|    Oct 18 Thu, 2018 11:21 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ബനാറസ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനികളെ പോലിസ് വളഞ്ഞിട്ട് തല്ലി

Published : 25th September 2017 | Posted By: fsq

 

വാരണാസി: കാംപസിനകത്ത് വിദ്യാര്‍ഥിനി പീഡനത്തിനിരയായതില്‍ പ്രതിഷേധിച്ച് ബനാറസ് ഹിന്ദു സര്‍വകലാശാല(ബിഎച്ച്‌യു)യില്‍ നടത്തിയ പ്രതിഷേധം അക്രമത്തിലും പോലിസ് ലാത്തിച്ചാര്‍ജിലും കലാശിച്ചു. വിദ്യാര്‍ഥിനികളെ പോലിസ് വളഞ്ഞിട്ട് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഏറ്റുമുട്ടലില്‍ നിരവധി പോലിസുകാര്‍ക്കും പരിക്കേറ്റു. പുരുഷ പോലിസുകാരാണ് പെണ്‍കുട്ടികള്‍ക്ക് നേരെ അതിക്രമം നടത്തിയത്. വനിതാ പോലിസുകാര്‍ ആരും സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ല. യാതൊരു പ്രകോപനവും കൂടാതെയാണ് പോലിസ് മര്‍ദിച്ചതെന്ന് വിദ്യാര്‍ഥിനികള്‍ ആരോപിച്ചു. പോലിസ് വനിതാ ഹോസ്റ്റലിലേക്ക് അതിക്രമിച്ചുകടക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്നലെ മുതല്‍ ഒക്ടോബര്‍ രണ്ടു വരെ സര്‍വകലാശാല അവധി പ്രഖ്യാപിച്ചു. ഈ മാസം 28നായിരുന്നു അവധി തുടങ്ങേണ്ടിയിരുന്നത്. ഹോസ്റ്റലിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിനിയെ മോട്ടോര്‍ സൈക്കിളിലെത്തിയ മൂന്നുപേര്‍ കാംപസില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധം കത്തിപ്പടര്‍ന്നത്. വിദ്യാര്‍ഥിനികളെ പീഡിപ്പിക്കുന്നതിനെതിരേ സര്‍വകലാശാലയുടെ പ്രധാന കവാടത്തില്‍ വ്യാഴാഴ്ച മുതല്‍  പ്രതിഷേധ പരിപാടികള്‍ നടന്നുവരുകയായിരുന്നു.വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതില്‍ പ്രതിഷേധിച്ച് ചില വിദ്യാര്‍ഥികള്‍ വൈസ് ചാന്‍സലറെ കാണാന്‍ അദ്ദേഹത്തിന്റെ വസതിയിലെത്തി. എന്നാല്‍ സുരക്ഷാഭടന്‍മാര്‍ അവരെ തടയുകയും പോലിസിനെ വിവരമറിയിക്കുകയും ചെയ്തു. പോലിസ് എത്തിയതോടെ കുഴപ്പം തുടങ്ങി. കല്ലേറ് നടത്തിയ വിദ്യാര്‍ഥികള്‍ക്കു നേരെ പോലിസ് ലാത്തി വീശി. സംഘര്‍ഷത്തെ തുടര്‍ന്ന്  1500ഓളം പോലിസുകാരെ സര്‍വകലാശാലാ കാംപസില്‍ വിന്യസിച്ചിട്ടുണ്ട്. എന്നാല്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം രാഷ്ട്രീയപ്രേരിതമാണെന്നാണ് സര്‍വകലാശാലയുടെ നിലപാട്. വിദ്യാര്‍ഥികള്‍ക്കെതിരായ പോലിസ് നടപടിയില്‍ ജെഡിയു നേതാവ് ശരത് യാദവ് അപലപിച്ചു. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് പോലിസ് നടപടി. ജനാധിപത്യത്തിലെ അസഹിഷ്ണുതയാണ് പ്രകടമായത്. സര്‍ക്കാര്‍  മാപ്പു പറയണം-യാദവ് പറഞ്ഞു. ജില്ലാ മജിസ്‌ട്രേറ്റ് യോഗേശ്വര്‍ റാംജി മിശ്രയും പോലിസ് സൂപ്രണ്ട് ദിനേശ് സിങും അടക്കം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss