|    Sep 24 Sun, 2017 9:20 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ബജറ്റ്: ഗതാഗത മേഖലയ്ക്ക് തിരിച്ചടിയാവും

Published : 9th July 2016 | Posted By: SMR

അബ്ദുല്‍ഖാദര്‍ പേരയില്‍

ആലുവ: ധനമന്ത്രി ടി എം തോമസ് ഐസക് ഇന്നലെ നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് നിര്‍ദേശങ്ങള്‍ ഗതാഗതമേഖലയ്ക്ക് വന്‍ തരിച്ചടിയായേക്കുമെന്ന് സൂചന. ഇന്നലത്തെ ബജറ്റില്‍ ഗതാഗത മേഖലയില്‍ നിരവധി പരിഷ്‌കാര നടപടികളാണ് ബജറ്റ് നിര്‍ദേശത്തിലുള്ളത്. സ്വകാര്യ വാഹനമേഖല നിലവില്‍ കടുത്ത പ്രതിസന്ധി നേരിടവേയാണ്, പുതിയ ബജറ്റില്‍ കടുത്ത നിര്‍ദേശങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയിട്ടുള്ളത്.
ഗതാഗത നിയമങ്ങളുടെ മറവില്‍ വന്‍ലാഭം കൊയ്തിരുന്ന കര്‍ണാടകയ്ക്കും ബജറ്റ് നിര്‍ദേശം തിരിച്ചടിയായേക്കും. മോട്ടോര്‍ വാഹന നിയമത്തിലെ 88 (9) നിയമപ്രകാരം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഓള്‍ ഇന്ത്യ പെര്‍മിറ്റ് ഒമ്‌നി ബസ്സുകള്‍ക്ക് മൂന്നു മാസത്തേക്ക് പുഷ് ബാക്ക് സീറ്റൊന്നിന് 2000 രൂപയായിരുന്ന ടാക്‌സ് ബജറ്റില്‍ സീറ്റൊന്നിന് മൂന്നു മാസത്തേക്ക് 3500 രൂപയാക്കിയും സ്ലീപ്പര്‍ സര്‍വീസ് വാഹനങ്ങള്‍ക്ക് ഉണ്ടായിരുന്ന 3000 രൂപ മൂന്നു മാസത്തേക്ക് 4000 രൂപയായും വര്‍ധിപ്പിച്ചിട്ടുണ്ട്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ഓള്‍ ഇന്ത്യാ പെര്‍മിറ്റ്— ബസ്സുകള്‍ക്ക് ഏതെങ്കിലും സംസ്ഥാനം വാര്‍ഷിക വാഹനനികുതി ഈടാക്കുക ആണെങ്കില്‍, ഈ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ഇത്തരം വാഹനങ്ങള്‍ക്ക് കേരളത്തിലും വാര്‍ഷിക നികുതി ഈടാക്കുമെന്നതാണ് പുതിയ നിര്‍ദേശം. നിലവില്‍ ഇത്തരം വാര്‍ഷിക നികുതി ഈടാക്കുന്നത് കര്‍ണാടകം മാത്രമാണ്. വാഹനനിയമങ്ങളുടെ മറവില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വാഹനങ്ങളില്‍ കോടികള്‍ കൊയ്തിരുന്ന കര്‍ണാടകയ്ക്കാണ് ബജറ്റിലെ ഈ നിര്‍ദേശം വലിയ തിരിച്ചടിയായത്.
മറ്റു സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് ഇതുവരേയും വാഹനനികുതി ഒരു വര്‍ഷത്തേക്ക് ഒന്നിച്ച് അടയ്ക്കണമെന്നാണ് കര്‍ണാടകയില്‍ നിയമം. ഇത് കര്‍ണാകയിലേക്ക് സര്‍വീസ് നടത്തുന്ന വാഹനങ്ങളെ കാര്യമായി ബാധിച്ചിരുന്നു. ഇതിനെതുടര്‍ന്ന് കേരളത്തിലടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള വാഹന ഉടമകളില്‍ ഭൂരിഭാഗവും വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ കര്‍ണാടകയിലേക്ക് മാറ്റിയിരുന്നു. കര്‍ണാടകയില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് നികുതി മൂന്നുമാസം വീതമേ അടയ്‌ക്കേണ്ടതുള്ളൂ. വാഹന ഉടമകളുടെ ഈ നടപടി കേരളത്തിലെ മോട്ടോര്‍ വാഹന വകുപ്പിന് നഷ്ടമാണ് ഉണ്ടാക്കിയിരുന്നത്. പുതിയ ബജറ്റ് നിര്‍ദേശത്തോടെ ഇനി വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ ഉടമകള്‍ക്ക് കേരളത്തിലേക്ക് തന്നെ മാറ്റേണ്ടി വരും.
സ്വകാര്യ ബസ്സുകളുടെ വാഹനനികുതി നിശ്ചയിക്കുന്നതിലെ മാനദണ്ഡത്തില്‍ മാറ്റം വരുത്തിയതും ഈ മേഖലയ്ക്ക് കാര്യമായ തിരിച്ചടിയാവുമെന്നുറപ്പ്. ഇതുവരേയും സ്വകാര്യ ബസ്സുകളിലെ സീറ്റുകളുടെ അടിസ്ഥാനത്തിലായിരുന്നു നികുതി ഈടാക്കിയിരുന്നതെങ്കിലും ഇനി മുതല്‍ ഇത് ബസ്സുകളുടെ തറ വിസ്തീര്‍ണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. ഇതു പ്രകാരം ടൗണ്‍ സിറ്റി സര്‍വീസ് അല്ലാത്ത ഓര്‍ഡിനറി ബസ്സുകള്‍ക്ക് ഒരു സ്‌ക്വയര്‍ മീറ്ററിന് 1300 രൂപയും ടൗണ്‍ സിറ്റി സര്‍വീസ് നടത്തുന്ന ഓര്‍ഡിനറി ബസ്സുകള്‍ക്ക് ഒരു സ്‌ക്വയര്‍ മീറ്ററിന് 1360 രൂപയും ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകള്‍ക്ക് സ്‌ക്വയര്‍ മീറ്ററിന് 1400 രൂപയും ആവും. വിവിധ ആവശ്യങ്ങള്‍ക്കായി പ്രത്യേകം രൂപ കല്‍പന ചെയ്ത സര്‍വീസ് നടത്തി വരുന്ന വാഹനങ്ങള്‍ക്ക് പ്രത്യേക നികുതി ചുമത്താനുള്ള വ്യവസ്ഥകള്‍ നികുതി നിയമത്തില്‍ ഇല്ലാത്തതിനാല്‍ ഇത്തരം വാഹനങ്ങള്‍ക്ക് നിസ്സാരമായ നികുതി മാത്രമായിരുന്നു ഈടാക്കിയിരുന്നത്. എന്നാല്‍, മൊബൈല്‍ റസ്റ്റോറന്റ്, മൊബൈല്‍ കാന്റീന്, മൊബൈല്‍ തിയേറ്ററുകള്‍ മൊബൈല്‍ വര്‍ക് ഷോപ്പുകള്‍ , എക്‌സിബിഷനുകള്‍, എടിഎം തുടങ്ങിയ നിലകളിലായി ഇത്തരം വാഹനങ്ങളുടെ ഉപയോഗം വര്‍ധിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഈ വാഹനങ്ങള്‍ക്കും ഒരു സ്‌ക്വയര്‍മീറ്ററിന് 300 രൂപ നിരക്കില്‍ ത്രൈമാസ നികുതി ഏര്‍പ്പെടുത്തും. ഇതുവഴി 50 ലക്ഷം രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ ഈ വര്‍ഷം ലക്ഷ്യമിടുന്നത്.
മോട്ടോര്‍ വാഹന നികുതി നിയമത്തിലെ ഷെഡ്യൂളില്‍ ഒരിടത്തും പരാമര്‍ശിക്കാത്ത വാഹനങ്ങളുടെ നികുതിയിലും തറ വിസ്തീര്‍ണം ആധാരമാക്കി പുനര്‍ നിര്‍ണയം നടത്തി. സ്‌ക്വയര്‍ മീറ്ററിന് ഇത്തരം വാഹനങ്ങള്‍ ത്രൈമാസ നികുതിയായി 150 രൂപ വീതം നല്‍കണം. ചരക്കു വാഹനങ്ങളുടെ നികുതിയിലും കാര്യമായ വര്‍ധനവാണ് ബജറ്റിലുള്ളത്. എല്ലാത്തരം ചരക്കു വാഹനങ്ങളുടേയും നികുതിയില്‍ 10 ശതമാനമാണ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചിട്ടുള്ളത്. ഇതുവഴി ഈ വര്‍ഷം 20 കോടി രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
പഴയ വാഹനങ്ങളില്‍ നിന്നുള്ള വായു മലിനീകരണം വര്‍ധിക്കുന്നതിനാല്‍ ഇത്തരം വാഹനങ്ങളുടെ ഉപയോഗം നിരുല്‍സാഹപ്പെടുത്തുന്നതിനായി എല്ലാ സംസ്ഥാനങ്ങളും ഇത്തരം വാഹനങ്ങള്‍ക്ക് ഗ്രീന്‍ ടാക്‌സും ഏര്‍പ്പെടുത്തിയിരുന്നു. പുതിയ ബജറ്റു പ്രകാരം പതിനഞ്ചു വര്‍ഷത്തിലധികം പഴക്കമുള്ള നാലും അതില്‍ കൂടുതല്‍ ചക്രങ്ങളുള്ളതുമായ സ്വകാര്യവാഹനങ്ങള്‍ക്കും പത്തു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള നാലും അതില്‍ കൂടുതല്‍ ചക്രങ്ങളുമുള്ള ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്കും ഗ്രീന്‍ ടാക്‌സ് ബാധകമാവും. നാലും അതില്‍ കൂടുതല്‍ ചക്രങ്ങളുമുള്ള സ്വകാര്യ വാഹനങ്ങള്‍ക്ക് രജിസേ്രടഷന്‍ പുതുക്കല്‍ സമയത്ത് 400 രൂപയും നാലും അതില്‍ കൂടുതല്‍ ചക്രങ്ങളുള്ള ചെറിയ വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കുമ്പോള്‍ 200 രൂപയും നല്‍കണം. മീഡിയം ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ ഫിറ്റ്‌നസ് പുതുക്കുമ്പോള്‍ 300 രൂപയും ഹെവി ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ 400 രൂപയും ഗ്രീന്‍ ടാക്‌സായി നല്‍കണം.
ഇരുചക്ര വാഹനങ്ങളേയും സ്വകാര്യ ആവശ്യങ്ങള്‍ക്കായി മാത്രം ഉപയോഗിക്കുന്ന മുച്ചക്ര, ഓട്ടോറിക്ഷ എന്നീ വാഹനങ്ങളേയും ഗ്രീന്‍ ടാക്‌സില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സര്‍ക്കാരിന്റെ പുതിയ നികുതി നിര്‍ദേശങ്ങള്‍ പ്രതിസന്ധിയിലായിട്ടുള്ള വാഹന മേഖലയ്ക്ക് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് സൂചന. പുതിയ ബജറ്റ് നിര്‍ദേശങ്ങള്‍സര്‍ക്കാരിന്റെ പുതിയ ബജറ്റ് നിര്‍ദേശങ്ങള്‍ വാഹനമേഖലയുടെ നട്ടെല്ലൊടിക്കുന്നതാണെന്ന് ഓള്‍ കേരള ലക്ഷ്വറി ബസ് ഓപറേറ്റേഴ്‌സ് ആന്റ് ഏജന്റ്‌സ് അസ്സോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. എ ജെ റിയാസ് അഭിപ്രായപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക