|    Sep 24 Mon, 2018 3:17 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ബജറ്റ് സമ്മേളനം നാളെ തുടങ്ങും

Published : 30th January 2017 | Posted By: fsq

Jaitley-budget-

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കമാവും. ഈ വര്‍ഷത്തെ സാമ്പത്തിക സര്‍വേയും ആദ്യദിവസം തന്നെ പാര്‍ലമെന്റില്‍ വയ്ക്കും. മറ്റന്നാള്‍ ബജറ്റ് അവതരിപ്പിക്കും. ഉയര്‍ന്ന നോട്ടുകള്‍ നിരോധിച്ചതിനെ തുടര്‍ന്നുള്ള പ്രതിസന്ധിക്ക് പൂര്‍ണമായി അയവുവരാതിരിക്കുകയും നോട്ട് നിരോധനം കൊണ്ട് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെട്ട ഫലം ഇല്ലാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സമ്മേളനം നടക്കുന്നത്. നോട്ട് നിരോധനം സംബന്ധിച്ചും നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിലെ ജനങ്ങളെ ആകര്‍ഷിക്കുന്ന വിധത്തില്‍ ബജറ്റില്‍ നിര്‍ദേശങ്ങളുണ്ടെങ്കില്‍ അതേക്കുറിച്ചും പ്രതിഷേധമുയര്‍ത്താന്‍ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. പൊതു ബജറ്റ്- റെയില്‍ ബജറ്റ് ലയനത്തിനു ശേഷമുള്ള ആദ്യ ബജറ്റ് എന്ന പ്രത്യേകതയും ബുധനാഴ്ച ധനമന്ത്രി അവതരിപ്പിക്കുന്ന ബജറ്റിനുണ്ട്. കഴിഞ്ഞവര്‍ഷം വരെ റെയില്‍വേക്കു പ്രത്യേക ബജറ്റായിരുന്നു.  സമ്മേളനത്തിനു മുന്നോടിയായുള്ള സര്‍വകക്ഷി യോഗങ്ങള്‍ ഇന്നു നടക്കും. സമ്മേളനത്തില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ച് നാളെ രാവിലെ പ്രതിപക്ഷനേതാക്കള്‍ യോഗം ചേര്‍ന്നു ചര്‍ച്ച ചെയ്യും. സമ്മേളനത്തിനു മുന്നോടിയായി മുതിര്‍ന്ന കേന്ദ്ര മന്ത്രിമാര്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലും യോഗം ചേരുന്നുണ്ട്. രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം അടുത്തമാസം ഒമ്പതിനു സമാപിക്കും. മാര്‍ച്ച് എട്ട് മുതലാണ് രണ്ടാംഘട്ടം. നിയമസഭാ തിരഞ്ഞെടുപ്പു പ്രമാണിച്ചാണ് ആദ്യഘട്ടം ചുരുക്കിയത്.നോട്ടുകള്‍ നിരോധിച്ചത് നിയമമാക്കുന്ന ഓര്‍ഡിനന്‍സ് ധനബില്ലായി അവതരിപ്പിക്കാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ട്. ഈ നീക്കം നടക്കുകയാണെങ്കില്‍ പ്രതിപക്ഷ കക്ഷികള്‍ ശക്തമായി എതിര്‍ക്കും. ഓര്‍ഡിനന്‍സ് ധനബില്ലായി അവതരിപ്പിക്കുന്നതിനെതിരേ നോട്ടീസ് നല്‍കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ഓര്‍ഡിനന്‍സ് ധനബില്ലായി അവതരിപ്പിക്കാനുള്ള നീക്കവുമായി മുന്നോട്ടു പോവുകയാണെങ്കില്‍ ബജറ്റ് സമ്മേളനം സമാധാനപരമായിരിക്കില്ലെന്ന് കോണ്‍ഗ്രസ് വക്താവ് കപില്‍ സിബല്‍ പറഞ്ഞു.നോട്ട് നിരോധനം, ഏക സിവില്‍കോഡ്, ജെഎന്‍യു വിദ്യാര്‍ഥി നജീബിന്റെ തിരോധാനം എന്നീ വിഷയങ്ങളും ബജറ്റ് സമ്മേളനത്തില്‍ ചര്‍ച്ചയാവും. നോട്ട് നിരോധനം സംബന്ധിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷം ബഹളംവച്ചതിനാല്‍ കാര്യമായ ചര്‍ച്ചകളോ നടപടിക്രമങ്ങളോ നടക്കാതെയാണ് കഴിഞ്ഞ സമ്മേളനം സമാപിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss