|    Nov 18 Sun, 2018 1:52 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ബന്ധുനിയമനത്തില്‍ കുരുങ്ങി മന്ത്രി ജലീല്‍; രാജി തേടി പ്രതിപക്ഷം

Published : 4th November 2018 | Posted By: kasim kzm

തിരുവനന്തപുരം: യോഗ്യത ഭേദഗതി ചെയ്ത് ബന്ധുവിന് നിയമനം തരപ്പെടുത്തിയെന്ന ആരോപണത്തില്‍ മന്ത്രി കെ ടി ജലീലിനെതിരേ പ്രതിഷേധം ശക്തമായി. സംഭവം വിശദീകരിച്ച ജലീല്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് കൂടുതല്‍ കുരുക്കായി. ആരോപണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മന്ത്രി കെ ടി ജലീല്‍ പിതൃസഹോദരപുത്രന് സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി വിദ്യാഭ്യാസ യോഗ്യതയില്‍ മാറ്റം വരുത്തി നിയമനം നല്‍കിയെന്ന ഗുരുതരമായ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്.
കോര്‍പറേഷനിലെ ജനറല്‍ മാനേജര്‍ തസ്തികയ്ക്ക് ബിരുദത്തിനൊപ്പം എംബിഎ (മാര്‍ക്കറ്റിങ് ഫിനാന്‍സ്), സിഎ, സിഎസ്, ഐസിഡബ്ല്യൂഎ എന്നിവയില്‍ ഏതെങ്കിലും ഒന്ന് വേണമെന്നാണ് 2013ലെ സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍, 2016 ആഗസ്തില്‍ യോഗ്യതയില്‍ മാറ്റം വരുത്തി. ബിടെകിനൊപ്പം ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ പിജി ഡിപ്ലോമ എന്ന യോഗ്യതയും കൂട്ടിച്ചേര്‍ത്തു. എന്‍ജിനീയറിങ് ബിരുദധാരിയായ ബന്ധുവിന് നിയമനം നല്‍കാനാണിത് എന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
മാത്രമല്ല, ഇതുസംബന്ധിച്ച് മന്ത്രി കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റും സംശയം ഉണര്‍ത്തുന്നതാണ്. 2016ല്‍ നടന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുത്തവരില്‍ യോഗ്യതയുള്ളവര്‍ ഇല്ലാതിരുന്നതിനാല്‍ 2018ല്‍ ബന്ധുവിനെ നിര്‍ബന്ധപൂര്‍വം ക്ഷണിച്ചുവരുത്തി ഡെപ്യൂട്ടേഷനില്‍ നിയമനം നല്‍കുകയായിരുന്നു എന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ മന്ത്രി പറയുന്നത്. കുറ്റസമ്മതമായി ഇതിനെ കാണേണ്ടിവരും. അതിനാല്‍, ഇതിനെക്കുറിച്ചെല്ലാം വിശദമായ അന്വേഷണം നടത്തണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കുറ്റസമ്മതം നടത്തിയ ജലീലിനെ മാറ്റിനിര്‍ത്തി അന്വേഷണം പ്രഖ്യാപിക്കണമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. നഗ്നമായ സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവുമാണ് നടന്നിരിക്കുന്നത്. അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കില്‍ നിയമപരവും രാഷ്ട്രീയവുമായ പോരാട്ടം ഉണ്ടാവും. ന്യൂനപക്ഷ കോര്‍പറേഷനില്‍ ബന്ധുവിനു നിയമനം നല്‍കാന്‍ സ്ഥാപനത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് അറിയാതെയാണ് യോഗ്യതയില്‍ ഇളവു വരുത്തിയത്.
സ്വകാര്യ ബാങ്കില്‍ ജോലി ചെയ്യുന്ന ആളെ ഇന്റര്‍വ്യൂ പോലും ചെയ്യാതെ മന്ത്രി വിളിച്ചുവരുത്തി നിയമനം നല്‍കുകയാണ് ചെയ്തത്. അനധികൃത നിയമനങ്ങളുടെ ഘോഷയാത്ര തന്നെ പിണറായി സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായെന്നു മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss