|    Jul 26 Wed, 2017 6:20 pm
FLASH NEWS

ബദല്‍ സ്‌കൂള്‍ അധ്യാപകര്‍ക്ക് വേതനം ലഭിച്ചിട്ട് അഞ്ചു മാസം

Published : 27th August 2016 | Posted By: SMR

മലപ്പുറം: ശമ്പളം ലഭിച്ചിട്ടുവേണം ഓണക്കോടി വാങ്ങാന്‍ എന്ന പ്രതീക്ഷയൊന്നും ബദല്‍ സ്‌കൂള്‍ അധ്യാപകര്‍ക്കു വേണ്ട. അഞ്ചു മാസമായി ശമ്പളമില്ലാതെ ജോലിചെയ്യുന്ന അധ്യാപകര്‍ക്ക് ഓണം ഇങ്ങെത്തിയിട്ടും ശമ്പളകാര്യത്തില്‍ യാതൊരു നടപടിയും ഇതുവരെ ഇണ്ടായില്ലെന്നാണ് ഇവരുടെ പരാതി. കഴിഞ്ഞ മാര്‍ച്ചിന് ശേഷം ഇതുവരെ ശമ്പളം ലഭിച്ചിട്ടില്ല. ഇതിന് മുട്ടാത്ത വാതിലുകളില്ല.വളരെ തുച്ചമായ ശമ്പളമാണ് ഉള്ളതെങ്കിലും അതും മുടങ്ങാതെ ലഭിക്കാത്തതിനാല്‍ പട്ടിണിമാറ്റാന്‍ മറ്റു പല ജോലികള്‍ ചെയ്തശേഷമാണ് അധ്യാപകനായി സ്‌കൂളിലെത്തുന്നത്.
മറ്റു സ്‌കൂള്‍ അധ്യാപകരെക്കാളും വളരെ പ്രായസപ്പെട്ടാണ് ഇവര്‍ ജോലിചെയ്യുന്നത്. ഏകാധ്യാപകര്‍ക്ക് ആകെ ശമ്പളം 5000രൂപയാണ്.നിത്യക്കൂലി നോക്കിയാല്‍ സ്‌കൂളിലെ പാചക തൊഴിലാളിക്ക് ലഭിക്കുന്നതിലും കുറവ്. ആദിവാസി ഊരുകളിലും വനമേഖല, കടലോര പ്രദേശങ്ങള്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ ഒന്നു മുതല്‍ നാലു വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കുകയാണ് ഇവരുടെ ജോലി. മണിക്കൂറുകള്‍ നടന്നു വേണം മിക്കയിടങ്ങളിലെയും ബദല്‍ സ്‌കൂളിലെത്താന്‍. 5000ആയിരുന്ന ശമ്പളം 10,000ആക്കിയെന്ന പ്രഖ്യാപനം വന്നുവെങ്കിലും വര്‍ധനവ് വന്നോ എന്നറിയണമെങ്കില്‍ ശമ്പളം കൈയില്‍ കിട്ടണ്ടേ എന്നാണ് അധ്യാപകര്‍ ചോദിക്കുന്നത്. 67 ബദല്‍ സ്‌കൂളുകളിലായി ജില്ലയില്‍ 77 അധ്യാപകരാണ് തീരദേശത്തും വനപ്രദേശങ്ങളിലുമായി ജോലിച്ചെയ്യുന്നത്.1998ല്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ കേന്ദ്ര മാനവശേഷി വികസന വകുപ്പിന്റെ സഹായത്തോടെ ആദിവാസികളുടെയും മല്‍സ്യതൊഴിലാളികളുടെയും കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കാന്‍ ബദല്‍ സ്‌കൂളുകള്‍ ആരംഭിച്ചത്.
പ്രതിമാസം 3000രൂപയില്‍ ജോലി തുടങ്ങിയ അധ്യാപകര്‍ക്ക് 2016മാര്‍ച്ച് വരെയുള്ള കാലയളവില്‍ ശമ്പളം 5000രൂപയായിരുന്നു. ഇതാണ് 10,000മാക്കി വര്‍ധിപ്പിച്ചതായി കഴിഞ്ഞ സര്‍ക്കാറിന്റെ അവസാന നാളുകളില്‍ പ്രഖ്യാപിച്ചത്. 18വര്‍ഷമായിട്ടും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപകരെ സ്ഥിരപ്പെടുത്തുന്നതിന് സംസ്ഥാനത്ത് മാറിമാറി വന്ന സര്‍ക്കാറുകള്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല.വിദ്യാഭ്യാസ യോഗ്യതഅനുസരിച്ച് ഇവരെ സ്ഥിരപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അതും പാഴ് വാക്കായി.1997ല്‍ ഡിപിഇപിയുടെ കീഴിലാണ് ഏകാധ്യാപക വിദ്യാലയത്തിന്റെ സ്ഥാനത്ത് ബദല്‍ സ്‌കൂള്‍ സംവിധാനത്തിന് തുടക്കമിട്ടത്. എസ്എസ്എ വന്നതോടെ അതിനു കിഴിലായി അധ്യാപകര്‍. ഫണ്ടില്ലെന്നാണു ശമ്പളം മുടങ്ങിയതിന് കാരണം പറയുന്നത്. എപ്പോള്‍ ഫണ്ടാവുമെന്ന് വിദ്യഭ്യാസ വകുപ്പ് അധികൃതര്‍ പറയുന്നുമില്ല.
കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞിയും പാലും മുട്ടയും മറ്റും നല്‍കേണ്ടതും അധ്യാപകര്‍ തന്നെ. ഒരു കുട്ടിക്ക് ഒരു ദിവസത്തേക്ക് നല്‍കുന്നത് അഞ്ചു രൂപ. പറഞ്ഞ മെനു അനുസരിച്ച് ഈ തുക തികയില്ല. അതോടെ ആ വകയില്‍ അധികം വരിന്ന ചെലവിന് പണം കണ്ടത്തേണ്ട ബാധ്യതയും അധ്യാപകര്‍ക്കായി. പാചക തൊഴിലാളിക്ക് 350രൂപ കൂലി മുടങ്ങാതെ എത്തുന്നുണ്ട്. എന്നാല്‍ അധ്യാപകര്‍ അപ്പോഴും പടിക്കു പുറത്തുതന്നെ. ഒറ്റയാള്‍ പട്ടാളമായതുകൊണ്ട് എല്ലാ ചുമതലകളും പേറേണ്ടി വരുന്നു ഏകാധ്യാപകര്‍.യൂനിഫോം മുതല്‍ അരി വരെ അധ്യാപകര്‍ എത്തിക്കണം.ബദല്‍ സ്‌കൂള്‍ സംവിധാനത്തിനു തുടക്കമിട്ടപ്പോള്‍ മുതല്‍ ജോലിചെയ്യുന്നവരുമുണ്ട് ഇക്കൂട്ടത്തില്‍.കൂടുതലും വനിതകള്‍. ബദല്‍ സ്‌കൂള്‍ അധിക ബാധ്യതയാണെന്ന മനോഭാവമാണ് ഉന്നത അധികൃതരില്‍ പലര്‍ക്കുമെന്ന് അധ്യാപകര്‍ പറയുന്നു. ഉള്ള തുച്ചമായ ശമ്പളം മുടങ്ങിയതോടെ അധ്യാപകര്‍ സമരത്തിനിറങ്ങാനുള്ള തയ്യാറെടുപ്പിലാണ്.
സമര പരിപാടികള്‍ ആസൂത്രണചെയ്യാന്‍ ഇന്നലെ ബദല്‍ സ്‌കൂള്‍ അധ്യാപകരുടെ സംഘടനയുടെ കൂട്ടായ്മായ ആള്‍ട്രനേറ്റീവ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി യോഗം ഇന്നലെ തൃശൂരില്‍ ചേര്‍ന്നിരുന്നു. ഓണത്തിനു മുമ്പ് ശമ്പളം കിട്ടിയില്ലെങ്കില്‍ അധ്യാപകര്‍ സമരം ചെയ്യുമെന്ന് ആള്‍ട്രനേറ്റീവ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ടി കെ വിജയന്‍ തേജസിനോട് പറഞ്ഞു. തിരുവോണ നാളില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ വാഴയിലയിട്ട് കുത്തിയിരുപ്പ് സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക