|    May 27 Sat, 2017 12:43 am
FLASH NEWS

ബജറ്റ് കോപ്പി നല്‍കിയില്ല: പ്രതിപക്ഷം ബജറ്റ് ബഹിഷ്‌കരിച്ചു

Published : 21st March 2017 | Posted By: fsq

 

തിരുവനന്തപുരം: ബജറ്റ് അവതരണത്തിന് മുമ്പ് പ്രസംഗത്തിന്റെ കോപ്പി അംഗങ്ങള്‍ക്ക് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ജില്ലാ പഞ്ചായത്ത് ബജറ്റ് അവതരണം പ്രതിപക്ഷം ബഹിഷ്‌കരിച്ചു.  പ്രതിപക്ഷ നേതാവ് ആനാട് ജയന്റെ നേതൃത്വത്തില്‍ അന്‍സജിത റസ്സല്‍, ജോസ്‌ലാല്‍, രമാകുമാരി, ശോഭനകുമാരി, സുജാത എന്നീ പ്രതിപക്ഷ അംഗങ്ങളാണ് ബജറ്റ് ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയത്. അതേസമയം ബിജെപിയുടെ ഏക അംഗം ഭരണപക്ഷത്തിന് പിന്തുണയുമായി തുടര്‍ന്നു.
ഉച്ചയ്ക്കു ശേഷം നടന്ന ബജറ്റിലുള്ള ചര്‍ച്ചയിലും യുഡിഎഫ് അംഗങ്ങള്‍ പങ്കെടുത്തില്ല. ബജറ്റ് അവതരണത്തിന് മുന്നോടിയായി പ്രസിഡന്റ് വി കെ മധു നടത്തിയ ആമുഖ പ്രസംഗത്തില്‍ ബജറ്റിലുള്ള കാര്യങ്ങള്‍ തന്നെയാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്നും അതിനാല്‍ ഇനി ബജറ്റ് അവരണത്തിന്റെ കാര്യമില്ലെന്നും പറഞ്ഞ് പ്രതിപക്ഷം തുടക്കത്തില്‍തന്നെ രംഗത്തെത്തിയിരുന്നു. എന്നാല്‍ പ്രസിഡന്റിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് പ്രതിപക്ഷം വഴങ്ങി ബജറ്റ് അവതരണത്തിനുള്ള സാഹചര്യമൊരുക്കി.
തുടര്‍ന്ന് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജാ ബീഗം ബജറ്റ് അവതരണത്തിനായി എത്തിയതോടെയാണു വീണ്ടും പ്രശ്‌നങ്ങളായി. ബജറ്റ് പ്രസംഗത്തിന്റെ കോപ്പി തന്ന ശേഷം മതി അവതരണമെന്നു പറഞ്ഞ് പ്രതിപക്ഷം രംഗത്തെത്തി.  മുന്‍ വര്‍ഷങ്ങളിലെല്ലാം കോപ്പി നേരത്തെ നല്‍കിയിരുന്നതായി ആനാട് ജയന്‍ വാദിച്ചതോടെ ബജറ്റിന്റെ കോപ്പി അംഗങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും നല്‍കിയെങ്കിലും വരവുചെലവ് കണക്കുകള്‍ അല്ലാതെ പദ്ധതികള്‍ അടങ്ങുന്ന ബജറ്റ് പ്രസംഗത്തിന്റെ കോപ്പി ഉള്‍പ്പെടുത്തിയിരുന്നില്ല.
പ്രസംഗത്തിന്റെ കോപ്പി കിട്ടാതെ അവതരണത്തില്‍ പങ്കെടുക്കില്ലെന്നു പ്രതിപക്ഷാംഗങ്ങള്‍ പറഞ്ഞെങ്കിലും വൈസ് പ്രസിഡന്റിന്റെ അവതരണം കഴിയാതെ കോപ്പി നല്‍കില്ലെന്ന നിലപാടില്‍ ഭരണകക്ഷിയും ഉറച്ചുനിന്നു. തുടര്‍ന്നാണ് പ്രതിപക്ഷം ബഹിഷ്‌കരിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day