|    Mar 25 Sat, 2017 9:37 am
FLASH NEWS

ബജറ്റ്: വ്യവസായമേഖലയ്ക്ക് ഉണര്‍വ് പകരും; അഞ്ച് ബൃഹദ് വിവിധോദ്ദേശ്യ വ്യവസായ സോണുകള്‍

Published : 9th July 2016 | Posted By: SMR

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യബജറ്റില്‍ വ്യവസായ മേഖലയ്ക്ക് പുത്തനുണര്‍വ് നല്‍കുന്ന പ്രഖ്യാപനങ്ങള്‍. പുത്തന്‍ വളര്‍ച്ചാ വ്യവസായ മേഖലകളിലേക്ക് സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കുന്നതിന് മികച്ച പശ്ചാത്തല സൗകര്യങ്ങള്‍ ഉറപ്പുവരുത്തുമെന്നാണ് ബജറ്റിലെ വാഗ്ദാനം. വ്യവസായം കൊണ്ടല്ലാതെ ധനാഭിവൃദ്ധി ഉണ്ടാക്കാന്‍ സാധിക്കുന്നതല്ലെന്ന ഗുരുവചനം ഉദ്ധരിച്ചുള്ള ബജറ്റില്‍ പരിസ്ഥിതി സംരക്ഷണത്തിലും ഭൂവിനിയോഗത്തിലും മറ്റു സംസ്ഥാനങ്ങളെപ്പോലെ ഇളവ് നല്‍കാനാവില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.
കൊച്ചി-പാലക്കാട് വ്യവസായ ഇടനാഴി പ്രാവര്‍ത്തികമാക്കുന്നതിന് തുടക്കം കുറിക്കുമെന്നാണ് പ്രധാന പ്രഖ്യാപനങ്ങളിലൊന്ന്. ഇതിനായി 1500 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. ഇതിനുള്ള സ്ഥലമേറ്റെടുപ്പിന്റെ ആദ്യ പടിയായി ഫാക്ടിന്റെ ഉടമസ്ഥതയിലുള്ള അധികഭൂമിയും പെരുമ്പാവൂര്‍ ട്രാവന്‍കൂര്‍ റയോണ്‍സിന്റെ 70 ഏക്കറോളം ഭൂമിയും സമ്മതവിലയ്ക്ക് കെഎസ്‌ഐഡിസി ഏറ്റെടുക്കും. വ്യവസായ ഇടനാഴിക്കായി എറണാകുളം, തൃശൂര്‍, ഒഴലപ്പതി-കണ്ണമ്പ്ര എന്നിവിടങ്ങളിലായി 500 ഏക്കര്‍ വീതം ഏറ്റെടുക്കാനാണ് പദ്ധതിയിടുന്നത്.
കൂടാതെ, അഞ്ച് ബൃഹദ് വിവിധോദ്ദേശ്യ വ്യവസായ സോണുകള്‍ ആരംഭിക്കും. ഇതിനായി പടന്നൂര്‍-പനയത്തുപറമ്പില്‍ 1000 ഏക്കറും തൊടുപുഴയില്‍ 900 ഏക്കറും മങ്കടയില്‍ 700 ഏക്കറും വിഴിഞ്ഞത്തും കാസര്‍കോടും 500 ഏക്കര്‍ വീതവുമാണ് ഏറ്റെടുക്കുന്നത്. മൊത്തം 5100 ഏക്കര്‍ ഏറ്റെടുക്കുന്നതിന് 5100 കോടി രൂപയുടെ ചെലവ് വരും. നടപ്പു വര്‍ഷത്തില്‍ 1000 കോടിയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്.
കെഎസ്‌ഐഡിസി നടപ്പാക്കുന്ന 11 പ്രൊജക്ടുകള്‍ക്കായി 87 കോടി രൂപയും ബജറ്റില്‍ വകയിരുത്തി. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കായി 100 കോടി രൂപ വകയിരുത്തി. ഇത് തീരുന്ന മുറയ്ക്ക് കൂടുതല്‍ തുക അനുവദിക്കും. ധാതുസമ്പത്ത് മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കുന്നതിന് വ്യവസായ കോംപ്ലക്‌സ് സ്ഥാപിക്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനമനുസരിച്ച് ഇതുസംബന്ധിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കും. ഇതിനായി 25 ലക്ഷം വകയിരുത്തി.

(Visited 25 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക