|    Sep 26 Wed, 2018 8:27 pm
FLASH NEWS

ബജറ്റ്: കൃഷിനശിച്ചു നട്ടംതിരിയുന്ന കര്‍ഷകരുടെ ദുരിതമേറും

Published : 5th February 2018 | Posted By: kasim kzm

ഇടുക്കി: ക്ഷേമ പെന്‍ഷനുകള്‍ക്കു പുതിയ മാനദന്ധം നിശ്ചയിച്ചുള്ള ബജറ്റ് നിര്‍ദേശം ജില്ലയിലെ ആയിരക്കണക്കിനു കര്‍ഷകര്‍ക്ക് ഇരുട്ടടിയാവും. കൃഷി നശിച്ചു നട്ടം തിരിയുന്ന കര്‍ഷകരുടെ ദുരിതമേറ്റുന്ന നിലപാടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ബജറ്റിലൂടെ നടപ്പാക്കാന്‍ പോവുന്നത്. സാമൂഹിക ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നവരുടെ എണ്ണം കുറയ്ക്കാനായിട്ടാണ് അര്‍ഹതാ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താനുള്ള ബജറ്റ് നിര്‍ദേശം മുന്നോട്ടുവച്ചിരിക്കുന്നത്. ഇത് ഏറ്റവും ബാധിക്കുക ഇടുക്കിയിലെ ഇടത്തരം കര്‍ഷകരെയാവും. രണ്ട് ഏക്കര്‍ ഭൂമിയുള്ളവര്‍ക്കു ക്ഷേമപെന്‍ഷന്‍ നല്‍കേണ്ടതില്ലെന്ന തീരുമാനം കര്‍ഷകരെ പിന്നോട്ടടിപ്പിക്കുക കുറച്ചൊന്നുമല്ല. വിധവാ പെന്‍ഷന്‍, കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, വാര്‍ധക്യകാല പെന്‍ഷന്‍ തുടങ്ങിയവയുടെ ഗുണഭോക്താക്കളില്‍ നല്ലൊരു പങ്കും പുതിയ മാനദണ്ഡങ്ങള്‍ നടപ്പാക്കിത്തുടങ്ങുന്നതോടെ പെന്‍ഷന്‍ പരിധിയില്‍നിന്നു പുറത്താവും. രണ്ട് ഏക്കര്‍ സ്ഥലമുള്ളവര്‍ക്കു പെന്‍ഷന്‍ നല്‍കേണ്ടതില്ലെന്ന നിര്‍ദേശം നടപ്പിലാക്കുന്നതോടെ ഇവര്‍ക്കുള്ള ധനസഹായം നിലയ്ക്കും. വാര്‍ധക്യകാല പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കും പുതിയ മാനദണ്ഡം തിരിച്ചടിയാകും. 1200 ചതുരശ്ര അടിയില്‍ കൂടുതല്‍ വീടുള്ളവര്‍ക്കും സ്വന്തമായി കാറുള്ളവര്‍ക്കും ആദായനികുതി നല്‍കുന്നവര്‍ക്കൊപ്പം താമസിക്കുന്നവര്‍ക്കും പെന്‍ഷന് അര്‍ഹതയുണ്ടാകില്ല. പുതിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ അനര്‍ഹരെ കണ്ടെത്തിയ ശേഷം ഏപ്രില്‍ മുതല്‍ പുതിയ പെന്‍ഷന്‍ അപേക്ഷകളില്‍ തീരുമാനമെടുക്കും. 1100 മുതല്‍ 1500 രൂപ വരെയാണു വിവിധ ഇനങ്ങളിലായി വിതരണം ചെയ്തിരുന്ന പെന്‍ഷന്‍. ബജറ്റില്‍ ഇവ വര്‍ധിപ്പിച്ചിട്ടില്ലെന്നതു മാത്രമല്ല, പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുക കൂടി ചെയ്തതു നിരാശാജനകമാണെന്നു കര്‍ഷകര്‍ പറയുന്നു. പെന്‍ഷന്‍ വാങ്ങുന്നവര്‍: ഇടുക്കിയിലെ പെന്‍ഷന്‍കാര്‍ ആകെ 1,33,308 കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ ലഭിക്കുന്നവര്‍ 11,223 വാര്‍ധക്യകാല പെന്‍ഷന്‍ 76,748 ഭിന്നശേഷിക്കാര്‍ക്കുള്ള പെന്‍ഷന്‍ 10,665 മനോദൗര്‍ബല്യമുള്ളവര്‍ക്കുള്ള പെന്‍ഷന്‍ 111 അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍ 855, വിധവാ പെന്‍ഷന്‍ 33,706. ജില്ലയില്‍ പെന്‍ഷനുകള്‍ സ്വീകരിക്കുന്ന അധികംപേര്‍ക്കും രണ്ടിലധികം ഏക്കര്‍ ഭൂമിയുണ്ടെങ്കിലും കൃഷിനശിച്ച് ജീവിതം വഴിമുട്ടി നില്‍ക്കുന്നവരാണ് അധികവും. ഒപ്പം വന്‍തുക ബാധ്യതയുള്ള ലോണുകളില്‍ കുടുങ്ങിയിരിക്കുന്നവരും അനവധി. കാലാവസ്ഥാ വ്യതിയാനവും കൃഷിനാശവും വന്യമൃഗങ്ങളുടെ ശല്യവും ഒക്കെ നഷ്ടത്തിന്റെ കണക്കു മാത്രം ബാക്കിവയ്ക്കുന്ന ആയിരക്കണക്കിനു കര്‍ഷകര്‍ക്ക് ക്ഷേമ പെന്‍ഷനുകള്‍ നല്‍കുന്ന ആശ്വാസം ഏറെ വലുതാണ്. അതുകൂടി തടയുന്ന സമീപനമാണ് സര്‍ക്കാര്‍ ബറ്റിലൂടെ നടപ്പാക്കാന്‍ പോവുന്നത്. അതേസമയം, ആയിരക്കണക്കിനു കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്ന പെന്‍ഷന്‍ മാനദണ്ഡ പരിഷ്‌കാരം സംബന്ധിച്ച് പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍പ്പോലും പ്രതിഷേധ സ്വരം ഉയര്‍ത്തിയിട്ടില്ലെന്നത് ആശങ്കാജനകമാണ്. സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നിലപാടുകള്‍ക്കെതിരേ ശക്തമായ സമര പരിപാടികള്‍ക്കൊരുങ്ങുകയാണ് ജില്ലയിലെ കര്‍ഷക സംഘടനകള്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss