|    Apr 21 Sat, 2018 5:07 pm
FLASH NEWS

ബജറ്റ് വയനാടിന് ഉണര്‍വേകുമെന്ന് എംഎല്‍എമാര്‍

Published : 10th July 2016 | Posted By: SMR

കല്‍പ്പറ്റ: ജില്ലയിടെ ചരിത്ത്രില്‍ ഏറ്റവും കൂടുതല്‍ പരിഗണന ലഭിച്ച ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് എംഎല്‍എമാരായ സി കെ ശശീന്ദ്രന്‍, ഒ ആര്‍ കേളു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാര്‍ഷികം, ആദിവാസി, വിദ്യാഭ്യാസം, ടൂറിസം എന്നിങ്ങനെ സമഗ്ര മേഖലയെയും ബജറ്റില്‍ സ്പര്‍ശിച്ചതായും എംഎല്‍എമാര്‍ അറിയിച്ചു. കബനി നദീജല വിനിയോഗത്തിന് മാത്രം 10 കോടി രൂപയാണ് വകയിരുത്തിയത്.
നെല്‍കൃഷി വ്യാപിപ്പിക്കാനും കര്‍ഷകര്‍ക്ക് വരുമാനമുണ്ടാക്കുന്നതിനും കബനിയിലെ ജലം ഉപയോഗപ്പെടുത്താന്‍ അവസരമുണ്ടാവുന്നതോടെ സാധ്യമാവും. കാപ്പി കര്‍ഷകര്‍ക്ക് ഏറെ പ്രതീക്ഷ പകരുന്നതാണ് വയനാടന്‍ ബ്രാന്റഡ് കാപ്പി പദ്ധതി. മൂല്യവര്‍ധിത ഉല്‍പന്നമാക്കുന്നതിലൂടെ കൂടുതല്‍ സാമ്പത്തിക നേട്ടം കര്‍ഷകര്‍ക്ക് ലഭിക്കും. സ്‌പൈസസ് പാര്‍ക്കും കര്‍ഷകര്‍ക്ക് സഹായകമാവും. നൂറുകണക്കിനാളുകള്‍ക്ക് പ്രത്യക്ഷവും പരോക്ഷവുമായി വരുമാനം നല്‍കുന്ന സ്ഥാപനമാണ് ബ്രഹ്മഗിരി മാംസ സംസ്‌കരണ ഫാക്ടറി. 10 കോടി രൂപ ബ്രഹ്മഗിരിക്ക് അനുവദിച്ചതിലൂടെ കൂടുതല്‍ കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭ്യമാവും. ഇതു വയനാടിന് മുതല്‍ക്കൂട്ടാവും. വനാതിര്‍ത്തിയിലെ കര്‍ഷകര്‍ വന്യമൃഗങ്ങളാല്‍ ദുരിതമനുഭവിക്കുകയാണ്.
ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കണമെന്നതു ദീര്‍ഘകാലത്തെ ആവശ്യങ്ങളിലൊന്നാണ്. ഈ സാഹചര്യത്തിലാണ് 100 കോടി രൂപ വകയിരുത്തിയത്. കാടും നാടും വേര്‍തിരിച്ച് നാട്ടിലേക്ക് മൃഗങ്ങള്‍ എത്താതിരിക്കുന്നതിന് അനുയോജ്യമായ പദ്ധതി നടപ്പാക്കും. ഏതു മാര്‍ഗമാണ് വേണ്ടതെന്നു പിന്നീട് ചര്‍ച്ചയ്ക്കു വിധേയമാക്കും. എടച്ചന കുങ്കന്റെ പേരില്‍ ഒരു സാംസ്‌കാരിക നിലയത്തിന് 40 കോടിയാണ് വകയിരുത്തിയത്. പണിയ ഭാഷയുടെ പഠനത്തിനും വികസനത്തിനുമായി കരിന്തണ്ടന്റെ പേരിലുള്ള സ്ഥാപനത്തിന് 25 കോടിയാണ് വകകൊള്ളിച്ചിരിക്കുന്നത്. കല്‍പ്പറ്റ ഗവ. കോളജില്‍ പുതിയ പിജി കോഴ്‌സ് അനുവദിച്ചതിനു പിന്നാലെ കെട്ടിടം, ചുറ്റുമതില്‍, ഹോസ്റ്റലുകള്‍ തുടങ്ങിയവയ്ക്കും തുക വകയിരുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ വായ്പയെടുത്ത് കടക്കെണിയിലായവരെ സഹായിക്കാന്‍ 100 കോടി മാറ്റിവച്ചു. പി കെ കാളന്റെ പേരില്‍ സംസ്ഥാന വ്യാപകമായി ആദിവാസി വിഭാഗത്തിനായി കുടുംബപദ്ധതി ആരംഭിക്കുകയാണ്.
ഒരാളും പട്ടിണികിടിക്കുന്നില്ലെന്നത് ഉറപ്പുവരുത്തുകയാണ് 25 കോടി നീക്കിവച്ച് ഇതിലൂടെ ലക്ഷ്യമിടുന്നത്. ജില്ലയിലെ 231 പ്രൈമറി സ്‌കൂളുകളിലും ദിവസ വേതനത്തില്‍ ഒരു ആദിവാസി അധ്യാപകനെ നിയമിക്കുന്നതിലൂടെ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് നിയന്ത്രിക്കാനും അവര്‍ക്ക് പഠനത്തില്‍ പ്രോല്‍സാഹനം നല്‍കാനും സാധിക്കും. ഭൂരഹിത ആദിവാസികള്‍ക്ക് ഭൂമി വാങ്ങാന്‍ 42 കോടി മാറ്റിവച്ചിട്ടുണ്ട്. അഞ്ചു കോടി രൂപയാണ് കല്‍പ്പറ്റ മരവയലിലുള്ള എം കെ ജിനചന്ദ്രന്‍ സ്മാരക ജില്ലാ സ്‌റ്റേഡിയത്തിന് അനുവദിച്ചിട്ടുള്ളത്. വയനാടിന്റെ റെയില്‍വേ സ്വപ്‌നങ്ങള്‍ക്ക് വീണ്ടും ചിറകുമുളച്ചു.
ഇതിനായി ഇ എം ശ്രീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ അടുത്ത ദിവസം വയനാട്ടിലെത്തി ചര്‍ച്ച നടത്തും. ഇതിലേക്ക് കര്‍ണാടകയിലെ എംപി, എംഎല്‍എമാര്‍ എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്. സര്‍വേ പ്രവര്‍ത്തനങ്ങള്‍ക്കായി ബജറ്റില്‍ എട്ടു കോടി രൂപ മാറ്റിവച്ചതും ശ്രദ്ധേയമാണ്. നിരവധി പാലങ്ങള്‍, റോഡുകള്‍ എന്നിവയുടെ നവീകരണത്തിനും നിര്‍മാണത്തിനും കോടികള്‍ അനുവദിച്ചിട്ടുണ്ട്.
മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കും: സി കെ ശശീന്ദ്രന്‍ എംഎല്‍എ
കല്‍പ്പറ്റ: വയനാട് മെഡിക്കല്‍ കോളജിനെ അവഗണിച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നു സി കെ ശശീന്ദ്രന്‍ എംഎല്‍എ അറിയിച്ചു. പ്രഖ്യാപിച്ച എല്ലാ മെഡിക്കല്‍ കോളജുകളും പ്രാവര്‍ത്തികമാക്കുമെന്ന നയത്തിന്റെ ഭാഗമായി വയനാട് മെഡിക്കല്‍ കോളജും ഘട്ടംഘട്ടമായി പ്രാവര്‍ത്തികമാവും.
ഇതിനായി നീക്കിവച്ച 121 കോടിയില്‍ വയനാടിനും തുക ലഭിക്കും.
റോഡ് നിര്‍മാണത്തിനായി 12 സെന്റ് ഭൂമി വെള്ളിയാഴ്ചയാണ് പൊതുമരാമത്ത് വകുപ്പിന് ലഭ്യമായത്. ഇതു തന്നെ തങ്ങളുടെ ഇടപെടലിന്റെ ഭാഗമാണ്. യുഡിഎഫ് നടത്തിയ കള്ളത്തരങ്ങളുടെ ഫലമാണ് നടപടികള്‍ വൈകിയത്. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യാവുന്നതു വരെ പകരം സംവിധാനങ്ങള്‍ ഒരുക്കും.
ജില്ലാ ആശുപത്രി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. കല്‍പ്പറ്റ ജനറല്‍ ആശുപത്രി കൈനാട്ടിയിലേക്ക് മാറ്റി അവിടെ ട്രോമാകെയര്‍ ആരംഭിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss