|    Nov 21 Wed, 2018 7:17 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ബന്ദിപ്പൂര്‍ വഴിയുള്ള രാത്രിയാത്രബദല്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ച് കേന്ദ്രം

Published : 3rd August 2018 | Posted By: kasim kzm

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: ബന്ദിപ്പൂര്‍ വനമേഖലയിലൂടെ കടന്നുപോവുന്ന വയനാട്-മൈസൂരു ദേശീയപാത 212(പുതിയ നം. 766)ലെ രാത്രി യാത്രാ വിലക്ക് നീക്കുന്നതിന് പിന്തുണ തേടി കേന്ദ്രസര്‍ക്കാര്‍ കര്‍ണാടക ചീഫ് സെക്രട്ടറിക്ക് കത്തു നല്‍കി. വനമേഖലയിലെ റോഡിന്റെ വീതി കൂട്ടാനും രാത്രിയാത്രാ നിരോധനം നീക്കുന്നതിനും പിന്തുണ തേടിയാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പു സെക്രട്ടറി വൈ എസ് മാലിക് കര്‍ണാടകയ്ക്കു കത്തയച്ചത്.
ബന്ദിപ്പൂരിലെ മൃഗങ്ങളുടെ സുരക്ഷയ്ക്കായി റോഡിന്റെ വീതി 15 മീറ്റര്‍ വര്‍ധിപ്പിക്കണം. പത്തു മീറ്റര്‍ ക്യാരേജ് പാതയടക്കം (രണ്ടു വരി ഹൈവേയില്‍ നിലവില്‍ ഏഴു മീറ്ററാണ് ക്യാരേജ് പാതയുള്ളത്) വീതി വര്‍ധിപ്പിക്കാനാണ് നിര്‍ദേശം. മൃഗങ്ങളുടെ സാന്നിധ്യം കൂടുതലുള്ള സ്ഥലങ്ങളില്‍ ആകാശപാത (എലിവേറ്റഡ്) നിര്‍മിക്കുകയും ആകാശപാത ഇല്ലാത്ത ഭാഗങ്ങളില്‍ മൃഗങ്ങള്‍ റോഡിലേക്കു കടക്കുന്നത് തടയുന്നതിന് ഇരുവശവും എട്ടടി ഉയരത്തില്‍ കമ്പിവല കൊണ്ട് മതില്‍ തീര്‍ക്കുകയും വേണം. ഒരു കിലോമീറ്റര്‍ വീതം നീളമുള്ള അഞ്ച് ആകാശപാതകള്‍ നിര്‍മിച്ച് അതിനു താഴെ കൂടി മൃഗങ്ങള്‍ക്ക് കടന്നുപോവാന്‍ സൗകര്യമൊരുക്കണമെന്നാണ് നിര്‍ദേശം. നാലെണ്ണം കര്‍ണാടക ഭാഗത്തും ഒന്ന് വയനാട് ഭാഗത്തുമാണ് നിര്‍മിക്കേണ്ടത്. ഇതിനായി ചെലവു വരുന്ന 460 കോടി കര്‍ണാടകയും കേരളവും സംയുക്തമായി വഹിക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.
ജൂലൈ 17ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പു സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ബന്ദിപ്പൂരിലെ രാത്രികാല ഗതാഗത നിയന്ത്രണം നീക്കുന്നതിനോട് എതിര്‍പ്പില്ലെന്ന് കര്‍ണാടക പൊതുമരാമത്ത് മന്ത്രി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കര്‍ണാടക സര്‍ക്കാരിന് കേന്ദ്രം പുതിയ കത്തു നല്‍കിയത്.
ആകാശ പാത നിര്‍മിക്കുന്നതിലൂടെയും കമ്പിവല ഉയര്‍ത്തുന്നതിലൂടെയും മൃഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാമെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ നിലപാട്. രാത്രിയാത്രാ വിലക്ക് ചോദ്യം ചെയ്ത് കേരളം സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്ന ആഗസ്ത് എട്ടിന് വിഷയത്തില്‍ കര്‍ണാടക സര്‍ക്കാരിന്റെ നിലപാട് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിക്കും.
അതേസമയം, ദേശീയപാത 67ലെ രാത്രികാല ഗതാഗതനിയന്ത്രണം തുടരുന്നതിനോട് തമിഴ്‌നാടിന് എതിര്‍പ്പില്ല. ഈ സാഹചര്യത്തില്‍ ഇതിലൂടെയുള്ള രാത്രികാല യാത്രാനിരോധനം തുടരും. എന്നാല്‍, ബന്ദിപ്പൂര്‍ രാത്രികാല ഗതാഗതനിയന്ത്രണത്തില്‍ മാറ്റം വരുത്താനാവില്ലെന്ന് ദേശീയ കടുവ സംരക്ഷണ അതോറിറ്റി നേരത്തേ വ്യക്തമാക്കിയിരുന്നു. രാത്രികാല ഗതാഗതത്തിനായി പുതുതായി സമാന്തരപാത ഉണ്ടാക്കണമെന്നും സുപ്രിംകോടതിയില്‍ നല്‍കിയ റിപോര്‍ട്ടില്‍ അതോറിറ്റി ആവശ്യപ്പെട്ടിരുന്നു. കുട്ട, ഗോണിക്കുപ്പ വഴി മാനന്തവാടിയിലേക്ക് എത്താവുന്ന സമാന്തരപാത ഉപയോഗിക്കണമെന്നാണ് കടുവ സംരക്ഷണ അതോറിറ്റിയുടെ ശുപാര്‍ശ.
അതേസമയം, കേന്ദ്രസര്‍ക്കാര്‍ കര്‍ണാടകയ്ക്ക് അയച്ച കത്ത് പുറത്തുവന്നതിനു പിന്നാലെ രാത്രികാല ഗതാഗതനിരോധനം നീക്കരുതെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. കര്‍ണാടകയെ കേരളവുമായും തമിഴ്‌നാടുമായും ബന്ധിപ്പിക്കുന്ന ദേശീയപാത 212ലെയും 67ലെയും രാത്രിയാത്രകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് 2009ലാണ് കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടത്. ദേശീയപാത 212ലെ 25 കിലോമീറ്റര്‍ പരിധിയില്‍ രാത്രി 9 മുതല്‍ രാവിലെ ആറുവരെയാണ് യാത്രാനിയന്ത്രണമുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss