|    Aug 16 Thu, 2018 1:20 pm
Home   >  Todays Paper  >  Page 5  >  

ബന്ദിപ്പൂര്‍: സഞ്ചാരസ്വാതന്ത്ര്യത്തിന് നിയമനടപടി സ്വീകരിക്കും

Published : 3rd August 2018 | Posted By: kasim kzm

തിരുവനന്തപുരം: ബന്ദിപ്പൂര്‍ വനമേഖലയിലൂടെയുള്ള രാത്രികാല യാത്ര നിരോധിച്ചത് ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടിയാണെന്നും ഇതിനെതിരേ സുപ്രിംകോടതിയിലുള്ള കേസ് വാദിക്കാന്‍ മുതിര്‍ന്ന അഭിഭാഷകന്റെ സേവനം പ്രയോജനപ്പെടുത്തുമെന്നും വനംവകുപ്പു മന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന വനം, ഗതാതമന്ത്രിമാരുടെ യോഗത്തില്‍ തീരുമാനമായി.
ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വ് മേഖലയിലൂടെയുള്ള രാത്രിയാത്ര മൃഗങ്ങളുടെ സൈ്വരജീവിതത്തിനും സുരക്ഷയ്ക്കും ഹാനികരമാണെന്നു ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവുപ്രകാരം രാത്രി ഒമ്പതു മുതല്‍ രാവിലെ അഞ്ചു വരെ യാത്രാനിരോധം ഏര്‍പ്പെടുത്തിയത്. എന്നാല്‍, ശാസ്ത്രീയമായ നിഗമനമല്ലെന്നാണ് ഇതുസംബന്ധിച്ചു പഠിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മിറ്റി റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇക്കാര്യവും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും.
ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കാതിരിക്കാന്‍ ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും തീരുമാനമായിട്ടില്ല. ടൈഗര്‍ റിസര്‍വിന്റെ സുരക്ഷയ്ക്ക് ഇരു സംസ്ഥാനങ്ങളുടെയും മേല്‍നോട്ടത്തില്‍ മേല്‍പ്പാലവും എട്ടടി ഉയരത്തില്‍ കമ്പിവേലിയും നിര്‍മിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ഇതിന്റെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ രണ്ടുവര്‍ഷമെങ്കിലും വേണ്ടിവരും. അത്രയും കാലം ജനങ്ങള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നത് ന്യായീകരിക്കാവുന്നതല്ല. ഇതുസംബന്ധിച്ച് നിയോഗിക്കപ്പെട്ട കമ്മിറ്റി അതിന്റെ റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. മേല്‍പ്പാല നിര്‍മാണം പൂര്‍ത്തിയാവുന്നതു വരെ കണ്‍വോയ് അടിസ്ഥാനത്തില്‍ ഇരുഭാഗത്തേക്കും വാഹനങ്ങള്‍ വിടണമെന്നു സുപ്രിംകോടതിയില്‍ ആവശ്യപ്പെടും. ഇരു സര്‍ക്കാരുകളുടെയും അധീനതയിലുള്ള വാഹനങ്ങളെങ്കിലും മേഖലയിലൂടെ കടന്നുപോവാന്‍ അനുവദിക്കാതിരിക്കുന്നത് സഞ്ചാരസ്വാതന്ത്ര്യ ലംഘനമാണ്. രാജ്യത്തെ 49 കടുവാ സങ്കേതങ്ങളിലൊന്നും ഇത്തരം നിയമങ്ങള്‍കൊണ്ട് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നില്ലെന്നും യോഗം നിരീക്ഷിച്ചു. 2010ല്‍ കേരള സര്‍ക്കാര്‍ ഫയല്‍ ചെയ്ത കേസാണ് സുപ്രിംകോടതിയില്‍ നിലവിലുള്ളത്. കേസില്‍ മുതിര്‍ന്ന അഭിഭാഷകനായ ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ സേവനം വീണ്ടും ലഭ്യമാക്കാന്‍ നിയമ വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss