|    Apr 25 Wed, 2018 12:34 pm
FLASH NEWS

ബജറ്റ് പ്രഖ്യാപനം: അമ്പൂരിപാലം യാഥാര്‍ഥ്യമാവുമെന്ന പ്രതീക്ഷയില്‍ പ്രദേശവാസികള്‍

Published : 11th July 2016 | Posted By: SMR

വെള്ളറട: അമ്പൂരിയിലെ വനവാസികള്‍ക്കും നാട്ടുകാര്‍ക്കും മറുകര കടക്കാന്‍ പാലം വരുമോ? അമ്പൂരിക്കാരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് ഇക്കുറിയെങ്കിലും ഉത്തരം കിട്ടുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍. നെയ്യാര്‍ ജലാശയത്തിനു കുറുകെ കുമ്പിച്ചലില്‍ പാലം പണിയാന്‍ സര്‍ക്കാര്‍ 15 കോടി രൂപ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 300 മീറ്റര്‍ വീതിയില്‍ അമ്പൂരിയെയും നെയ്യാര്‍ വനമേഖലയെയും ബന്ധിപ്പിച്ച് ഒരു പാലം വേണമെന്ന ആവശ്യത്തിന് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തോളം പഴക്കമുണ്ട്.
മാറിവരുന്ന സര്‍ക്കാരുകള്‍ അമ്പൂരിയില്‍ പാലം നല്‍കാമെന്നു പ്രഖ്യാപനം നടത്തി കടന്നുപോകുന്നതാണ് പതിവ്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ നടപ്പാലത്തിനു വേണ്ടി കുമ്പിച്ചല്‍ കടവില്‍ ശിലാസ്ഥാപനവും നടത്തി.
ബജറ്റില്‍ തുകയും ഉള്‍പ്പെടുത്തി പ്രാരംഭപണിക്ക് ആവശ്യമായ കമ്പി, മെറ്റല്‍, മണല്‍, സിമന്റ് എന്നിവ ഇറക്കി. എന്നാല്‍, വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പാലത്തിന്റെ ഒരു തൂണുപോലും ഉയര്‍ന്നിരുന്നില്ല. ഇതില്‍ അമര്‍ഷം പൂണ്ട നാട്ടുകാര്‍ ശിലയുടെ ചരമവാര്‍ഷികം ആഘോഷിച്ച ചരിത്രവും അമ്പൂരിക്ക് സ്വന്തം. കരിങ്കൊടി നാട്ടി റീത്ത് വച്ച് മെഴുകുതിരി കത്തിച്ച് കൂട്ടപ്രാര്‍ഥനയായിരുന്നു പ്രതിഷേധം.
അമ്പൂരി വനത്തിലെ 11 സെറ്റില്‍മെന്റുകളിലായി 1500 ആദിവാസി കുടുംബങ്ങളുണ്ട്. സമീപങ്ങളില്‍ 300ഓളം നാട്ടുകാരും മഴയും കാറ്റും ശക്തമാവുമ്പോള്‍ അപകടം ഉറപ്പായതിനാല്‍ വള്ളം ഇറക്കാറില്ല.
കടത്തുവള്ളമില്ലെങ്കില്‍ നാട്ടുകാര്‍ക്ക് മറുകര കടക്കാനാവാതെ നരകിച്ച ദിവസങ്ങളേറെ. പൊട്ടിപ്പൊളിഞ്ഞ വള്ളത്തില്‍ യാത്രക്കാരെ തിരുകിക്കയറ്റി യാത്ര ചെയ്യുമ്പോള്‍ നിരവധി അപകടങ്ങളും മരണങ്ങളും ഉണ്ടായിട്ടുണ്ട്.
അമ്പൂരി സെന്റ്‌തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥി ജോജിയുടെ മരണമാണ് ഇതില്‍ ഒടുവിലത്തെ സംഭവം. കാരിക്കുഴി, കണ്ണുമാമൂട്, കുന്നത്തുമല, ചാക്കപ്പാറ, കയ്പം പ്ലാമൂട് സെറ്റില്‍മെന്റുകളില്‍ നിന്നും ആദിവാസി വിദ്യാര്‍ഥികള്‍ നീന്തി അമ്പൂരി സ്‌കൂളിലും തിരിച്ചും പോയ സംഭവങ്ങള്‍ ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.
ആശുപത്രികളിലെത്താന്‍ കഴിയാതെ മരണമടയുന്ന ആദിവാസികളുടെ എണ്ണവും വര്‍ധിച്ചു. രാത്രി എട്ടുകഴിഞ്ഞാല്‍ കടത്തുവള്ളം ഉണ്ടാവില്ല. ജനങ്ങളുടെ ദുരിതങ്ങള്‍ വര്‍ധിക്കാന്‍ ഇത് ഏറെ കാരണമായി. കുമ്പിച്ചല്‍ കടവുപാലം ഇനിയെങ്കിലും യാഥാര്‍ഥ്യമാവുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ അമ്പൂരി നിവാസികള്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss