|    Nov 19 Mon, 2018 3:23 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

ബദല്‍ രേഖയും ന്യൂനപക്ഷങ്ങളും

Published : 9th November 2018 | Posted By: kasim kzm

അഡ്വ. ജി സുഗുണന്‍

രാഷ്ട്രീയരംഗത്ത് വിവാദം സൃഷ്ടിച്ച ബദല്‍ രേഖയാണല്ലോ സിഎംപി രൂപീകരണത്തിന്റെ അടിസ്ഥാന ശില. കേരളത്തില്‍ പാര്‍ട്ടി സ്വീകരിക്കേണ്ട ഐക്യമുന്നണി അടവുകളെപ്പറ്റി അഭിപ്രായ വ്യത്യാസങ്ങള്‍ 1985-86കളില്‍ സിപിഎമ്മില്‍ ഉണ്ടായി. ഇടതു മുന്നണിക്കെതിരായി നിലകൊള്ളുന്ന യുഡിഎഫ് അന്നു കൂടുതല്‍ ശക്തിപ്പെടുകയും ചെയ്തിരുന്നു. അതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് എങ്ങനെ മുന്നണി ശക്തിപ്പെടുത്താം എന്ന ചര്‍ച്ച പാര്‍ട്ടിയില്‍ ഉണ്ടായത്.
പാര്‍ട്ടി നയത്തെപ്പറ്റി സ്വതന്ത്രവും കാര്യമാത്രപ്രസക്തവുമായ ചര്‍ച്ചകള്‍ നടത്തുന്നത് പാര്‍ട്ടിയെ ഏകീകരിക്കുന്നതിനു പ്രയോജനപ്രദവും ആവശ്യവുമാണെന്നാണ് സിപിഎം ഭരണഘടനയില്‍ പറയുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് മുസ്‌ലിംലീഗ്, കേരളാ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുമായുള്ള സഖ്യം പാര്‍ട്ടിയെ ഒറ്റപ്പെടുത്താനേ സഹായിക്കുകയുള്ളൂ എന്ന സിപിഎം കത്തിനെതിരായി എം വി രാഘവന്‍, പുത്തലത്ത് നാരായണന്‍, പി വി കുഞ്ഞിക്കണ്ണന്‍, ഇ കെ ഇമ്പിച്ചിബാവ, ടി ശിവദാസ മേനോന്‍, വി ദക്ഷിണാമൂര്‍ത്തി, പാട്യം രാജന്‍, പി വി മൂസാന്‍കുട്ടി, സി കെ ചക്രപാണി എന്നീ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍, കേരളത്തില്‍ മുസ്‌ലിംലീഗ്-കേരളാ കോണ്‍ഗ്രസ് ബന്ധം പാര്‍ട്ടിക്ക് പ്രയോജനപ്പെടുമെന്നും കേന്ദ്ര കമ്മിറ്റിയുടെ വാദം അടിസ്ഥാനരഹിതമാണെന്നു സമര്‍ഥിച്ചുകൊണ്ടും ഭിന്നാഭിപ്രായ കുറിപ്പ് അവതരിപ്പിച്ചത്.
ഭരണഘടന രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് ഉറപ്പുനല്‍കിയിട്ടുള്ള മൗലികമായ അവകാശങ്ങള്‍ പോലും ഇന്നു ലഭിക്കുന്നില്ലെന്നും ഈ വിഭാഗത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തയ്യാറാകണമെന്നും സിപിഎം പാര്‍ട്ടി പരിപാടിയില്‍ പറഞ്ഞിട്ടുള്ള കാര്യം ബദല്‍ രേഖയില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. വസ്തുത ഇതായിരിക്കെ ന്യൂനപക്ഷങ്ങളുടെ പൊതുവായ താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാല്‍ അതു ന്യൂനപക്ഷ പ്രീണനമാകുമെന്നും ഭൂരിപക്ഷ വിഭാഗങ്ങള്‍ക്ക് എതിരാകുമെന്നുമുള്ള വാദത്തിനു യാതൊരു അടിസ്ഥാനവുമില്ല.
രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ ഇന്ന് ഏറ്റവും കടുത്ത വെല്ലുവിളി നേരിടുകയാണ്. തനി ന്യൂനപക്ഷ വിരുദ്ധരുടെ ഭരണമാണ് രാജ്യത്ത് ഉള്ളതെന്നത് ആര്‍ക്കും നിഷേധിക്കാനും കഴിയില്ല. സിപിഎം പാര്‍ട്ടി പരിപാടിയില്‍ പറയുന്നതുപോലെ, ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ പോലും ന്യൂനപക്ഷങ്ങള്‍ക്ക് ഇന്നു നിഷേധിച്ചുകൊണ്ടിരിക്കുകയാണ്. ന്യൂനപക്ഷങ്ങള്‍ കേരളം പോലുള്ള ചുരുക്കം ചില സംസ്ഥാനങ്ങളില്‍ അവരുടെ നില കുറച്ചെങ്കിലും മെച്ചപ്പെടുത്തിയിട്ടുണ്ടെന്നുള്ളത് വസ്തുതയാണ്.
എന്നാല്‍, രാജ്യത്തെ മഹാഭൂരിപക്ഷം സംസ്ഥാനങ്ങളിലും അവകാശങ്ങള്‍ നിഷ്‌കരുണം നിഷേധിക്കപ്പെട്ട ഒരു വിഭാഗമായി അവര്‍ മാറിയിരിക്കുകയാണ്. ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളില്‍ അവര്‍ കൂട്ടക്കൊലയ്ക്കു വരെ ഇരയാവുകയും ചെയ്യുകയാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരായി കൊലക്കത്തി ഉയര്‍ത്തുന്നവര്‍ക്ക് ഭരണകൂടം സംരക്ഷണം നല്‍കുകയും, ഇത്തരം സംഭവങ്ങള്‍ ഭൂരിപക്ഷത്തിന്റെ പിന്തുണ പിടിച്ചുപറ്റുന്നതിനുള്ള ആയുധമായി ഉപയോഗിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.
രാജ്യത്തെ ഭരണകൂടം ജുഡീഷ്യറിയെ വിശ്വാസത്തിലെടുക്കാനേ തയ്യാറാകുന്നില്ല. ജുഡീഷ്യറിയെ നോക്കുകുത്തിയാക്കി എക്‌സിക്യൂട്ടീവ് തന്നെ കാര്യങ്ങള്‍ ചെയ്യുന്ന സമീപനമാണ് കേന്ദ്രത്തിലെ മോദി സര്‍ക്കാരിന് ഉള്ളതെന്ന കാര്യം വളരെ വ്യക്തമാണ്. ജഡ്ജിമാരുടെ നിയമനത്തിലും മറ്റും കൊളീജിയം തീരുമാനത്തെ പോലും അംഗീകരിക്കാന്‍ കേന്ദ്രഭരണകൂടം വൈമുഖ്യം കാട്ടുന്നു. ഫലത്തില്‍ ജുഡീഷ്യറി നോക്കുകുത്തിയാകുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നത്.
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന് സംഘപരിവാര നേതാക്കള്‍ മാത്രമല്ല, കേന്ദ്രമന്ത്രിമാര്‍ തന്നെ പ്രസ്താവന പുറപ്പെടുവിച്ചിരിക്കുകയാണ്. അതിന് അര്‍ഥം പരമോന്നത കോടതിയായ സുപ്രിംകോടതിയെ പോലും രാജ്യത്തെ ഭരണവര്‍ഗം അംഗീകരിക്കുന്നില്ല എന്നുതന്നെയാണ്.
ന്യൂനപക്ഷങ്ങള്‍ കടുത്ത വെല്ലുവിളിയെയും കിരാതമായ കടന്നാക്രമണങ്ങളെയും നേരിടാന്‍ പോവുകയാണ്. ഇവരെ ആര് സംരക്ഷിക്കുമെന്നത് പ്രസക്തമായ ചോദ്യമാണ്. 1992ല്‍ ബാബരി മസ്ജിദ് പൊളിക്കാന്‍ കൂട്ടുനിന്നത് അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഭരണകൂടമാണ്. ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി തങ്ങള്‍ നിലകൊള്ളുമെന്ന് രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പ്രഖ്യാപനം നടത്തുന്നുണ്ടെങ്കിലും അത് എത്രത്തോളം വിശ്വാസയോഗ്യമാണെന്നു തെളിയിക്കപ്പെടേണ്ടതാണ്. ബിജെപിയേക്കാള്‍ കടുത്ത ഹിന്ദുത്വ കാര്‍ഡ് ഉയര്‍ത്തിക്കാട്ടാനാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിച്ചിട്ടുള്ളത്. ഏറ്റവും ഒടുവില്‍ ശബരിമല വിഷയത്തില്‍ പോലും സംഘപരിവാര സംഘടനകളോടൊപ്പമാണ് അവര്‍ നിലകൊള്ളുന്നത്.
രാജ്യത്തെ സംഘപരിവാര ഭരണത്തിനു കീഴില്‍ ഏറ്റവും വലിയ കടന്നാക്രമണങ്ങളെ നേരിട്ടുകൊണ്ടിരിക്കുന്ന ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ രാജ്യത്തെ ഇടതുപക്ഷങ്ങള്‍ക്കു മാത്രമേ കുറച്ചെങ്കിലും സാധിക്കുകയുള്ളൂ. ബാബരി മസ്ജിദ് പൊളിക്കലില്‍ കൂടി ന്യൂനപക്ഷങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട കോണ്‍ഗ്രസ്സിന് ആ പാര്‍ട്ടിയുടെ ന്യൂനപക്ഷങ്ങളോടുള്ള പ്രതിബദ്ധത പ്രവര്‍ത്തനത്തില്‍ കൂടി ഇനി തെളിയിക്കേണ്ടിവരും.
രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ നിലവിലുള്ള ഭരണകൂടത്തിന്റെയും സംഘപരിവാരത്തിന്റെയും ഏറ്റവും ശക്തമായ കടന്നാക്രമണങ്ങളെ ആയിരിക്കും ഇനിയുള്ള കാലങ്ങളില്‍ നേരിടേണ്ടിവരുന്നത്. ന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള കടന്നാക്രമണങ്ങള്‍ തങ്ങളുടെ പരിപാടിയായി സംഘപരിവാരം പരസ്യമായിത്തന്നെ പ്രസ്താവിച്ചിട്ടുള്ള സ്ഥിതിയും ഈ രാജ്യത്തുണ്ട്. ന്യൂനപക്ഷങ്ങള്‍ക്കു സംരക്ഷണം നല്‍കാനുള്ള ബാധ്യത രാജ്യത്തെ ഇടതുപക്ഷത്തിനാണുള്ളത്. സിപിഐ, സിപിഎം അടക്കമുള്ള പാര്‍ട്ടികള്‍ ഈ ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടരുത്.
സിപിഎമ്മിന്റെ പാര്‍ട്ടി പരിപാടിയില്‍ പറഞ്ഞിട്ടുള്ളതുപോലെ, ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ട വിഭാഗമാണ് ന്യൂനപക്ഷങ്ങളെന്നും, അതുകൊണ്ട് ഇക്കൂട്ടരെ സംരക്ഷിക്കാനുള്ള ബാധ്യത പാര്‍ട്ടിക്ക് ഉണ്ടെന്നുമുള്ള പാര്‍ട്ടി പരിപാടിയിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാനുള്ള ചുമതലയും അവര്‍ക്കുണ്ട്. ന്യൂനപക്ഷങ്ങളെ തങ്ങളോടൊപ്പം നിര്‍ത്താന്‍ സഹായകമായ നിലയില്‍ ന്യൂനപക്ഷങ്ങളുടെ പാര്‍ട്ടികളെയും ഇടതുപക്ഷം തങ്ങളുമായി എല്ലാ നിലയിലും സഹകരിപ്പിക്കേണ്ടിവരും. ഇക്കാര്യത്തില്‍ തുറന്ന ചര്‍ച്ചകളും രാഷ്ട്രീയ വിശകലനങ്ങളും ഉയര്‍ന്നുവരേണ്ട സമയമാണ് ഇപ്പോള്‍. ന്യൂനപക്ഷങ്ങളുടെ പാര്‍ട്ടികളായ മുസ്‌ലിംലീഗ്, കേരളാ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളും ഒരു രാഷ്ട്രീയ പുനപ്പരിശോധനയ്ക്ക് തയ്യാറാകേണ്ടിവരും.
ഭൂരിപക്ഷ മതമൗലികവാദികള്‍ ദേശീയ രാഷ്ട്രീയ രംഗം മലീമസമാക്കിയിരിക്കുകയാണ്. അതിന്റെ പ്രതിധ്വനികള്‍ നമ്മുടെ സംസ്ഥാനത്തും ആഞ്ഞടിക്കുകയാണ്. മൂന്നു പതിറ്റാണ്ടു മുമ്പ് എം വി രാഘവന്‍ ബദല്‍ രേഖയില്‍ ചൂണ്ടിക്കാട്ടിയ, ന്യൂനപക്ഷങ്ങളെ ഇടതുപക്ഷവുമായി ബന്ധപ്പെടുത്തണമെന്ന അഭിപ്രായത്തിന്റെ പ്രസക്തി കൂടുതല്‍ വര്‍ധിച്ച സാഹചര്യവുമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. എംവിആറിന്റെ ഈ നാലാം ചരമവാര്‍ഷിക ദിനത്തില്‍ ഇക്കാര്യങ്ങളെല്ലാം ഒരു തുറന്ന ചര്‍ച്ചയ്ക്കു വിധേയമാക്കേണ്ടതാണ് എന്ന കാര്യത്തിലും യാതൊരു സംശയവുമില്ല.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss