|    Oct 19 Thu, 2017 12:11 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ബന്ധുനിയമന വിവാദം ജയരാജന്റെ കാര്യത്തില്‍ ഇന്നു തീരുമാനംഹനീഫ എടക്കാട്

Published : 14th October 2016 | Posted By: SMR

തിരുവനന്തപുരം: ബന്ധുനിയമന വിവാദക്കുരുക്കില്‍ അകപ്പെട്ട ഇ പി ജയരാജന്റെ മന്ത്രിപദവിയില്‍ ഇന്നു തീരുമാനമാവും. കേന്ദ്രനേതാക്കള്‍ നടപടി വേണമെന്ന് ആവശ്യപ്പെടുകയും പാര്‍ട്ടിയിലും മുന്നണിയിലും ജയരാജന്‍ ഒറ്റപ്പെടുകയും ചെയ്ത പശ്ചാത്തലത്തില്‍ ഇന്നു നടക്കുന്ന നിര്‍ണായക സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇതുസംബന്ധമായ തീരുമാനമുണ്ടാവും.
വിജിലന്‍സ് അന്വേഷണം ഉറപ്പായിരിക്കെ ജയരാജനെതിരേ എന്തു നടപടിയെടുക്കണമെന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ശ്രമമാരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് അംഗങ്ങളുമായി കോടിയേരി ആശയവിനിമയം നടത്തി. മുഖ്യമന്ത്രിയുമായും കോടിയേരി എകെജി സെന്ററില്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
അതിനിടെ മന്ത്രിസ്ഥാനത്തു നിന്ന് മാറാനുള്ള സന്നദ്ധത ഇ പി ജയരാജന്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ഇരുവരും തമ്മില്‍ രണ്ടുവട്ടം കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്നാണ് പാര്‍ട്ടിയെയും മുന്നണിയെയും പ്രതിസന്ധിയിലാക്കി മന്ത്രിസ്ഥാനത്ത് തുടരാനില്ലെന്നും തന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്നു ബോധ്യപ്പെട്ടതായും മന്ത്രി പാര്‍ട്ടിയെ അറിയിച്ചത്. മന്ത്രിസ്ഥാനത്തുനിന്ന് സ്വയമൊഴിഞ്ഞാലും പാര്‍ട്ടി നടപടിക്കു ജയരാജന്‍ വിധേയമാവേണ്ടിവരുമെന്നാണ് അറിയുന്നത്.
ബന്ധുനിയമനത്തില്‍ സര്‍ക്കാരിന് ധനനഷ്ടം സംഭവിച്ചിട്ടൊന്നുമില്ലെങ്കിലും സ്വജനപക്ഷപാതം നടന്നുവെന്ന് വ്യക്തമായിട്ടുണ്ട്. സ്വജനപക്ഷപാതം അഴിമതിതന്നെയാണെന്നാണ് പാര്‍ട്ടി നിലപാട്. പാലക്കാട് പ്ലീനത്തിലടക്കം ഇതു വ്യക്തമാക്കിയതുമാണ്. വ്യവസായവകുപ്പ് ഒഴിവാക്കി മന്ത്രിയായി തുടരുന്നതിന് അനുവദിക്കാന്‍ കഴിയുമോയെന്നും പാര്‍ട്ടി പരിശോധിക്കുന്നുണ്ട്.
പ്രതിപക്ഷത്തിന്റെ ആവശ്യം കണക്കിലെടുത്തും വിജിലന്‍സിന്റെ പ്രാഥമികാന്വേഷണം മാത്രം പരിഗണിച്ചും മന്ത്രിസ്ഥാനത്തുനിന്ന് നീക്കുന്നതില്‍ ഭിന്നാഭിപ്രായമാണ് നേതാക്കള്‍ക്കുള്ളത്. വിജിലന്‍സിന്റെ പ്രാഥമികാന്വേഷണം മാത്രം മുഖവിലയ്‌ക്കെടുത്ത് മന്ത്രിസ്ഥാനം രാജിവച്ചാല്‍ വരുംകാലത്തും ഇതേ കീഴ്‌വഴക്കം തുടരേണ്ടിവരുമെന്നാണ് ഇതിന് ന്യായമായി പറയുന്നത്.
മുന്‍സര്‍ക്കാരിന്റെ കാലത്ത് നിരവധി മന്ത്രിമാര്‍ക്കെതിരേ വിജിലന്‍സ് ത്വരിതാന്വേഷണവും പ്രാഥമികാന്വേഷണവുമൊക്കെ നടന്നപ്പോഴും അവരൊന്നും രാജിവച്ചില്ലെന്നും ഇവര്‍ വാദിക്കുന്നു. അന്വേഷണ റിപോര്‍ട്ട് അനുകൂലമാണെങ്കില്‍ വ്യവസായവകുപ്പില്‍ തിരികെ പ്രവേശിപ്പിക്കാനുള്ള സാധ്യതയും പാര്‍ട്ടി പരിശോധിക്കും. ഏതുതരം അച്ചടക്കനടപടിയായിരിക്കും നല്‍കുകയെന്നതാണ് സെക്രട്ടേറിയറ്റ് യോഗത്തെ നിര്‍ണായകമാക്കുന്നത്. സെക്രട്ടേറിയറ്റ് തീരുമാനത്തിന് കേന്ദ്രം കൂടി അംഗീകാരം നല്‍കേണ്ടതുണ്ട്.
ധാര്‍മികത മുന്‍നിര്‍ത്തി മന്ത്രിസ്ഥാനത്ത് തുടരാന്‍ പാടില്ലെന്നും ചില നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്. ഘടകകക്ഷികളായ സിപിഐക്കും എന്‍സിപിക്കുമൊക്കെ നടപടി വേണമെന്ന കാര്യത്തില്‍ ഏകാഭിപ്രായമാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക