|    Sep 24 Mon, 2018 11:46 am

ബദല്‍ സംവിധാനം ഒരുക്കാതെ അധികൃതര്‍

Published : 19th December 2017 | Posted By: kasim kzm

വര്‍ക്കല: ടൗണിലേക്കുള്ള പ്രവശന കവാടമെന്ന് ഖ്യാതിയുള്ള മൈതാനം റെയില്‍വേ ഗേറ്റ് പൂട്ടിയിട്ട് കാലങ്ങളാവുന്നു. സുരക്ഷാ കാരണങ്ങള്‍ നിരത്തിയാണ് റെയില്‍വേ അധികൃതര്‍ ഈ ലെവല്‍ക്രോസ്  അടച്ചു പൂട്ടിയത്. എന്നാല്‍ ബദല്‍ സംവിധാനമെന്ന നിലയില്‍ ഫുഡ് ഓവര്‍ ബ്രിഡ്ജ് നിര്‍മിക്കുവാന്‍ ഇനിയുമായിട്ടില്ല. ട്രാക്ക് മുറിച്ച് കടക്കുന്നതില്‍ നിയമ സാധ്യതയില്ലെങ്കിലും മറ്റു പോംവഴികളില്ലാതെ ജനം ഇതുവഴിയാണ് വന്നു പോകുന്നത്. അപകട സാധ്യത കണക്കിലെടുത്ത് ഇവിടം കേന്ദ്രീകരിച്ച് ഒരു ഫുട് ഓവര്‍ ബ്രിഡ്ജ് നിര്‍മിക്കണമെന്ന പ്രദേശവാസികളുടെ ചിരകാലാവശ്യം ഇനിയും പരിഗണിക്കപ്പെട്ടിട്ടില്ല. തീര്‍ത്ഥാടനം അടുത്ത സാഹചര്യത്തില്‍ വര്‍ക്കലയില്‍ എത്തുന്ന പരദേശികളിലധികവും ഈ ലെവല്‍ക്രോസ് മറികടന്നാണ് ശിവഗിരിയിലെത്തുന്നത്. ട്രാക്കിന് കിഴക്ക് വശത്തുള്ളവര്‍ നിത്യേന ടൗണില്‍ വന്നു പോകുന്നതും ഇതുവഴിയാണ്. തീര്‍ത്ഥാടന കാലം കണക്കിലെടുത്ത് സുരക്ഷയെ മുന്‍നിര്‍ത്തി സുരക്ഷാജീവനക്കാരനെ നിയമിക്കണമെന്ന ആവശ്യം ശക്തമാണ്. പരാതിയുടെ അടിസ്ഥാനത്തില്‍ ഉന്നത റെയില്‍വേ ഉദ്യോഗസ്ഥര്‍ അടുത്തിടെ സ്ഥലം സന്ദര്‍ശിച്ച് ഫുട് ഓവര്‍ ബ്രിഡ്ജ് നിര്‍മിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജന പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഉറപ്പ് നല്‍കിയെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടാകുന്നില്ല. 2003 സപ്തംബര്‍ നാലിനാണ് ഗേറ്റടച്ച് ഗതാഗതം അണ്ടര്‍ പാസേജ് വഴി തിരിച്ചു വിട്ടത്. ബ്രോഡ്‌ഗേജ് ലൈന്‍ വരികയും ഇരു ദിശകളില്‍ നിന്നുമുള്ള ട്രെയിനുകളുടെ എണ്ണം വര്‍ധിക്കുകയും ചെയ്തപ്പോള്‍ റെയില്‍വേ ഗേറ്റ് വഴിയുള്ള സുഗമമായ ഗതാഗതത്തിന് തടസം നേരിടുകയാണുണ്ടായത്. ഇതേ തുടര്‍ന്നാണ് സമീപത്ത് റെയില്‍വേ അടിപ്പാത നിര്‍മിച്ചത്. റെയില്‍വേ ഗേറ്റ്് അടച്ച നടപടിയില്‍ വന്‍ പ്രതിഷേധമാണന്നുണ്ടായത്. 2006 ഡിസംബര്‍ 31ന് ലാലുപ്രസാദ് യാദവ് ശിവഗിരി തീര്‍ഥാടനത്തിന് എത്തിയ വേളയിലും അടിയന്തര പ്രാധാന്യം നല്‍കി ഗേറ്റ് തുറക്കാമെന്ന് പറഞ്ഞിരുന്നു. ഇതിന് മുന്നോടിയായി പുതിയ കാവല്‍പുരം നിര്‍മിച്ച് പ്രാരംഭ നടപടികളും പാലിച്ചിരുന്നു. എന്നാല്‍ വീണ്ടും സുരക്ഷാ കാരണങ്ങള്‍ നിരത്തി ഒടുവില്‍ റെയില്‍വേ ഉദ്യമത്തില്‍ നിന്നും പിന്തിരിയുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss