ക്കാരിനെതിരേ നിലപാട് കടുപ്പിച്ച് പ്രതിപക്ഷവും രംഗത്തെത്തി. ഭരണഘടനയെയും ജനങ്ങളെയും പരസ്യമായി വെല്ലുവിളിച്ച് ബന്ധുനിയമനം നടത്തിയ മന്ത്രി ഇ പി ജയരാജനെ മന്ത്രിസഭയില്‍നിന്നു പുറത്താക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ആവശ്യപ്പെട്ടു. സത്യപ്രതിജ്ഞാലംഘനവും സ്വജനപക്ഷപാതവും അഴിമതിയും നഗ്‌നമായി നടന്നിരിക്കുകയാണ്. പാര്‍ട്ടിയുടെ ആഭ്യന്തരപ്രശ്‌നമോ വ്യക്തികള്‍ തമ്മിലുള്ള പ്രശ്‌നമോ ആയി ഇതിനെ കാണാനാവില്ല. മുഖ്യമന്ത്രിയുടെ ശാസനയോ പാര്‍ട്ടിയുടെ പരിശോധനയോ നടത്തി ഈ പ്രശ്‌നം ഒതുക്കിത്തീര്‍ക്കാനാവില്ല. അധികാരദുര്‍വിനിയോഗത്തിന്റെ പ്രകടരൂപമാണ് ഇതെന്നതിനാല്‍ മന്ത്രി ഇ പി ജയരാജന് ആ പദവിയില്‍ ഒരുനിമിഷം പോലും തുടരാന്‍ യോഗ്യതയില്ല. അതിനാല്‍, ജയരാജനെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം.
മുഖ്യമന്ത്രി അറിയാതെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഒരു പ്രധാന നിയമനവും നടക്കുമെന്ന് ആരും വിശ്വസിക്കില്ല. എന്തെങ്കിലും പൊടിക്കൈ പ്രയോഗിച്ച് തല്‍സ്ഥാനത്ത് വ്യവസായമന്ത്രിയെ നിലനിര്‍ത്താനുള്ള മുഖ്യമന്ത്രിയുടെ ശ്രമം വിലപ്പോവില്ലെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, ആശ്രിതനിയമനത്തിനെതിരേ കോടതിയെ സമീപിക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചു. ജയരാജനെതിരേ നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതായി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൂജ അവധി കഴിഞ്ഞ് കോടതി തുറക്കുന്ന അന്നുതന്നെ പരാതി നല്‍കും.
പാര്‍ട്ടി അറിയാതെയാണ് ഇത്തരം കാര്യങ്ങള്‍ നടക്കുന്നതെന്ന വാദം പി കെ ശ്രീമതിയുടെ വെളിപ്പെടുത്തലോടെ പൊളിഞ്ഞു. പാര്‍ട്ടി നിര്‍ദേശപ്രകാരമാണ് മരുമകളെ സ്റ്റാഫായി നിയമിച്ചതെന്ന് ശ്രീമതി തുറന്നുപറഞ്ഞതോടെ അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായ പിണറായി വിജയന്‍ മറുപടി പറയേണ്ട സാഹചര്യമാണെന്നും എം ടി രമേശ് കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക