|    Feb 20 Tue, 2018 1:39 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും;ചോദ്യം ചെയ്ത് പ്രതിപക്ഷം

Published : 31st January 2017 | Posted By: fsq

 

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്നു തുടക്കം. രാവിലെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഇരുസഭയെയും അഭിസംബോധന ചെയ്യുന്നതോടെയാണ് സമ്മേളനം തുടങ്ങുക. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനു ശേഷം ഔദ്യോഗിക നടപടികളിലേക്കു കടക്കും. തുടര്‍ന്ന് ഈ വര്‍ഷത്തെ സാമ്പത്തിക സര്‍വേ റിപോര്‍ട്ട് സഭയില്‍ വയ്ക്കും. ഇന്നു തുടങ്ങുന്ന സമ്മേളനത്തിന്റെ ആദ്യഘട്ടം അടുത്തമാസം ഒമ്പതിനു സമാപിക്കും. വിവിധ ഘട്ടങ്ങളിലായി അഞ്ചുസംസ്ഥാനങ്ങളിലേക്കു നടക്കുന്ന നിയസഭാ വോട്ടെടുപ്പുകള്‍ പൂര്‍ത്തിയായ ശേഷം മാര്‍ച്ച് ഒമ്പതിനു തുടങ്ങുന്ന രണ്ടാംഘട്ട സമ്മേളനം ഏപ്രില്‍ 12നു സമാപിക്കും.സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനു സ്പീക്കര്‍ സുമിത്ര മഹാജനും കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി അനന്ത്കുമാറും ഇന്നലെ പ്രത്യേക സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്തു. സമ്മേളനം നല്ല നിലയില്‍ സമാപിക്കുന്നതിന് പ്രധാനമന്ത്രി വിവിധ കക്ഷിനേതാക്കളുടെ സഹകരണം അഭ്യര്‍ഥിച്ചു. അഞ്ചുസംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കുന്നതിനാല്‍ നമുക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ധാരളമുണ്ടാവുമെന്നും എന്നാല്‍, പാര്‍ലമെന്റ് മഹാപഞ്ചായത്ത് ആണെന്നും അതു നല്ലരീതിയില്‍ നടത്തണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു. കക്ഷിനേതാക്കള്‍ അനുകൂലമായാണ് പ്രതികരിച്ചതെന്നും സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിന് എല്ലാവരും സഹകരിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും പാര്‍ലമെന്ററി കാര്യമന്ത്രി പറഞ്ഞു. അതേസമയം, തിരഞ്ഞെടുപ്പുകള്‍ പ്രമാണിച്ചു ബജറ്റ് നേരത്തെയാക്കിയെന്നു യോഗത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം ആരോപിച്ചു. യോഗത്തില്‍ ബജറ്റിന്റെ സമയത്തെ ചോദ്യംചെയ്ത പ്രതിപക്ഷം, നോട്ട് നിരോധനത്തെ കുറിച്ച് സമ്മേളനത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ വിശദമായ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സര്‍ക്കാരിന്റെ നടപടിമൂലം രാജ്യത്തുടനീളമുള്ള ജനങ്ങള്‍ ദുരിതം അനുഭവിക്കുന്നുണ്ടെന്നും വിഷയം രണ്ടുദിവസം ചര്‍ച്ചചെയ്യണമെന്നും യോഗശേഷം യെച്ചൂരി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. എന്നാല്‍, തിരഞ്ഞെടുപ്പുകള്‍ പ്രമാണിച്ച് ബജറ്റ് നേരത്തെയാക്കിയെന്ന പ്രതിപക്ഷ ആരോപണം തള്ളിയ പാര്‍ലമെന്ററി കാര്യമന്ത്രി, തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയാണ് ബജറ്റ് തിയ്യതി പ്രഖ്യാപിച്ചതെന്ന് അറിയിച്ചു. ഉച്ചയ്ക്ക് പാര്‍ലമെന്ററി കാര്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിനുശേഷം വൈകീട്ട് സ്പീക്കറുടെ അധ്യക്ഷതയിലും സര്‍വകക്ഷി യോഗം നടന്നു. മാര്‍ച്ച് ഒമ്പതിനു തുടങ്ങുന്ന രണ്ടാംഘട്ട സമ്മേളനത്തിനു മുന്നോടിയായി പ്രത്യേക സര്‍വകക്ഷിയോഗം ചേരണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. യോഗത്തില്‍ എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേനയും പ്രതിപക്ഷത്തെ പ്രധാന കക്ഷികളിലൊന്നായ തൃണമൂല്‍ കോണ്‍ഗ്രസ്സും വിട്ടുനിന്നു. ഇന്നു സമ്മേളനം തുടങ്ങും മുമ്പ് പ്രതിപക്ഷനേതാക്കള്‍ തമ്മില്‍ അനൗദ്യോഗിക യോഗം ചേരും.  രാവിലെ മുതിര്‍ന്ന കേന്ദമന്ത്രിമാരും യോഗംചേരുന്നുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss