|    Jun 19 Tue, 2018 4:44 am

ബദല്‍ സംവിധാനങ്ങളില്ല; പച്ചക്കറി വില കുതിക്കുന്നു

Published : 24th January 2017 | Posted By: fsq

 

ഒലവക്കോട്:സര്‍ക്കാര്‍ ബദല്‍സംവിധാനങ്ങളൊരുക്കാത്തതിനാല്‍  സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. തമിഴ്‌നാട്ടിലെ കൃഷി നാശവും പൊങ്കല്‍ ആഘോഷവുമാണ് ഇപ്പോഴത്തെ പച്ചക്കറിയുടെ വിലക്കയറ്റത്തിന് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. വിപണിയില്‍ പച്ചക്കറി വില കുത്തനെ ഉയര്‍ന്നിട്ടും ബദല്‍ സംവിധാനമൊരുക്കാതെ സര്‍ക്കാര്‍ നോക്കുകുത്തിയാവുകയാണ്. രണ്ടാഴ്ചയായി നിലനില്‍ക്കുന്ന വിലക്കയറ്റം സംസ്ഥാനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. കേരളത്തില്‍ ക്ഷേത്രോല്‍സവങ്ങള്‍ ആരംഭിച്ചതോടെ സസ്യാഹാരത്തിന് ആവശ്യക്കാര്‍ ഏറെയാണ്. ഈ സാഹചര്യം മുതലെടുത്താണ് മൊത്ത വിതരണക്കാര്‍ വില വര്‍ധിപ്പിച്ചിരിക്കുന്നതെന്ന് ചെറുകിടക്കാര്‍ ആരോപിക്കുന്നു. കിലോയ്ക്ക് 10 രൂപയായിരുന്ന വെള്ളരിക്കയ്ക്ക് ഇപ്പോള്‍ 90 രൂപയാണ് കമ്പോള വില. മുരിങ്ങയ്ക്ക കിലോയ്ക്ക് 15-ല്‍  നിന്ന് 160 ലേക്കും  അമരയ്ക്ക 10 ല്‍ നിന്ന് 60 രൂപയിലേക്കും ഉയര്‍ന്നു. കത്തിരിക്ക 20 രൂപയായിരുന്നത് രണ്ടാഴ്ചയായി 80 രൂപയാണ്. പച്ചമുളക് കിലോയ്ക്ക് 10 രൂപയായിരുന്നു ജനുവരി ആദ്യവാരത്തെ വിലയെന്നാല്‍ ഇപ്പോഴത് 80 രൂപയായി. കാബേജ്, പയര്‍, വെണ്ടയ്ക്ക, ഏത്തക്കായ്, ബീറ്റ്‌റൂട്ട്, തക്കാളി, പടവലം തുടങ്ങി പച്ചക്കറികള്‍ക്കെല്ലാം 50 മുതല്‍ 100 രൂപവരെയാണ് വില വര്‍ധന. തമിഴ്‌നാട്ടിലെ കമ്പോളങ്ങളുടെ നിയന്ത്രണം ഇടനിലക്കാര്‍ ഏറ്റെടുത്തതോടെയാണ് കേരളത്തില്‍ പച്ചക്കറികള്‍ക്ക് കൃത്രിമ ക്ഷാമവും വിലക്കയറ്റവും രൂക്ഷമായതെന്ന് ചെറുകിട വ്യാപാരികള്‍ പറയുന്നു. ഇടയ്ക്ക് ഇത്തരത്തില്‍ അന്യസംസ്ഥാനക്കാര്‍ പച്ചക്കറികള്‍ക്ക് കൃത്രിമക്ഷാമം സൃഷ്ടിച്ചപ്പോള്‍ പോലും ബദല്‍ സംവിധാനമെന്നോണം ഇവിടെ ജൈവപച്ചക്കറി പ്രോല്‍സാഹിപ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ കാലാവസ്ഥ വ്യതിയാന വകുപ്പ്  വഴി അനുവദിച്ച എട്ട് കോടിയോളം രൂപയാണ് അടുക്കളത്തോട്ടം നിര്‍മിക്കാനും മട്ടുപ്പാവ് കൃഷിക്കുമായി ചെലവഴിച്ചത്. അന്യസംസ്ഥാനത്തു നിന്നുള്ള പച്ചക്കറികള്‍ക്ക് കേരളത്തില്‍ ആവശ്യക്കാര്‍ കുറയുന്നുവെന്ന് കണ്ടതോടെ വില കുറയ്ക്കാനും സാധനങ്ങള്‍ യഥേഷ്ടം എത്തിക്കുവാനും വിതരണക്കാര്‍ തയ്യാറായി. തമിഴ്‌നാട്ടില്‍ നിന്ന് വീണ്ടും കുറഞ്ഞ വിലയ്ക്ക് പച്ചക്കറി എത്തി തുടങ്ങിയതോടെ അടുക്കളതോട്ടവും ജൈവകൃഷിയും കേരളീയര്‍ ഉപേക്ഷിക്കുകയാണ്.കോയമ്പത്തൂര്‍, മേട്ടുപ്പാളയം ചന്തകളില്‍ നിന്നാണ് സംസ്ഥാനത്തേക്കുള്ള പച്ചക്കറികളുടെ പ്രധാനവരവ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരും ഉത്പന്നങ്ങള്‍ ഇവിടെ എത്തിച്ചാണ് വില്‍പ്പന. ചെറുകിട വ്യാപാരികളെ അകറ്റിനിര്‍ത്തി ഇടനിലക്കാരും മൊത്ത വ്യാപാരികളുമാണ് ഈ കമ്പോളങ്ങളിലെ വില്‍പ്പന നിയന്ത്രിക്കുന്നതും വില നിശ്ചയിക്കുന്നതും. പച്ചക്കറികളുടെ സംഭരണം  ഇവര്‍ മുഖേന  ആയതിനാല്‍ വിലക്കയറ്റവും കൃത്രിക്ഷാമവും സ്വാഭാവികം മാത്രമായി മാറുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss