|    Jul 23 Mon, 2018 11:17 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ബന്ധുനിയമനം : ഇ പി ജയരാജനെതിരായ അന്വേഷണം അവസാനിപ്പിക്കാന്‍ വിജിലന്‍സ്

Published : 21st September 2017 | Posted By: fsq

 

തിരുവനന്തപുരം: ബന്ധുനിയമന കേസില്‍ മുന്‍മന്ത്രി ഇ പി ജയരാജനെതിരായ അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങി വിജിലന്‍സ്. അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനില്‍ക്കില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. തെളിവില്ലാത്തതിനാല്‍ കേസ് അവസാനിപ്പിക്കാമെന്ന് വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ സി സി അഗസ്റ്റിനാണ് നിയമോപദേശം നല്‍കിയത്. ഭാര്യാസഹോദരിയും എംപിയുമായ പി കെ ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാരുടെ നിയമനവുമായി ബന്ധപ്പെട്ടാണ് വിവാദമുയര്‍ന്നത്. സ്വജനപക്ഷപാതം അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് പറഞ്ഞാണ് എഫ്‌ഐആര്‍. എന്നാല്‍, ഇതുവരെയുള്ള അന്വേഷണത്തില്‍ ജയരാജനെതിരായി തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന കാര്യം എടുത്തുപറഞ്ഞാണ് നിയമോപദേശം ലഭിച്ചത്. ബന്ധുവിനെ നിയമിച്ച് ഉത്തരവിറക്കിയെങ്കിലും അതു നടപ്പായില്ല. ഖജനാവിന് നഷ്ടം സംഭവിച്ചിട്ടില്ല. അതുകൊണ്ട് അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനില്‍ക്കില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി കെ ജയകുമാറിന് നല്‍കിയ നിയമോപദേശത്തില്‍ പറയുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്തു നല്‍കും. റിപോര്‍ട്ട് അംഗീകരിച്ചാല്‍ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയിലും ഹൈക്കോടതിയിലും അന്വേഷണം അവസാനിപ്പിച്ച കാര്യം അറിയിക്കും. അതേസമയം, ജയരാജനെ വിജിലന്‍സ് കുറ്റവിമുക്തനാക്കിയ നടപടി രാഷ്ട്രീയ അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss