|    Jul 18 Wed, 2018 1:09 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ബന്ധുനിയമന വിവാദം : ഇ പി ജയരാജന് ക്ലീന്‍ചിറ്റ്

Published : 26th September 2017 | Posted By: fsq

 

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മുന്‍ മന്ത്രി ഇ പി ജയരാജനെ കുറ്റവിമുക്തനാക്കുന്ന റിപോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബഹ്‌റയ്ക്ക് കൈമാറി. ജയരാജന് ക്ലീന്‍ചിറ്റ് നല്‍കുന്ന റിപോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് എസ്പി കെ ജയകുമാറാണ് സമര്‍പ്പിച്ചത്. കേസ് നിയമപരമായി നിലനില്‍ക്കില്ലെന്ന നിയമോപദേശത്തെ തുടര്‍ന്നു നടപടിക്രമങ്ങള്‍ അവസാനിപ്പിക്കാനുള്ള അനുമതി തേടിയാണ് അന്വേഷണ സംഘം റിപോര്‍ട്ട് നല്‍കിയത്. ഡയറക്ടറുടെ പരിശോധനയ്ക്കു ശേഷം ജയരാജനെ കുറ്റവിമുക്തനാക്കിയുള്ള റിപോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. തെളിവില്ലാത്തതിനാല്‍ കേസ് അവസാനിപ്പിക്കാമെന്നു വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ സി സി അഗസ്റ്റിന്‍ നേരത്തെ നിയമോപദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് അന്വേഷണം അവസാനിപ്പിക്കാന്‍ ധാരണയായിരുന്നു. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടിക്രമമെന്ന നിലയിലാണ് റിപോര്‍ട്ട് കൈമാറിയത്. 2016 ഒക്ടോബറിലാണു കേസിനാസ്പദമായ സംഭവം നടന്നത്. അന്നു വ്യവസായ മന്ത്രിയായിരുന്ന ഇ പി ജയരാജന്റെ ബന്ധുവും പി കെ ശ്രീമതി എംപിയുടെ മകനുമായ പി കെ സുധീര്‍ നമ്പ്യാരെ കേരള സ്‌റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസില്‍ എംഡിയായി നിയമിച്ച ഉത്തരവാണു വിവാദമായത്. സ്വജനപക്ഷപാതം, അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്നു പറഞ്ഞാണ് ബന്ധുനിയമനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ അന്വേഷണത്തില്‍ ജയരാജനെതിരായി തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന കാര്യം എടുത്തുപറഞ്ഞാണ് കേസ് അവസാനിപ്പിക്കാന്‍ വിജിലന്‍സിന് നിയമോപദേശം ലഭിച്ചത്. ജയരാജന്‍ കുറ്റക്കാരനല്ലെന്നു വിജിലന്‍സ് നേരത്തെ തന്നെ ഹൈക്കോടതിയില്‍ റിപോര്‍ട്ട് നല്‍കിയിരുന്നു. ഹൈക്കോടതിയുടെ നിര്‍ദേശമനുസരിച്ചാണു നിയമോപദേശമടക്കമുള്ള നടപടിക്രമങ്ങളിലേക്ക് അന്വേഷണ സംഘം കടന്നത്. ഡയറക്ടര്‍ അംഗീകരിച്ച റിപോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുന്നതോടെ ഇ പി ജയരാജന്‍ പൂര്‍ണമായി കുറ്റവിമുക്തനാവും. അതേസമയം വിജിലന്‍സ് കേസ് നിലനില്‍ക്കില്ലെങ്കില്‍ ഇക്കാര്യം വ്യക്തതയോടെ അറിയിക്കണമെന്നു ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കി. കേസ് നിലനില്‍ക്കില്ലെന്നാണു തോന്നുന്നതെന്നു ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കിയ വിശദീകരണത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ സിംഗിള്‍ബെഞ്ച് വ്യക്തതയോടെ ഇക്കാര്യം അറിയിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനോട് തന്നെ നിര്‍ദേശിക്കുകയായിരുന്നു. കേസ് അനാവശ്യമാണെന്നും റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണു ജയരാജന്‍ ഹരജി നല്‍കിയത്. ഇതിനിടെയാണു രേഖകളും വസ്തുതകളും പരിശോധിച്ചതില്‍ നിന്നു പ്രോസിക്യൂട്ടറുമായി ചര്‍ച്ച ചെയ്തതിലൂടെയും കേസ് നിലനില്‍ക്കുന്നതല്ലെന്നാണു തോന്നുന്നതെന്നു ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥന്‍ വിശദീകരണം നല്‍കിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss