|    Oct 22 Sun, 2017 8:35 am

ബന്ധുനിയമനം; ആരോപണം അടിസ്ഥാന രഹിതം- മുസ്തഫ

Published : 15th October 2016 | Posted By: Abbasali tf

കാസര്‍കോട്: ബന്ധുനിയമനവുമായി ബന്ധപ്പെട്ട് തനിക്കെതിരെ കഴിഞ്ഞ രണ്ടു ദിവസമായി ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ഇതു സൃഷ്ടിച്ചവര്‍ പിതൃശൂന്യമാധ്യമപ്രവര്‍ത്തനത്തിന്റെ ജീര്‍ണമുഖമാണെന്നും ജില്ലാ പഞ്ചായത്തംഗവും സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗവുമായ വി പി പി മുസ്തഫ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബേക്കല്‍ റിസോര്‍ട്‌സ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ (ബിആര്‍ഡിസി) എംഡി സ്ഥാനത്തേയ്ക്ക് പാര്‍ട്ടി ജില്ലാഘടകത്തിന്റെ എതിര്‍പ്പ് മറികടന്ന് തന്റെ ഭാര്യയുടെ ബന്ധുവായ ടി കെ മന്‍സൂറിനെ നിയമിച്ചെന്നാണ് വാര്‍ത്ത വന്നത്. എന്നാല്‍ മന്‍സൂറിന് തന്റെയോ ഭാര്യയുടെയോ കുടുംബവുമായി വിദൂരബന്ധം പോലുമില്ല. മുന്‍കാലങ്ങളില്‍ തെക്കന്‍ മേഖലയില്‍ നിന്നുള്ളവരാണ് ബിആര്‍ഡിസി എംഡി സ്ഥാനത്ത് നിയമിതരായിരുന്നത്. ഇവരാകട്ടെ വല്ലപ്പോഴുമാണ് കാസര്‍കോട്ട് എത്താറുള്ളത്. ഈ സാഹചര്യത്തിലാണ് വടക്കന്‍ കേരളത്തില്‍ നിന്നുള്ളയാള്‍ വേണമെന്ന് ആവശ്യമുയര്‍ന്നതും തുടര്‍ന്ന് പയ്യന്നൂര്‍ കവ്വായി സ്വദേശിയായ മന്‍സൂര്‍ നിയമിതനായതും. ബിആര്‍ഡിസി എംഡി നിയമനം പാര്‍ട്ടി സംസ്ഥാനകമ്മിറ്റിയുടെ പരിധിയില്‍ വരുന്നതാണ്. ഇതില്‍ ജില്ലാകമ്മിറ്റിക്ക് യാതൊരു ബന്ധവുമില്ല. പത്തുവര്‍ഷമായി വിവിധ പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന മന്‍സൂര്‍ യുഡിഎഫ് ഭരണകാലത്ത് കെല്‍ട്രോണ്‍ എംഡിയായിരുന്നു. ഇദ്ദേഹത്തെ ബിആര്‍ഡിസിയിലേയ്ക്ക് മാറ്റിയതേയുള്ളു. അതിനാല്‍ തന്നെ ഈ വിഷയം ബന്ധുനിയമനത്തില്‍പ്പെടുന്നില്ല. വ്യക്തിപരമായ പരാമര്‍ശങ്ങളുള്ള വാര്‍ത്ത നല്‍കുമ്പോള്‍ കാണിക്കേണ്ട സാമാന്യ അന്വേഷണമോ പരിശോധനയോ വാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകരുടെ ഭാഗത്തു നിന്നും ഉണ്ടായില്ലെന്നും താന്‍ സിപിഎം പ്രവര്‍ത്തകനാണെന്നുള്ള ഒറ്റക്കാരണം കൊണ്ടാണ് ഇത്തരമൊരു വാര്‍ത്ത പ്രചരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക