|    Jul 24 Mon, 2017 4:20 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ബന്ധുനിയമനം: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; പ്രതിരോധിക്കാനാവാതെ സര്‍ക്കാര്‍

Published : 10th October 2016 | Posted By: SMR

pk-sree

തിരുവനന്തപുരം: വ്യവസായവകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനത്തില്‍ മന്ത്രി ഇ പി ജയരാജന്റെ ഭാര്യാസഹോദരി പി കെ ശ്രീമതി എംപിയുടെ മകനെ നിയമിച്ച് പുലിവാല് പിടിച്ച സര്‍ക്കാരിനെയും സിപിഎമ്മിനെയും പ്രതിക്കൂട്ടിലാക്കി കൂടുതല്‍ ബന്ധുനിയമനത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നു.
മന്ത്രി ഇ പിയുടെ ഭാര്യാസഹോദരിയും സിപിഎം കേന്ദ്രകമ്മിറ്റിയംഗവുമായ പി കെ ശ്രീമതി എംപിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ (കെഎസ്‌ഐഇ) എംഡിയായി നിയമിച്ചതു വിവാദമായിരുന്നു. ഇതിനിടെയാണു കൂടുതല്‍ സിപിഎം മന്ത്രിമാരുടെയും നേതാക്കളുടെയും മക്കളും ബന്ധുക്കളും ഉയര്‍ന്ന തസ്തികയില്‍ നിയമിക്കപ്പെട്ട വിവരം പുറത്തുവരുന്നത്. ഇതോടെ നേരത്തെ ഇ പിയും പി കെ ശ്രീമതിയും മാത്രമായിരുന്നു കുരുക്കിലകപ്പെട്ടതെങ്കില്‍ പുറത്തുവരുന്ന വിവരങ്ങള്‍ അനുസരിച്ച് മുഖ്യമന്ത്രി പിണറായി വിജയനടക്കം ബന്ധുനിയമന ആരോപണത്തിന്റെ മുള്‍മുനയിലാണ്.
മന്ത്രി കെ കെ ശൈലജ, മേഴ്‌സിക്കുട്ടിയമ്മ എന്നിവരുടെ ബന്ധുക്കളും വിവിധ വകുപ്പിലും സ്ഥാപനങ്ങളിലും നിയമനം നേടിയവരില്‍പ്പെടും.
കെ കെ ശൈലജയുടെ മകനെ നിര്‍ടിഷ്ട കണ്ണൂര്‍ വിമാനത്താവളത്തില്‍ ഉയര്‍ന്ന തസ്തികയില്‍ നിയമിക്കാന്‍ നീക്കംനടക്കുന്നതായും ആരോപണമുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനത്തലവട്ടം ആനന്ദന്‍, സംസ്ഥാനസമിതിയംഗം കോലിയക്കോട് കൃഷ്ണന്‍ നായര്‍ എന്നിവരുടെ ബന്ധുക്കളുടെ നിയമനവും പാര്‍ട്ടിയില്‍ ചര്‍ച്ചയായിട്ടുണ്ട്.
എന്നാല്‍ മകന്റെയും ബന്ധുക്കളുടെയും നിയമനം സംബന്ധിച്ചു മന്ത്രി ശൈലജ ഫേസ്ബുക്കില്‍ വിശദീകരണവുമായി രംഗത്തെത്തി. മകന് കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ അനധികൃത നിയമനം നല്‍കിയെന്നും ഉന്നത സ്ഥാനത്തേക്കു പരിഗണിക്കാന്‍ ആലോചിക്കുന്നുവെന്നുമുള്ള മാധ്യമവാര്‍ത്ത തെറ്റിദ്ധാരണ ഉളവാക്കുന്നതാണ്. എംടെക് ബിരുദധാരിയായ മകന്‍ ലസിത് കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് നടത്തിയ പരീക്ഷയില്‍ ഒന്നാംറാങ്ക് കരസ്ഥമാക്കി ഐടി ഡിപാര്‍ട്ട്‌മെന്റില്‍ ജൂനിയര്‍ എക്‌സിക്യൂട്ടീവ് ഇലക്‌ട്രോണിക്‌സ് ആയി നിയമനം നേടുകയായിരുന്നു. 2015 സപ്തംബര്‍ 18നാണ് നിയമനം ലഭിച്ചത്. ആ സമയത്ത് ഇടതുപക്ഷ ഭരണം ആയിരുന്നില്ല. മകന്‍ എല്ലാ യോഗ്യതകളും നേടിയത് മെറിറ്റ് അടിസ്ഥാനത്തിലാണ്. എയര്‍പോര്‍ട്ടില്‍ ഐടി ഡിപാര്‍ട്ട്‌മെന്റിലെ ആദ്യത്തെ നിയമനമാണ് ലസിതിന്റേത്. പ്രമോഷനുണ്ടാവുമ്പോള്‍ പ്രഥമ പരിഗണന ലഭിക്കാന്‍ സാധ്യതയുണ്ട്. ഈ വസ്തുത മറച്ചാണ് തെറ്റിധാരണാജനകമായി വാര്‍ത്ത പ്രചരിപ്പിക്കുന്നത്.
എംബിഎ (ഫിനാന്‍സ്) പാസായ മരുമകള്‍ വിവാഹത്തിനു മുമ്പുതന്നെ ഒരു പൊതുമേഖലാ സ്ഥാപനത്തില്‍ അപ്രന്റിസ് ട്രെയിനി ആയിരുന്നു. ലസിതിന്റെ ജ്യേഷ്ഠ സഹോദരന്‍ തിരുവനന്തപുരം ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജില്‍ നിന്ന് (സിഇടി) ബിടെക് പാസായതിനു ശേഷം ഗള്‍ഫില്‍ സ്വകാര്യ കമ്പനിയില്‍ ജോലിചെയ്യുകയാണ്. എന്‍ട്രന്‍സില്‍ ഉയര്‍ന്ന റാങ്ക് ലഭ്യമായാല്‍ മാത്രമേ സിഇടി അഡ്മിഷന്‍ ലഭിക്കുകയുള്ളൂ എന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാ  മന്ത്രി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക