|    Jan 21 Sat, 2017 9:59 am
FLASH NEWS

ബന്ധുനിയമനം: പരാതിക്കാര്‍ ഇന്ന് ഹാജരാവണം

Published : 17th October 2016 | Posted By: SMR

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ രേഖാമൂലം പരാതി നല്‍കിയവരോട് മൊഴി രേഖപ്പെടുത്തുന്നതിനായി ഹാജരാവണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് പ്രത്യേക അന്വേഷണസംഘം കത്ത് നല്‍കി. പ്രതിപക്ഷ നേതാവില്‍നിന്നും മൊഴി രേഖപ്പെടുത്താന്‍ ഓഫിസിനോട് സമയം ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റ് പരാതിക്കാരായ ബിജെപി നേതാക്കള്‍ വി മുരളീധരന്‍, കെ സുരേന്ദ്രന്‍ എന്നിവരോട് ഇന്ന് വിജിലന്‍സ് ഓഫിസിലെത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കൂടുതല്‍ തെളിവുകളുണ്ടെങ്കില്‍ ഹാജരാക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
42 ദിവസത്തിനകം പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കി റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. രേഖകള്‍ പരിശോധിച്ചശേഷം ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തും. നിയമന ഉത്തരവ് ലഭിച്ചവരുടെ മൊഴിയും രേഖപ്പെടുത്തും. ഇതിന്‌ശേഷമാവും ആരോപണവിധേയനായ ജയരാജന്റെ മൊഴിയെടുക്കുക. അതിനിടെ, വിവാദനിയമനങ്ങളുടെ ഫയലുകള്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം വ്യവസായ സെക്രട്ടറിക്ക് കത്തു നല്‍കി. പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തേക്ക് നടന്ന നിയമനങ്ങളുടെ ഫയലുകളാണ് വിജിലന്‍സ് ആവശ്യപ്പെട്ടിരിക്കുന്നത്. നിയമനം നടത്തിയ റിയാബിനോടും ഫയലുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നിയമനങ്ങള്‍ക്ക് സര്‍ക്കാര്‍ കൊണ്ടുവന്ന മാനദണ്ഡങ്ങള്‍, അവ ലംഘിക്കപ്പെട്ടിട്ടുണ്ടോ, മന്ത്രിമാരുടെയും നേതാക്കളുടെയും ബന്ധുക്കള്‍ അപേക്ഷ നല്‍കി ഇന്റര്‍വ്യൂവില്‍ പങ്കെടുത്താണോ നിയമനം നേടിയത്, ഇതില്‍ വ്യവസായമന്ത്രിയുടെ ശുപാര്‍ശയും ഇടപെടലുമുണ്ടായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിലാവും വിജിലന്‍സ് ശ്രദ്ധ കേന്ദ്രീകരിക്കുക.
തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ യൂനിറ്റ് രണ്ട് എസ്പി കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. അതേസമയം, ബന്ധുനിയമനം സംബന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ ഇന്ന് പ്രത്യേക കോടതിയില്‍ അന്വേഷണ പുരോഗതി റിപോര്‍ട്ട് സമര്‍പ്പിക്കും. വിജിലന്‍സിന്റെ പ്രാഥമിക പരിശോധനയില്‍ ലഭ്യമായ വിവരങ്ങളാവും റിപോര്‍ട്ടിന്റെ ഭാഗമായി ചേര്‍ക്കുക. കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോള്‍ പ്രാഥമികാന്വേഷണം ആരംഭിച്ചതായി വിജിലന്‍സ് അഡീ. ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ കെ ഡി ബാബു കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഇന്ന് അന്വേഷണപുരോഗതി റിപോര്‍ട്ട് രേഖാമൂലം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചത്.
വ്യവസായ വകുപ്പിലെ വിവാദ ബന്ധുനിയമനങ്ങള്‍ സംബന്ധിച്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടണമെന്നാവശ്യപ്പെട്ടാണ് തിരുവനന്തപുരം സ്വദേശി വിജിലന്‍സ് കോടതി മുമ്പാകെ പൊതുതാല്‍പര്യ ഹരജി നല്‍കിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 31 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക