|    Jul 20 Fri, 2018 6:07 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ബനാറസ് സര്‍വകലാശാല ലാത്തിച്ചാര്‍ജ് :രണ്ടു പോലിസുകാരെ സ്ഥലംമാറ്റി

Published : 26th September 2017 | Posted By: fsq

 

വാരണാസി: ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ക്കു നേരെ നടന്ന ലാത്തിച്ചാര്‍ജുമായി ബന്ധപ്പെട്ടു മൂന്ന് അഡീഷനല്‍ സിറ്റി മജിസ്‌ട്രേറ്റുമാരെയും രണ്ടു പോലിസുദ്യോഗസ്ഥരെയും സ്ഥലംമാറ്റി. വിദ്യാര്‍ഥിനിയെ ശല്യപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം നടത്തിയവര്‍ക്കെതിരേയാണ് ലാത്തിച്ചാര്‍ജ് നടന്നത്. ലങ്ക പോലിസ് സ്‌റ്റേഷന്‍ ഓഫിസര്‍ രാജീവ് സിങിനെയും ഭേലുപൂര് സര്‍ക്കിള്‍ ഓഫിസര്‍ നവേഷ് കടിയാറിനെയുമാണ് സ്ഥലംമാറ്റിയത്.രാജീവിനു പകരം ജെയറ്റ്പുര പോലിസ് സ്‌റ്റേഷന്‍ ഓഫിസര്‍ സഞ്ജീവ് മിശ്ര ചാര്‍ജെടുത്തു. സര്‍ക്കിള്‍ ഓഫിസര്‍ കോട്ട്‌വാളി അയോധ്യ പ്രസാദ് സിങിനെ നിവേഷിനു പകരക്കാരനായി പോസ്റ്റ് ചെയ്തിട്ടുണ്ട്. അഡീഷനല്‍ സിറ്റി മജിസ്‌ട്രേറ്റുമാരായ മനോജ്കുമാര്‍ സിങ്, സുഷീല്‍കുമാര്‍ ഗൗണ്ട്, ജഗദമ്മപ്രസാദ് സിങ് എന്നിവരെ തദ്സ്ഥാനത്തു നിന്നു നീക്കിയതായി വാരണാസി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് അറിയിച്ചു. വ്യാഴാഴ്ച രാത്രി ബൈക്കിലെത്തിയ മൂന്നുപേര്‍ വിദ്യാര്‍ഥിനിയെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം നടത്തിയത്. പ്രതിഷേധത്തിനിടെ ചില വിദ്യാര്‍ഥികള്‍ സര്‍വകലാശാല വൈസ് ചാന്‍സലറെ കാണാനായി അദ്ദേഹത്തിന്റെ വീട്ടിലെത്തി. ഇവരെ സുരക്ഷാ ഗാര്‍ഡുമാര്‍ തടയുകയും പോലിസിനെ വിളിക്കുകയും ചെയ്തു. ബലംപ്രയോഗിച്ച് അകത്തു കടക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥികളെ ഗാര്‍ഡുമാര്‍ തടയുകയായിരുന്നു. പോലിസ് ലാത്തിച്ചാര്‍ജില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. വിദ്യാര്‍ഥികളുമായി നടന്ന ബലപ്രയോഗത്തില്‍ പോലിസുകാര്‍ക്കും പരിക്കേറ്റതായി പോലിസ് വൃത്തം അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ഒക്ടോബര്‍ രണ്ടുവരെ വാരണാസിയിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ നിന്നു പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഡിവിഷനല്‍ കമ്മീഷനില്‍ നിന്നു റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് 1000 വിദ്യാര്‍ഥികള്‍ക്കെതിരായി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സമരക്കാര്‍ക്കു നേരെ ലാത്തിച്ചാര്‍ജ് നടത്തിയ പോലിസുകാര്‍ക്കെതിരേയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് ബിജെപി സര്‍ക്കാരിനെതിരായി കോണ്‍ഗ്രസ് ശക്തമായി പ്രതിഷേധിച്ചു. ബനാറസ് ഹിന്ദു സര്‍വകലാശാല വൈസ് ചാന്‍സലറെ പിരിച്ചുവിടണമെന്നും ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ക്രൂരവും ഞെട്ടിപ്പിക്കുന്നതുമായ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിശ്ശബ്ദ കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി ചോദ്യം ചെയ്തു. എത്രയും പെട്ടെന്നു സര്‍വകലാശാലയില്‍ നടന്ന ആക്രമണത്തിനെതിരായി നടപടി കൈക്കൊണ്ട് വൈസ് ചാന്‍സലറെ പിരിച്ചുവിടണമെന്നും തിവാരി ആവശ്യപ്പെട്ടു.ഉത്തര്‍ പ്രദേശിലെ ബിജെപി സര്‍ക്കാര്‍ എല്ലാ മേഖലയിലും പരാജയമാണെന്നും ആരോപണങ്ങള്‍ ഉയരുമ്പോള്‍ മുതല കണ്ണീര്‍ വാര്‍ക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss