|    Oct 20 Fri, 2017 6:19 pm
FLASH NEWS

ബന്ധുനിയമനം: തിരുത്തല്‍ ഉണ്ടാകുമെന്ന് സീതാറാം യെച്ചൂരി; നടപടി വരും

Published : 13th October 2016 | Posted By: SMR

ന്യൂഡല്‍ഹി: സംസ്ഥാനത്തെ ബന്ധുനിയമന വിവാദത്തില്‍ നടപടിക്കൊരുങ്ങി സിപിഎം കേന്ദ്രനേതൃത്വം. വിവാദ വിഷയത്തില്‍ തിരുത്തലുണ്ടാകുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. നടപടിക്കായി സംസ്ഥാന നേതൃത്വത്തിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉചിതമായ നടപടി സംസ്ഥാന നേതൃത്വം സ്വീകരിക്കുമെന്നും യെച്ചൂരി പറഞ്ഞു. ഇക്കാര്യത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനമെടുക്കും.
വിവാദവുമായി ബന്ധപ്പെട്ട് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം എം സി ജോസഫൈന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെ മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം ആരാഞ്ഞപ്പോഴാണ് യെച്ചൂരി നിലപാട് വ്യക്തമാക്കിയത്.
സ്വജനപക്ഷപാതം അടക്കമുള്ള നടപടികള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ക്കുമെന്ന നിലപാട് യെച്ചൂരി നേരത്തെയും സ്വീകരിച്ചിരുന്നു. വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ഇത്തരം നിലപാടുകള്‍ക്കെതിരേ രംഗത്തുവന്ന യെച്ചൂരി, തെറ്റു തിരുത്തി പാര്‍ട്ടി സംവിധാനത്തെ കുറ്റമറ്റതാക്കുന്നതിനായാണ് കൊല്‍ക്കത്ത പ്ലീനം ചേരാന്‍ മുന്‍കൈയെടുത്തതും.
എന്നാല്‍, പ്ലീനം തീരുമാനങ്ങള്‍ നടപ്പായില്ലെന്നു മാത്രമല്ല, പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം തന്നെ ഇത്തരമൊരു വിവാദത്തില്‍ പ്രതിക്കൂട്ടിലാവുകയും ചെയ്തു. ജയരാജന്‍ മാത്രമല്ല, വിവാദത്തില്‍ അകപ്പെട്ട മറ്റൊരു നേതാവായ പി കെ ശ്രീമതിയും കേന്ദ്ര കമ്മിറ്റി അംഗമാണ്.
എന്നാല്‍, ഇതു സംബന്ധിച്ച് കേന്ദ്ര നേതൃത്വം എന്തെങ്കിലും തരത്തിലുള്ള നടപടി നിര്‍ദേശിച്ചു രംഗത്തുവരില്ലെന്നും സംസ്ഥാന നേതൃത്വം ഉചിതമായ നടപടി സ്വീകരിച്ചേ മതിയാവൂ എന്നുമാണ് യെച്ചൂരിയുടെ നിലപാട്. നടപടി അടിച്ചേല്‍പിക്കാതെ സംസ്ഥാന സര്‍ക്കാരിനെക്കൊണ്ടുതന്നെ എടുപ്പിക്കുകയെന്ന തന്ത്രമാണ് ഇതിനു പിന്നില്‍. വിവാദം പ്രവര്‍ത്തകര്‍ക്കിടയിലും അസ്വസ്ഥതയ്ക്ക് കാരണമായ സാഹചര്യത്തില്‍ ജയരാജനെ മാറ്റിനിര്‍ത്തുന്നത് അടക്കമുള്ള പരിഹാരമാര്‍ഗങ്ങളും നേതൃത്വം ആലോചിക്കുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക