|    Apr 20 Fri, 2018 3:11 am
FLASH NEWS
Home   >  Editpage  >  Middlepiece  >  

ബദല്‍ വിദ്യാഭ്യാസത്തെപ്പറ്റി പത്തു സൂചനകള്‍

Published : 3rd September 2016 | Posted By: SMR

 ‘ജെറി മിന്‍സ്

തങ്ങളുടെ കാലത്തേക്കാള്‍ വിദ്യാലയ പഠനം ഏറെ മാറിയിരിക്കുന്നുവെന്ന് പല മാതാപിതാക്കളും തിരിച്ചറിയുന്നില്ല. അന്നു വിദ്യാലയങ്ങളും ക്ലാസുകളും താരതമ്യേന ചെറുതായിരുന്നു. വിദ്യാലയങ്ങളിലെ അക്രമങ്ങളെക്കുറിച്ച് കേട്ടറിവു പോലുമുണ്ടായിരുന്നില്ല. വിദ്യാര്‍ഥികളെ സ്‌നേഹിക്കുന്നതില്‍ അധ്യാപകര്‍ക്കു ഭീതിയുണ്ടായിരുന്നില്ല. പൊതുവിദ്യാഭ്യാസ സമ്പ്രദായം ഏറെ തകര്‍ന്നിരിക്കുന്നതിനാല്‍, ധാരാളം രക്ഷിതാക്കളും അധ്യാപകരും മറ്റു വ്യക്തികളും സ്വയം വിദ്യാഭ്യാസ ബദലുകള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. സമൂഹത്തില്‍ ഇത്തരം ബദല്‍ മാതൃകകള്‍ ലഭ്യമാണെന്ന് രക്ഷിതാക്കള്‍ അറിയേണ്ടത് പ്രധാനമാണ്. നിങ്ങളുടെ കുട്ടിക്ക് മറ്റൊരു വിദ്യാഭ്യാസ സമീപനം തേടേണ്ട സമയമായെന്ന് എങ്ങനെ തിരിച്ചറിയാം? ഇതാ ഏതാനും സൂചനകള്‍:  1. വിദ്യാലയത്തെ വെറുക്കുന്നുവെന്ന് നിങ്ങളുടെ കുട്ടി പറയുന്നുണ്ടോ? അങ്ങനെയെങ്കില്‍, വിദ്യാലയത്തെ സംബന്ധിച്ച് എന്തോ കുഴപ്പമുണ്ട്. കുട്ടികള്‍ സ്വാഭാവികമായി പഠിതാക്കളാണ്. ബാല്യത്തില്‍ പുതിയ അറിവുകള്‍ കരസ്ഥമാക്കുന്നതില്‍ നിന്ന് അവരെ തടയുക എളുപ്പമല്ല.  കുട്ടി വിദ്യാലയത്തെ വെറുക്കുന്നു എന്നു പറയുന്നുവെങ്കില്‍ ശ്രദ്ധിക്കുക. 2. നിങ്ങളുടെ കുട്ടിക്ക് മുതിര്‍ന്നവരുടെ കണ്ണുകളിലേക്കു നോക്കുന്നതിനും പ്രായവ്യത്യാസമുള്ള കുട്ടികളുമായി ഇടപഴകുന്നതിലും ബുദ്ധിമുട്ടുണ്ടോ?എങ്കില്‍, മിക്ക വിദ്യാലയങ്ങളിലും എന്നപോലെ നിങ്ങളുടെ കുട്ടിക്കും സമപ്രായക്കാരുമായി മാത്രമേ സാമൂഹിക ബന്ധം പുലര്‍ത്താന്‍ കഴിയുന്നുള്ളൂ. മറ്റു പ്രായക്കാരായ കുട്ടികളുമായും മുതിര്‍ന്നവരുമായും ഇടപെടുന്നതിനുള്ള വിശാലമായ കാഴ്ചപ്പാട് കുട്ടിക്കു നഷ്ടമാകുന്നു എന്നര്‍ഥം. 3. വിദ്യാലയത്തില്‍ പോകുമ്പോള്‍ ബ്രാന്‍ഡഡ് ഫാഷന്‍ വസ്ത്രങ്ങള്‍ ധരിക്കാന്‍ കുട്ടി താല്‍പര്യപ്പെടുന്നുണ്ടോ? ആന്തരിക മൂല്യങ്ങളേക്കാള്‍ ബാഹ്യപ്രകടനപരതയ്ക്ക് പ്രാധാന്യം കൊടുക്കുന്നൊരു സമീപനത്തിന്റെ ലക്ഷണമാണിത്.  4. ക്ഷീണിതനും വട്ടുപിടിച്ചവനുമായാണോ കുട്ടി വിദ്യാലയത്തില്‍ നിന്നു വരുന്നത്? വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്ക് തിരക്കുപിടിച്ച ദിനങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍, സ്ഥിരമായ ക്ഷീണവും മുന്‍കോപവും സൂചിപ്പിക്കുന്നത് അവരുടെ വിദ്യാഭ്യാസരീതി ഒട്ടുംതന്നെ ഊര്‍ജദായകമല്ലെന്നും മറിച്ചു ദുര്‍ബലപ്പെടുത്തുന്നതാണെന്നുമാണ്. 5. വിദ്യാലയത്തില്‍ ഉണ്ടാക്കിയ വഴക്കുകളെക്കുറിച്ചും അനീതികരമായ സംഭവങ്ങളെക്കുറിച്ചും കുട്ടി പരാതിപ്പെടാറുണ്ടോ? വഴക്കുകളും അഭിപ്രായവ്യത്യാസങ്ങളും രമ്യമായി പരിഹരിക്കുന്നതിനു വിദ്യാര്‍ഥികേന്ദ്രിതമായൊരു സമീപനം പ്രസ്തുത വിദ്യാലയത്തിന് ഇല്ലെന്നാണ് ഇത്തരം സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.  6. കല, സംഗീതം, നൃത്തം എന്നിവയിലൂടെയുള്ള സര്‍ഗാത്മക ആശയപ്രകാശനത്തിനുള്ള താല്‍പര്യം കുട്ടിക്ക് നഷ്ടപ്പെട്ടുവോ? സാമ്പ്രദായിക വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഇത്തരം സര്‍ഗാത്മക തുറവികള്‍ പഠനവിഷയങ്ങളേക്കാള്‍ രണ്ടാം തരമായാണ് പരിഗണിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ അധികം പ്രോത്സാഹിപ്പിക്കപ്പെടുന്നുമില്ല. പലയിടങ്ങളിലും കലാവിഷയങ്ങള്‍ പഠിപ്പിക്കുന്നു പോലുമില്ല. 7. സ്വന്തം ഇഷ്ടത്തിന് എഴുതുന്നതും വായിക്കുന്നതും മറ്റു താല്‍പര്യങ്ങള്‍ പിന്തുടരുന്നതും കുട്ടി നിര്‍ത്തിയോ? കുറഞ്ഞ സമയം മാത്രമാണോ ഗൃഹപാഠം ചെയ്യുന്നത്? നൈമിഷികമായി ഉയര്‍ന്നുവരുന്ന പ്രവര്‍ത്തനങ്ങളും കുട്ടികളുടെ സ്വാതന്ത്ര്യവും വിദ്യാലയത്തില്‍ വിലമതിക്കുന്നില്ലെന്നതിന്റെ ലക്ഷണമാവാമിത്. പഠനത്തെ സ്വയം നിയന്ത്രിക്കാനുള്ളൊരു ത്വര എല്ലാ കുട്ടികളിലുമുണ്ട്. എന്നാല്‍, ചിട്ടപ്പെടുത്തിയ പരീക്ഷകള്‍ക്കു കുട്ടികളെ സജ്ജമാക്കാനുള്ള വ്യഗ്രതയില്‍ ഈ താല്‍പര്യം പരിപോഷിപ്പിക്കാന്‍ അധ്യാപകര്‍ക്ക് കഴിയുന്നില്ല. കുട്ടികള്‍ മുമ്പ് ഇഷ്ടപ്പെട്ടിരുന്ന വിഷയങ്ങളെ വെറുക്കാനും സര്‍ഗാത്മക ശേഷി നഷ്ടപ്പെട്ടവരാകാനും ഇത് കാരണമാകുന്നു.8. ഗൃഹപാഠം ചെയ്യുന്നത് കുട്ടി അവസാന നിമിഷം വരെ മാറ്റിവയ്ക്കുന്നുവോ? കുട്ടിയുടെ താല്‍പര്യങ്ങളും ആവശ്യങ്ങളുമായി ഗൃഹപാഠങ്ങള്‍ ഒത്തുപോകുന്നില്ല എന്നതിന്റെ തെളിവാണിത്.  9. വിദ്യാലയത്തില്‍ അന്നുണ്ടായ ഏതെങ്കിലും ആവേശകരമായ സംഭവത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടാണോ കുട്ടി വീട്ടില്‍ വരുന്നത്? അല്ലെങ്കില്‍ വിദ്യാലയത്തില്‍ ഒന്നുംതന്നെ കുട്ടിയെ ആവേശഭരിതനാക്കുന്നില്ല എന്നുറപ്പ്. വിദ്യാലയം, വിദ്യാഭ്യാസ സമ്പ്രദായം എന്തുകൊണ്ട് രസകരവും ആവേശകരവും നവോന്മേഷപ്രദായകവുമായിക്കൂടാ? 10. നിങ്ങളുടെ കുട്ടിക്ക് എന്തോ തകരാറുണ്ടെന്നും വിദഗ്ധ ചികില്‍സയും മരുന്നുകളും ആവശ്യമായേക്കാമെന്നും വിദ്യാലയാധികൃതര്‍ കരുതുന്നുണ്ടോ?ഇത്തരം നിരീക്ഷണങ്ങളെ സൂക്ഷിക്കുക. ഇന്നത്തെ സാമ്പ്രദായിക വിദ്യാഭ്യാസരീതി കുട്ടികളുടെ സ്വാഭാവിക പെരുമാറ്റത്തെ നിയന്ത്രിക്കുന്നതിലാണ് ഊന്നുന്നത്. പരീക്ഷാ സമ്പ്രദായത്തിന്റെ ആവശ്യങ്ങള്‍ വിദ്യാര്‍ഥികളെ കൈകാര്യം ചെയ്യുന്നതില്‍ നിന്ന് ഒരു അധ്യാപകനെ/യെ പരിമിതപ്പെടുത്തുന്നുവെങ്കില്‍, സ്വന്തം താല്‍പര്യങ്ങള്‍ പിന്തുടരുന്നതില്‍ നിന്നു വിദ്യാര്‍ഥികളെ നിരുത്സാഹപ്പെടുത്തുന്നുവെങ്കില്‍, വ്യക്തിപരമായ ശ്രദ്ധയോ ഇടപെടലുകളോ ഇല്ലാതെ അഞ്ചും ആറും മണിക്കൂര്‍ കുട്ടികള്‍ ഇരിക്കേണ്ടിവരുന്നുവെങ്കില്‍, പ്രസ്തുത വിദ്യാലയത്തിനാണ് രോഗമെന്നാണ് എന്റെ അഭിപ്രായം. നിങ്ങളുടെ കുട്ടിയെ അവിടെ നിന്നു പുറത്തുകടത്താന്‍ സമയമായിരിക്കുന്നു.                              ി

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss