|    Jan 18 Wed, 2017 1:37 pm
FLASH NEWS

ബന്ധുനിയമനം: തിങ്കളാഴ്ച അന്വേഷണപുരോഗതി അറിയിക്കണം: വിജിലന്‍സ് കോടതി

Published : 15th October 2016 | Posted By: SMR

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ തിങ്കളാഴ്ച അന്വേഷണ പുരോഗതി അറിയിക്കണമെന്ന് വിജിലന്‍സ് പ്രത്യേക കോടതി നിര്‍ദേശിച്ചു. വ്യവസായവകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് നടന്ന നിയമനങ്ങളിലെ അഴിമതി ആരോപിച്ചു നല്‍കിയ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ ഉത്തരവ്. ബന്ധുനിയമനത്തെക്കുറിച്ച് പ്രാഥമികാന്വേഷണം ആരംഭിച്ചതായി വിജിലന്‍സ് അഡീഷനല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ കെ ഡി ബാബു കോടതിയെ അറിയിച്ചു. കേസ് പരിഗണിക്കുന്നതിനിടെ കോടതിയില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. വ്യാഴാഴ്ച ഹരജി ഫയലില്‍ സ്വീകരിച്ച കോടതി വിജിലന്‍സിന്റെ തീരുമാനവും റിപോര്‍ട്ടും ഇന്നു രേഖാമൂലം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ പ്രത്യേകം നിയോഗിച്ച എഡിപിയാണ് ഹാജരായത്. വ്യവസായവകുപ്പിലെ നിയമന അഴിമതികളില്‍ മേല്‍നടപടി സ്വീകരിച്ചതായി എഡിപി കോടതിയില്‍ വ്യക്തമാക്കി. എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് വിജിലന്‍സ് ജഡ്ജി ആവര്‍ത്തിച്ചു ചോദിച്ചെങ്കിലും വ്യക്തമായ മറുപടി പറയാനാവാതെ അദ്ദേഹം ഒഴിഞ്ഞുമാറി. സങ്കീര്‍ണമായ യാതൊന്നും ചോദിക്കുന്നില്ലെന്നും ഒറ്റവാക്കില്‍ ഉത്തരം പറയാനുള്ള ചോദ്യത്തിനു മറുപടി പറയാത്തതെന്തെന്നും കോടതി എഡിപിയോട് ആരാഞ്ഞു. എന്നാല്‍, താന്‍ ഇന്നാണ് ചുമതലയേറ്റതെന്നും ഇതുസംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ അറിയില്ലെന്നും പഠിച്ച് ബോധിപ്പിക്കാന്‍ ഒരാഴ്ചത്തെ സമയം നല്‍കണമെന്നും അദ്ദേഹം കോടതിയോട് അഭ്യര്‍ഥിച്ചു. ഇത് ജഡ്ജി അനുവദിച്ചില്ല. തിങ്കളാഴ്ച തന്നെ കാര്യങ്ങള്‍ രേഖാമൂലം അറിയിക്കണമെന്ന് അഡീഷനല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനു നിര്‍ദേശം നല്‍കുകയായിരുന്നു. കേസ് വാദത്തിനിടെ എഡിപിയുടെ പല പരാമര്‍ശങ്ങളും കോടതിയില്‍ കൂട്ടച്ചിരിക്കു കാരണമായി. കോടതിയില്‍ ഹരജി നല്‍കിയ വ്യക്തി തന്നെയാണ് വിജിലന്‍സ് ഡയറക്ടര്‍ക്കും പരാതി നല്‍കിയിരിക്കുന്നതെന്നായിരുന്നു എഡിപിയുടെ ആദ്യവാദം. എന്നാല്‍, കോടതിയിലല്ലാതെ മറ്റാര്‍ക്കും പരാതി നല്‍കിയിട്ടില്ലെന്ന് ഹരജിക്കാരന്‍ വിശദീകരിച്ചു. തുടര്‍ന്ന് കേസെടുക്കാന്‍ നിയമസാധുതയില്ലെന്നും അതിന്റെ രേഖകള്‍ തന്റെ കൈവശമുണ്ടെന്നും എഡിപി കോടതിയെ ബോധിപ്പിച്ചു. എങ്കില്‍ രേഖ കാണട്ടെയെന്ന് കോടതിയും പറഞ്ഞു. അഞ്ചു മിനിറ്റിലധികം പരിശോധിച്ച ശേഷം രേഖയില്ലെന്ന് അദ്ദേഹം മറുപടി നല്‍കി. കേസ് പരിഗണിക്കുന്നതിന് ഒരാഴ്ച സമയം ആവശ്യപ്പെട്ട് ജഡ്ജിയുടെ ചെയറിനു സമീപത്തേക്ക് പ്രോസിക്യൂട്ടര്‍ എത്തിയതും കോടതിയില്‍ കൗതുകമുണര്‍ത്തി.  മാധ്യമങ്ങളില്‍ വന്ന കാര്യങ്ങളാണ് പരാതിക്ക് ആധാരമെന്നതിനാല്‍ ബന്ധുനിയമന വിവാദത്തില്‍ നല്‍കിയ ഹരജി തള്ളണമെന്ന എഡിപിയുടെ ആവശ്യവും കോടതി തള്ളി. വ്യവസായവകുപ്പിലെ വിവാദ ബന്ധുനിയമനങ്ങള്‍ സംബന്ധിച്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി പായ്ച്ചിറ നവാസാണ് വിജിലന്‍സ് കോടതി മുമ്പാകെ പൊതുതാല്‍പര്യ ഹരജി നല്‍കിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 28 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക