|    Jun 19 Tue, 2018 10:48 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ബന്ധുനിയമനം: കോണ്‍ഗ്രസ്സിന്റെ നിയമസഭാ മാര്‍ച്ച് 17ന്

Published : 13th October 2016 | Posted By: SMR

തിരുവനന്തപുരം: ബന്ധുനിയമന വിവാദം ഒരു പാര്‍ട്ടിയുടെ ആഭ്യന്തരപ്രശ്‌നമായി കാണാനാവില്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. ഇന്നലെ ചേര്‍ന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതിയുടെ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. സ്വാശ്രയ വിഷയത്തിനു പിന്നാലെ ബന്ധുനിയമന വിഷയവും നിയമസഭയ്ക്ക് അകത്തും പുറത്തും സജീവമാക്കി സര്‍ക്കാരിനെതിരേ പ്രക്ഷോഭം ശക്തമാക്കാനാണ് കെപിസിസിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ബന്ധുനിയമനത്തില്‍ ആരോപണം നേരിടുന്ന ഇ പി ജയരാജന്‍ മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് 17ന് നിയമസഭയിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തും.
ബന്ധുനിയമന വിവാദം കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇതില്‍ തിരുത്തലുണ്ടാവുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറയുന്നു. എന്നാല്‍, പാര്‍ട്ടി നടപടിയിലൂടെ ഈ വിഷയം ഒതുക്കിത്തീര്‍ക്കാമെന്ന് ആരും കരുതേണ്ട. അഴിമതിയും സ്വജനപക്ഷപാതവും നടത്തിയവര്‍ക്കെതിരേ പാര്‍ട്ടി നടപടിയല്ല വേണ്ടതെന്നും വ്യവസ്ഥാപിതമായ നിയമനടപടികളാണ് സ്വീകരിക്കേണ്ടതെന്നും സുധീരന്‍ ആവശ്യപ്പെട്ടു. സത്യപ്രതിജ്ഞാലംഘനവും സ്വജനപക്ഷപാതത്തിലൂടെ അഴിമതിയും നടത്തിയ മന്ത്രി ജയരാജന് ഒരുനിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല. അദ്ദേഹം സ്വമേധയാ രാജിവച്ചില്ലെങ്കില്‍ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം.
കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് അഴിമതിക്കെതിരേ നിലപാട് സ്വീകരിക്കുമെന്ന പ്രചാരണം നടത്തി അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാരിന്റെ മുഖം ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ വികൃതമായി. ജനങ്ങളുടെ ഭാഗത്തുനിന്ന് ശക്തമായ വിമര്‍ശനം ഏറ്റുവാങ്ങുന്ന തരത്തിലേക്ക് ഭരണം എത്തിയിരിക്കുന്നു. ജനദ്രോഹ നടപടികള്‍ നടത്തുന്നതില്‍ സര്‍ക്കാര്‍ വളരെയേറെ മുന്നിലാണെന്ന് തെളിയിച്ചിരിക്കുന്നു. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ ശക്തമായ മുന്നേറ്റം കോണ്‍ഗ്രസ്സിന്റെയും യുഡിഎഫിന്റെയും ഭാഗത്തുനിന്നുണ്ടാവും. ഈ പ്രശ്‌നങ്ങള്‍ സജീവമായി നിയമസഭയില്‍ ഉയര്‍ന്നുവരുമെന്നും സുധീരന്‍ വ്യക്തമാക്കി. കെഎസ്‌യുവിന്റെ സംഘടനാ തിരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായാണ് രാഷ്ട്രീയകാര്യ സമിതി ചേര്‍ന്നതെങ്കിലും നിലവിലെ രാഷ്ട്രീയപ്രശ്‌നങ്ങളും ചര്‍ച്ചയ്ക്കുവരുകയായിരുന്നു.
ഹൈക്കമാന്‍ഡ് നിര്‍ദേശിച്ച മാതൃകയില്‍ കേരളത്തില്‍ കെഎസ്‌യു തിരഞ്ഞെടുപ്പ് പ്രായോഗികമല്ലെന്ന് സംസ്ഥാന നേതാക്കള്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് യോഗം ചേര്‍ന്നത്. മാനദണ്ഡങ്ങളില്‍ മാറ്റം വേണമെന്ന് സംസ്ഥാന നേതാക്കള്‍ ആവശ്യമുന്നയിച്ചു. കെഎസ്‌യു തിരഞ്ഞെടുപ്പ് കുറ്റമറ്റരീതിയില്‍ നടത്താനും യോഗം തീരുമാനിച്ചു. ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ എഐസിസി, എന്‍എസ്‌യു നേതൃത്വത്തിനു സമര്‍പ്പിക്കുമെന്ന് സുധീരന്‍ പറഞ്ഞു. എന്‍എസ്‌യുവിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ഗിരീഷ് ചോദ്‌നോക്കര്‍, എന്‍എസ്‌യു പ്രസിഡന്റ് അമൃത ധവാനി, കേരളത്തിന്റെ ചുമതലയുള്ള എന്‍എസ്‌യു ജന. സെക്രട്ടറി ശ്രാവണ്‍ എന്നിവരും പങ്കെടുത്തു.
ഡിസിസി പ്രസിഡന്റുമാരുടെ നിയമനകാര്യത്തില്‍ നേരത്തേ തീരുമാനമെടുത്തിരുന്നെങ്കിലും ഇതുവരെ പേരുകള്‍ സംബന്ധിച്ചു ധാരണയിലെത്താന്‍ സാധിച്ചിരുന്നില്ല. ഈ മാസം അഞ്ചിനകം പേരുകള്‍ നല്‍കണമെന്നായിരുന്നു ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം. എന്നാല്‍, ഇതിനു ഗ്രൂപ്പുകള്‍ വിമുഖത തുടരുന്ന സാഹചര്യത്തില്‍ ഇക്കാര്യവും ചര്‍ച്ചാവിഷയമായി. ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് സുധീരന്‍ പ്രതികരിച്ചു. ഇതുസംബന്ധിച്ച് എഐസിസി നല്‍കിയിട്ടുള്ള നിര്‍ദേശം അതാത് ഡിസിസികള്‍ക്കു കൈമാറിയിട്ടുണ്ട്. പുതിയ ഡിസിസി പ്രസിഡന്റുമാരായി പരിഗണിക്കേണ്ടവരുടെ ലിസ്റ്റ് എത്രയും വേഗം സമര്‍പ്പിക്കണമെന്നു നിര്‍ദേശിച്ചിട്ടുണ്ടെന്നും സുധീരന്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss