|    Jan 21 Sat, 2017 10:00 am
FLASH NEWS

ബന്ധുനിയമനം: വിജിലന്‍സ് നിലപാട് 21ന് അറിയിക്കണമെന്ന് കോടതി

Published : 18th October 2016 | Posted By: SMR

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ബന്ധുനിയമനം സംബന്ധിച്ച ഹരജിയില്‍ നിലപാട് അറിയിക്കാന്‍ വിജിലന്‍സിന് കോടതി നിര്‍ദേശം. ഈമാസം 21ന് നിലപാട് അറിയിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എ എച്ച് ഹഫീസ് സമര്‍പ്പിച്ച ഹരജിയിലാണ് തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ജഡ്ജി എ ബദറുദ്ദീന്‍ വിജിലന്‍സിനോട് നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടത്.
യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായിരുന്ന രമേശ് ചെന്നിത്തല, അനൂപ് ജേക്കബ്, വിഎസ് ശിവകുമാര്‍, മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ എന്നിവരുടെ ബന്ധുക്കളുടെ നിയമനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി.
അതേസമയം, ഇ പി ജയരാജന്റെ ബന്ധുനിയമനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി നവാസ് നല്‍കിയ സ്വകാര്യ ഹരജി കോടതി തീര്‍പ്പാക്കി. ജയരാജനെതിരേ പ്രാഥമിക അന്വേഷണം പുരോഗമിക്കുകയാണെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു. ബന്ധുനിയമനം സംബന്ധിച്ച അന്വേഷണ റിപോര്‍ട്ട് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ച സാഹചര്യത്തിലായിരുന്നു വിജിലന്‍സ് അഡീഷനല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍സ് കെ ഡി ബാബു ഇന്നലെ കോടതിയില്‍ അന്വേഷണ പുരോഗതി അറിയിച്ചത്. നിയമനങ്ങള്‍ സംബന്ധിച്ച ഫയലുകള്‍ ആവശ്യപ്പെട്ട് വ്യവസായ സെക്രട്ടറി പോള്‍ ആന്റണിക്ക് വിജിലന്‍സ് നോട്ടീസ് നല്‍കിയിരുന്നു. ഫയലുകളുടെ പ്രാഥമിക പരിശോധന പൂര്‍ത്തിയായിട്ടുണ്ട്. ബന്ധുനിയമന വിവാദത്തില്‍പ്പെട്ട് മന്ത്രിപദമൊഴിഞ്ഞ ഇ പി ജയരാജന്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴി പ്രത്യേക അന്വേഷണസംഘം ഉടന്‍ രേഖപ്പെടുത്തും.
മുന്‍ വ്യവസായ മന്ത്രി ഇ പി ജയരാജനെതിരേ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ വിജിലന്‍സിന് മൊഴി നല്‍കി. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ശ്യാംകുമാറിന് മുമ്പാകെയാണ് സുരേന്ദ്രന്‍ മൊഴി നല്‍കിയത്.
പൊതുമേഖലാ സ്ഥാപനമായ റുട്രോണിക്‌സില്‍ 4 നിയമനങ്ങള്‍ നടത്തിയതില്‍ ജയരാജന്‍ 30 ലക്ഷം കൈക്കൂലി വാങ്ങിയെന്നാണ് കെ സുരേന്ദ്രന്‍ വിജിലന്‍സ് മുമ്പാകെ നല്‍കിയ മൊഴി. 2 എന്‍ജിനീയര്‍മാരെയും രണ്ട് സൂപ്പര്‍വൈസര്‍മാരെയുമാണ് ഇവിടെ നിയമിച്ചത്. നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ പക്കലുള്ള മുഴുവന്‍ ഫയലും പിടിച്ചെടുക്കണമെന്ന് സുരേന്ദ്രന്‍ വിജിലന്‍സിനോട് ആവശ്യപ്പെട്ടു. വ്യവസായ വകുപ്പില്‍ ഇ പി ജയരാജന്‍ നടത്തിയ നിയമനങ്ങള്‍ എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണ്. വിജിലന്‍സ് അനുമതി നേടിയ ശേഷമാണ് നിയമനങ്ങളെല്ലാം നടത്തിയതെന്ന് ഇ പി ജയരാജന്‍ നിയമസഭയില്‍ പറഞ്ഞത് ഇതിന്റെ തെളിവാണെന്നുമാണ് സുരേന്ദ്രന്റെ മൊഴി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 33 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക