|    Jan 22 Sun, 2017 3:44 pm
FLASH NEWS

ബജറ്റ് ജനപ്രിയം: ക്ഷേമപെന്‍ഷനുകള്‍ പ്രതിമാസം 1,000 രൂപ; 60 കഴിഞ്ഞ മുഴുവന്‍ പേര്‍ക്കും പെന്‍ഷന്‍; ഒന്നുമുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ കൈത്തറി യൂനിഫോം

Published : 9th July 2016 | Posted By: SMR

നിഷാദ് എം ബഷീര്‍

തിരുവനന്തപുരം: ജനക്ഷേമത്തിനും പരിസ്ഥിതി സൗഹൃദത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും ഊന്നല്‍ നല്‍കുന്ന പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രഥമ ബജറ്റ് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചു. കഴിഞ്ഞ ഇടതുസര്‍ക്കാര്‍ ആരംഭിച്ച പദ്ധതികളുടെ തുടര്‍ച്ചയെന്ന രീതിയിലാണ് ഒട്ടുമിക്ക പ്രഖ്യാപനങ്ങളും.
കേരളം അഭിമുഖീകരിക്കുന്ന ഗുരുതര സാമ്പത്തികപ്രതിസന്ധി മറികടക്കുന്നതിന് 12,000 കോടിയുടെ രണ്ടാം മാന്ദ്യവിരുദ്ധ പാക്കേജും 22 ശതമാനം നികുതിവര്‍ധനവും ബജറ്റില്‍ ലക്ഷ്യമിടുന്നു. വാണിജ്യനികുതി പിരിവ് ഊര്‍ജിതപ്പെടുത്താന്‍ ഒമ്പതിന കര്‍മപരിപാടിയും പ്രഖ്യാപിച്ചു.
സാമൂഹികക്ഷേമ പെന്‍ഷനുകള്‍ പ്രതിമാസം 1,000 രൂപയായി വര്‍ധിപ്പിക്കുമെന്നതും തൊഴിലുറപ്പു പദ്ധതി അംഗങ്ങള്‍ക്ക് സൗജന്യറേഷനുമാണു പ്രധാന ജനപ്രിയ പദ്ധതികള്‍. അടിസ്ഥാനസൗകര്യ വികസനത്തിന് നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കുന്ന ബജറ്റില്‍ സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പ്രഖ്യാപിക്കുന്നു.
അതേസമയം, സാമ്പത്തിക ഞെരുക്കത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടുവര്‍ഷത്തേക്ക് പുതിയ സ്ഥാപനങ്ങളും തസ്തികകളും ഉണ്ടാവില്ല.
പ്രധാന പ്രഖ്യാപനങ്ങള്‍: പശ്ചാത്തല സൗകര്യവികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ 8,000 കോടി. മുഴുവന്‍ പെന്‍ഷന്‍ കുടിശ്ശികകളും ഓണത്തിനു മുമ്പ് കൊടുത്തുതീര്‍ക്കും. 60 കഴിഞ്ഞ മുഴുവന്‍ സാധാരണക്കാരെയും പെന്‍ഷന്‍ പരിധിയില്‍ കൊണ്ടുവരും. ആദ്യഘട്ടം തൊഴിലുറപ്പ് പദ്ധതിയില്‍പ്പെട്ടവരെ ഉള്‍പ്പെടുത്തും. അഞ്ചുവര്‍ഷത്തിലേറെയായി ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍ക്കും പെന്‍ഷന്‍. എല്ലാ രോഗങ്ങള്‍ക്കും സൗജന്യ ചികില്‍സ ഉറപ്പുവരുത്താന്‍ പ്രത്യേക പദ്ധതി.
മുഴുവന്‍ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളെയും സൗജന്യ ആര്‍എസ്ബിവൈ വലയത്തില്‍ കൊണ്ടുവരും. 1,000 കോടി രൂപയുടെ ബൃഹത് ഇന്‍ഷുറന്‍സ് പദ്ധതി. ഇഎംഎസ് പാര്‍പ്പിട പദ്ധതി പുനസ്ഥാപിക്കും. ഭൂമിയില്ലാത്തവര്‍ക്ക് 3 സെന്റ് വീതം സ്ഥലം. ആശ്രയ പദ്ധതി വിപുലീകരണത്തിന് കുടുംബശ്രീക്ക് അധികമായി 50 കോടി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 10 കോടി. അങ്കണവാടി പ്രവര്‍ത്തകര്‍ക്കു വര്‍ധിപ്പിച്ച ഓണറേറിയം നല്‍കുന്നതിന് 125 കോടി. ആശാപ്രവര്‍ത്തകരുടെയും പാചകത്തൊഴിലാളികളുടെയും പിടിഎ, പ്രീ-പ്രൈമറി അധ്യാപകരുടെയും സാക്ഷരതാ പ്രേരക്മാരുടെയും ഓണറേറിയം 500 രൂപ വീതം ഉയര്‍ത്തും.
സൗജന്യറേഷന്‍ വിപുലീകരണത്തിന് 300 കോടിയുടെ അധിക വകയിരുത്തല്‍. സിവില്‍ സപ്ലൈസില്‍ നിലവിലെ വില നിലനിര്‍ത്താന്‍ 75 കോടി. പട്ടികജാതിക്കാര്‍ക്കും ആദിവാസികള്‍ക്കുമുള്ള എല്ലാ വിദ്യാഭ്യാസ ആനുകൂല്യങ്ങളും 25 ശതമാനം വീതം ഉയര്‍ത്തും. ആദിവാസി മേഖലകള്‍ക്കു പുറത്ത് താമസിക്കുന്ന കുടുംബങ്ങള്‍ക്ക് മൈക്രോപ്ലാനുകള്‍ നടപ്പാക്കാന്‍ പി കെ കാളന്‍ കുടുംബപദ്ധതി. ആദിവാസികള്‍ക്ക് ഒരേക്കര്‍ ഭൂമി. പട്ടികജാതിക്കാര്‍ക്ക് ഭൂമി വാങ്ങാനും വീട് നിര്‍മാണത്തിനും 456 കോടി. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ക്ഷേമനിധി.
കാര്‍ഷികമേഖലയുടെ വകയിരുത്തല്‍ 403 കോടിയില്‍നിന്ന് 600 കോടി രൂപയാക്കി. പച്ചക്കറി സ്വയംപര്യാപ്തതയ്ക്കു വേണ്ടി ജനകീയ കാംപയിന്‍. നാളികേര സംഭരണത്തിന് 100 കോടിയുടെ അടങ്കല്‍. നെല്‍വയല്‍ നികത്തുന്നതിന് കൊണ്ടുവന്ന വ്യവസ്ഥകള്‍ റദ്ദാക്കും. ഒരുവര്‍ഷംകൊണ്ട് നെല്‍വയല്‍-തണ്ണീര്‍ത്തട ഡാറ്റാബാങ്ക്. നെല്ല് സംഭരണത്തിന് 385 കോടി. റബര്‍ വിലസ്ഥിരതാ ഫണ്ടിന് 500 കോടി.പഞ്ഞമാസ സമാശ്വാസപദ്ധതി 1,800ല്‍ നിന്ന് 3,600 രൂപയായി ഉയര്‍ത്തും.
ഓരോ മണ്ഡലത്തിലെയും ഒരു സര്‍ക്കാര്‍ സ്‌കൂള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തും. വീടുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ പദ്ധതി. കെഎസ്ആര്‍ടിസി 1,000 പുതിയ സിഎന്‍ജി ബസ്സുകള്‍ നിരത്തിലിറക്കും. വ്യവസായ മേഖലകള്‍ക്ക് 5,100 ഏക്കര്‍ ഭൂമി ഏറ്റെടുക്കും. കുടുംബശ്രീക്ക് ബാങ്കുകളില്‍നിന്നു നാലുശതമാനം പലിശയ്ക്ക് വായ്പ. സ്ത്രീകള്‍ക്കായി പ്രത്യേക വകുപ്പ്. ജെന്‍ഡര്‍ ബജറ്റിങ് പുനസ്ഥാപിക്കും. സ്‌കൂളുകളില്‍ ഗേള്‍സ് ഫ്രണ്ട്‌ലി ടോയ്‌ലറ്റുകള്‍. ട്രഷറിയില്‍ കോര്‍ബാങ്കിങ് സംവിധാനം. ജില്ലാ ആശുപത്രികളില്‍ ലഹരിവിരുദ്ധ കേന്ദ്രങ്ങള്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 33 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക