|    Jun 20 Wed, 2018 11:30 am
Home   >  Todays Paper  >  Page 1  >  

ബന്ധുനിയമന വിവാദം; ജയരാജന്‍ രാജിവച്ചു

Published : 15th October 2016 | Posted By: SMR

തിരുവനന്തപുരം: ബന്ധുനിയമന വിവാദക്കുരുക്കില്‍ അകപ്പെട്ട ഇ പി ജയരാജന്‍ മന്ത്രിസ്ഥാനം രാജിവച്ചു. ഇന്നലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന സെക്രട്ടേറിയറ്റ് യോഗത്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു രാജി. അതേസമയം, തെറ്റ് ഏറ്റുപറഞ്ഞ് രാജിവയ്ക്കാനുള്ള ജയരാജന്റെ തീരുമാനത്തിന് സെക്രട്ടേറിയറ്റ് അനുമതി നല്‍കുകയായിരുന്നുവെന്ന് സെക്രട്ടറി കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വൈകീട്ടോടെ മുഖ്യമന്ത്രിക്ക് ലഭിച്ച രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി. രാജി ഗവര്‍ണര്‍ സ്വീകരിച്ചു. നിയമനവിവാദം പുറത്തായതിന്റെ ഒമ്പതാം ദിവസത്തിലും മന്ത്രിസഭ അധികാരമേറ്റതിന്റെ 142ാം ദിവസത്തിലുമാണ് ജയരാജന്റെ രാജി. വ്യവസായവകുപ്പും കായികവകുപ്പും മുഖ്യമന്ത്രി തന്നെ ഏറ്റെടുക്കും.
വ്യവസായവകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനത്തില്‍ ബന്ധുക്കളെ നിയമിച്ചതിനെ തുടര്‍ന്ന് വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിക്കുകയും ഇ പി ജയരാജനെതിരേ നടപടി വേണമെന്ന് കേന്ദ്രനേതാക്കള്‍ വ്യക്തമാക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ രാജിയാണ് അഭികാമ്യമെന്ന നിലപാടില്‍ സെക്രട്ടേറിയറ്റ് എത്തുകയായിരുന്നു. ഘടകകക്ഷി പാര്‍ട്ടികള്‍ നടപടി പരസ്യമായി ആവശ്യപ്പെട്ടതും ജയരാജനു വിനയായി.
ഇന്നലെ രാവിലെ ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ മന്ത്രിമാരായ മുതിര്‍ന്ന നേതാക്കളെല്ലാം ജയരാജന്റെ ചെയ്തികളെ രൂക്ഷമായി വിമര്‍ശിച്ചു. മന്ത്രി എ കെ ബാലന്‍, എളമരം കരീം, പി കെ ഗുരുദാസന്‍ തുടങ്ങിയവര്‍ മന്ത്രിയുടെ നടപടി സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും പ്രതിച്ഛായക്ക് മങ്ങലേല്‍പിച്ചെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ടു. പി കെ ശ്രീമതി എംപിയും വിമര്‍ശനത്തിനു വിധേയയായി. ജയരാജന്റെ നടപടികള്‍ പാര്‍ട്ടിക്ക് അപമാനമായെന്നുവരെ ചിലര്‍ തുറന്നടിച്ചു. ഇവരുടെ നിലപാടിനു മുഖ്യമന്ത്രിയുടെ പൂര്‍ണ പിന്തുണയും ലഭിച്ചു. നിയമനക്കാര്യത്തില്‍ തെറ്റു പറ്റിയതായും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി മന്ത്രിസ്ഥാനത്ത് കടിച്ചുതൂങ്ങാനില്ലെന്നും ജയരാജന്‍ യോഗത്തെ അറിയിച്ചു.
രാവിലെ സെക്രട്ടേറിയറ്റ് യോഗത്തിനു മുമ്പേ പേരൂര്‍ക്കട സ്‌റ്റേറ്റ് ആംഡ് പോലിസ് ഗ്രൗണ്ടില്‍ നടന്ന പാസിങ്ഔട്ട് പരിപാടിയില്‍ അഴിമതിക്കെതിരേയുള്ള തന്റെ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നും വേലി തന്നെ വിളവു തിന്നാന്‍ അനുവദിക്കില്ലെന്നും ചടങ്ങില്‍ ആഞ്ഞടിച്ച ശേഷമാണ് പിണറായി സെക്രട്ടേറിയറ്റ് യോഗത്തിനെത്തിയത്. പിണറായിയുടെ ഈ നിലപാട് വ്യക്തമാക്കലോടെത്തന്നെ ഇപിയുടെ മന്ത്രിപദവിയുടെ കാര്യത്തിലും തീരുമാനമായിരുന്നു. സെക്രട്ടേറിയറ്റ് യോഗത്തില്‍ ഒറ്റപ്പെട്ടതോടെയാണ് രാജിവയ്ക്കാനുള്ള തീരുമാനം ജയരാജന്‍ അറിയിച്ചത്.
തെറ്റ് ഏറ്റുപറയുകയും രാജിവയ്‌ക്കേണ്ടിവരുകയും ചെയ്തതോടെ ഇ പി ജയരാജനെതിരേ സംഘടനാ നടപടിയും ഉറപ്പായി. കേന്ദ്രകമ്മിറ്റിയായിരിക്കും ഇതുസംബന്ധിച്ച തീരുമാനമെടുക്കുക. നിയമനവിവാദം കത്തിനില്‍ക്കെത്തന്നെ സിപിഎം സെക്രട്ടേറിയറ്റ് അംഗവും മന്ത്രിയുമായ എ കെ ബാലന്‍, എന്‍സിപി മന്ത്രി എ കെ ശശീന്ദ്രന്‍ എന്നിവര്‍ക്കു പുറമേ സിപിഐ നേതാക്കളും ജയരാജനെതിരേ നടപടി ആവശ്യപ്പെട്ടിരുന്നു. ഇതൊക്കെ മറികടന്നും ധാര്‍മികത വകവയ്ക്കാതെയും മറിച്ചൊരു തീരുമാനമെടുക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു പാര്‍ട്ടിക്കും സെക്രട്ടേറിയറ്റിനും. ഇത്തരമൊരു നിര്‍ബന്ധിതാവസ്ഥയിലാണ് രാജിയല്ലാതെ മറ്റൊരു വഴിയില്ലെന്ന തീരുമാനത്തില്‍ സെക്രട്ടേറിയറ്റ് എത്തിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss