|    Apr 26 Thu, 2018 9:04 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ബജറ്റ് ചോര്‍ന്നെങ്കില്‍ സഭയില്‍ ഉന്നയിക്കാമായിരുന്നു: മുഖ്യമന്ത്രി

Published : 13th February 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തികനില ഭദ്രമല്ലെന്ന പ്രതിപക്ഷവാദം അടിസ്ഥാനരഹിതമാണെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ച എല്ലാ പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സാമ്പത്തികനില തികച്ചും ഭദ്രമാണ്.
എല്ലാക്കാലത്തും കേരളത്തിന് ചില നേരങ്ങളില്‍ സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടാവാറുണ്ട്. എന്നാല്‍, കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ധനകാര്യ മാനേജ്‌മെന്റ് മെച്ചപ്പെട്ട രീതിയിലായിരുന്നു. അതുകൊണ്ടുതന്നെ പദ്ധതി നടത്തിപ്പില്‍ ഒരു വീഴ്ചയും വരില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ബജറ്റ് ചോര്‍ന്നുവെന്ന് പറഞ്ഞ് കോലാഹലം സൃഷ്ടിച്ച പ്രതിപക്ഷം എന്തുകൊണ്ടാണ് അക്കാര്യം സഭയില്‍ അവതരിപ്പിച്ച് നടപടി ആവശ്യപ്പെടാതിരുന്നത്.
അവതരണത്തിന് മുമ്പ് സ്പീക്കറോട് ചോദിച്ചിരുന്നുവെങ്കില്‍ അക്കാര്യം അദ്ദേഹം പരിശോധിച്ച് നടപടിയെടുക്കുമായിരുന്നു. പക്ഷെ, അവരുടെ ആരോപണം സര്‍ക്കാര്‍ അവഗണിക്കുന്നില്ല. പിന്നീട് കോടിയേരി ഇതേക്കുറിച്ച് സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നു. ആ പശ്ചാത്തലത്തില്‍ ധനകാര്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയോട് വിശദീകരണം ചോദിച്ചു. എന്നാല്‍, യാതൊരു അപാകതയുമുണ്ടായിട്ടില്ലെന്നാണ് അദ്ദേഹം അറിയിച്ചത്.

ബജറ്റ് വന്‍കിട വ്യവസായികളെ സഹായിക്കാന്‍: വിഎസ്
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവതരിപ്പിച്ച ബജറ്റ് വന്‍കിട വ്യവസായികളെ സഹായിക്കാനാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. മുഖ്യമന്ത്രി 1.90 കോടിയുടെ അഴിമതി നടത്തിയെന്നും യുഡിഎഫ് സര്‍ക്കാരില്‍ കോഴകളുടെ അയ്യരുകളിയാണെന്നും വിഎസ് ആരോപിച്ചു.
ചോര്‍ന്ന ബജറ്റാണ് മുഖ്യമന്ത്രി അവതരിപ്പിച്ചതെന്നാരോപിച്ച് സഭ ബഹിഷ്‌കരിച്ച് പുറത്തുവന്ന ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായികളെയും സ്വര്‍ണവ്യാപാരികളെയും സഹായിക്കാനുള്ളതാണ് പുതിയ ബജറ്റ്. ബജറ്റിനെക്കുറിച്ച് പ്രതിപക്ഷത്തിനു പറയാനുള്ളതു കേള്‍ക്കണമെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടു. പക്ഷേ അദ്ദേഹം അനുമതി നല്‍കിയില്ല.

സുധീരന്‍
ഭരണത്തുടര്‍ച്ച ഉള്ളില്‍ കണ്ടുകൊണ്ട് പല ദീര്‍ഘകാല പദ്ധതികളും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് സ്വാഗതാര്‍ഹമാണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. വികസനോന്മുഖവും ക്ഷേമപരിപാടികള്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ടും ജനപ്രിയവുമാണ് ബജറ്റ്. ജനങ്ങള്‍ക്കുമേല്‍ ഭാരം അടിച്ചേല്‍പ്പിക്കാത്ത, തികച്ചും ആശ്വാസകരമായ ഈ ബജറ്റ് എല്ലാ വിഭാഗം ജനങ്ങളും സ്വാഗതം ചെയ്യുമെന്ന് ഉറപ്പാണ്.

കോടിയേരി ബാലകൃഷ്ണന്‍
ബജറ്റ് വിവരങ്ങള്‍ സൂക്ഷിക്കാനറിയാത്ത മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടിയെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. ബജറ്റിലെ സുപ്രധാന വിവരങ്ങള്‍ ചോര്‍ന്നിട്ടും അതു സംബന്ധിച്ച് നിയമസഭയില്‍ പ്രസംഗിക്കുന്നതിന് പ്രതിപക്ഷനേതാവിന് മൈക്ക് പോലും നല്‍കിയില്ല. പ്രതിപക്ഷത്തിന്റെ അവകാശം സ്പീക്കര്‍ നിഷേധിച്ചുവെന്നും കോടിയേരി കുറ്റപ്പെടുത്തി.
മുന്‍ ധനമന്ത്രി കെ എം മാണിയുടെ രാജി അംഗീകരിക്കുകയും മന്ത്രി ബാബുവിന്റെ രാജി അംഗീകരിക്കാതിരിക്കുകയും ചെയ്തതിലൂടെ ഒരു മന്ത്രിക്ക് ഒരു നീതി, മറ്റൊരു മന്ത്രിക്ക് മറ്റൊരു നീതി എന്നതാണ് മുഖ്യമന്ത്രിയുടെ നയമെന്നു വ്യക്തമായി.

കാനം രാജേന്ദ്രന്‍
ബജറ്റ് അടുത്ത തെരഞ്ഞെടുപ്പിന്റെ പ്രചാരണ ഉദ്ഘാടനമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ഏപ്രില്‍ ഒന്നിനു മുമ്പ് തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുമെന്നിരിക്കെ അന്നുമുതല്‍ മെയ് 18 വരെ മാത്രം ഭരണത്തിലിരിക്കുന്ന ഒരു സര്‍ക്കാരിന് എന്തു പദ്ധതിയാണ് നടപ്പിലാക്കാന്‍ സാധിക്കുക. ഇത് ജനങ്ങളെ കബളിപ്പിക്കലാണ്.

രമേശ് ചെന്നിത്തല
അടിസ്ഥാന സൗകര്യ വികസനവും കാര്‍ഷിക മേഖലയുടെ സമഗ്ര പുരോഗതിയും ഗ്രാമവികസനവും ലക്ഷ്യമിട്ടു കൊണ്ടും ജനനന്‍മ മുന്‍നിര്‍ത്തിയുമുള്ള ബജറ്റാണ് അവതരിപ്പിച്ചതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
വിലത്തകര്‍ച്ച നേരിടുന്ന റബറിനും തേങ്ങയ്ക്കും വിലസ്ഥിരത ഉറപ്പാക്കാനുള്ള നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബജറ്റില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് 1206 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. ഗ്രാമവികസനത്തിന് പ്രധാന പരിഗണന നല്‍കുക എന്ന ഉദ്ദേശം മുന്‍നിര്‍ത്തി 4507 കോടി നീക്കിവച്ചതും ഐടി മേഖലയില്‍ കൂടുതല്‍ ഉണര്‍വ് സൃഷ്ടിക്കാന്‍ ഈ സാമ്പത്തിക വര്‍ഷം 1000 പുതിയ സ്റ്റാര്‍ട്ട്അപ്പ് വില്ലേജുകള്‍ തുടങ്ങാന്‍ 25 കോടി രൂപ അനുവദിച്ചതും സാമ്പത്തിക മേഖലയ്ക്ക് ഉണര്‍വു നല്‍കുന്നതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

എസ്ഡിപിഐ

ഒറ്റനോട്ടത്തില്‍ ജനകീയ ബജറ്റാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവതരിപ്പിച്ചെങ്കിലും ആസന്ന
മായ നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍
കണ്ടുകൊണ്ടുള്ള രാഷ്ട്രീയ തന്ത്രം മാത്രമാണിതെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ എം അഷ്‌റഫ് പറഞ്ഞു.
പുതിയ ബജറ്റില്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ നടത്തിയിട്ടുള്ള പ്രഖ്യാപനങ്ങളില്‍ എത്രയെണ്ണം നടപ്പാക്കിട്ടുണ്ടെന്ന് ജനങ്ങളെ അറിയിക്കേണ്ട ബാധ്യതകൂടി സര്‍ക്കാരിനുണ്ടെന്ന് അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
കേരള ചേംബര്‍
മുഖ്യമന്ത്രി അവതരിപ്പിക്കുന്ന സര്‍ക്കാരിന്റെ അവസാന ബജറ്റ് എന്ന നിലയില്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും വ്യാപാരി സമൂഹത്തിന് നിരാശമാത്രം നല്‍കിയ ബജറ്റാണ് അവതരിപ്പിക്കപ്പെട്ടതെന്ന് കേരള ചേംബര്‍ ഓഫ് കോമേഴ്‌സ് ചെയര്‍മാന്‍ മാത്യു കുരുവിത്തടം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

വ്യാപാരി വ്യവസായി സമിതി
മുഖ്യമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് വാണിജ്യ വ്യവസായ മേഖലയെ പൂര്‍ണമായും അവഗണിക്കുന്നതാണെന്ന് വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി, സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss