|    Aug 20 Mon, 2018 4:17 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ബന്ദിപൂര്‍: അനുകൂല നിലപാട് പ്രതീക്ഷിക്കുന്നു- മന്ത്രി

Published : 4th August 2018 | Posted By: kasim kzm

കൊച്ചി: ബന്ദിപൂര്‍ വഴിയുള്ള രാത്രിയാത്രാ വിഷയത്തില്‍ കര്‍ണാടക സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാട് പ്രതീക്ഷിക്കുന്നതായി മന്ത്രി എ കെ ശശീന്ദ്രന്‍. കോടതിയില്‍ കേരളത്തിന്റെ വാദങ്ങള്‍ ഉന്നയിക്കാന്‍ അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യത്തെ നിയോഗിക്കുന്നത് ഉള്‍പ്പെടെ കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. എന്‍സിപി സംസ്ഥാന നേതൃയോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തി ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബന്ദിപൂര്‍ വിഷയത്തില്‍ പരിഹാരം കണ്ടെത്താന്‍ സുപ്രിംകോടതി മറ്റൊരു സമിതിയെ നിയോഗിച്ചിരുന്നു. അടുത്ത തവണ കേസ് പരിഗണിക്കുന്നതിനു മുമ്പ് റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനിടെ, നിരോധനം പിന്‍വലിക്കുന്നതിനെതിരേ കടുവ സംരക്ഷണ സമിതി നല്‍കിയ പരാതി കൂടി ഉള്‍പ്പെടുത്തി കര്‍ണാടക സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. അതേസമയം, കേരള മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തു പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുമെന്നാണ് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ അഭിപ്രായം.
വന്യമൃഗങ്ങള്‍ റോഡ് മുറിച്ചുകടക്കുന്ന സ്ഥലങ്ങളില്‍ മേല്‍പ്പാതയും മറ്റിടങ്ങളില്‍ വേലിയും നിര്‍മിച്ചു പ്രശ്‌നം പരിഹരിക്കാമെന്ന ബദല്‍ നിര്‍ദേശം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം മുന്നോട്ടുവച്ചു. ബദല്‍ നിര്‍ദേശത്തോട് കേരളത്തിനും വിയോജിപ്പുണ്ടായിരുന്നില്ല. എന്നാല്‍, ഇത് കര്‍ണാടക സര്‍ക്കാര്‍ തള്ളിയതായി റിപോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തിലാണ് മുതിര്‍ന്ന അഭിഭാഷകന്റെ സേവനം തേടുന്നതെന്നും മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസിയില്‍ എംഡിയും സെക്രട്ടറിയും തമ്മില്‍ പ്രശ്‌നങ്ങളുള്ളതായി അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനോട് എന്‍സിപി സീറ്റ് ആവശ്യപ്പെടുമെന്ന് തോമസ് ചാണ്ടി പറഞ്ഞു.
വില പേശി സീറ്റുകള്‍ ഉറപ്പിക്കില്ല. മറ്റു സീറ്റുകളില്‍ എല്‍ഡിഎഫിനൊപ്പം പ്രവര്‍ത്തിക്കുമെന്നും തോമസ് ചാണ്ടി പറഞ്ഞു. 9ന് എന്‍സിപി ദേശീയ നേതൃത്വത്തിന്റെ ആഭിമുഖ്യത്തില്‍ ഭരണഘടനാ സംരക്ഷണ ദിനമായും 15ന് സ്വാതന്ത്ര്യ സംരക്ഷണ ദിനവുമായും ആചരിക്കും. കേന്ദ്രത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് അടുത്ത മാസം 17ന് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം വൈകുന്നേരം 4 മുതല്‍ രാത്രി 7 വരെ നടത്തുന്ന സായാഹ്ന ധര്‍ണയില്‍ എന്‍സിപി പിന്തുണ നല്‍കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss