|    Mar 23 Thu, 2017 7:48 pm
FLASH NEWS

ബജറ്റ് ആവര്‍ത്തനമെന്ന് പ്രതിപക്ഷം : പദ്ധതി നിര്‍വഹണം 45 ശതമാനം: വി കെ മധു

Published : 21st March 2017 | Posted By: fsq

 

തിരുവനന്തപുരം: നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ കനത്ത പ്രതിസന്ധിക്കിടയിലും 45 ശതമാനം പദ്ധതികള്‍ ജില്ലാ പഞ്ചായത്ത് പൂര്‍ത്തിയാക്കിയെന്നു പ്രസിഡന്റ് വികെ മധു. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി പദ്ധതി നിര്‍വഹണം കുറഞ്ഞത് നോട്ട് പ്രതിസന്ധി കൊണ്ട് മാത്രമാണ്. പ്രതിസന്ധി നിലവിലുണ്ടായിരുന്ന മാസങ്ങളില്‍ പദ്ധതികള്‍ ഒന്നുംതന്നെ തുടങ്ങാനായില്ല.
സ്പില്‍ഓവര്‍ പദ്ധതികള്‍ക്ക് മുഴുവന്‍ തുകയും ലഭ്യമാവുമെന്നതിനാല്‍ മാര്‍ച്ചിനു ശേഷവും ആരംഭിച്ച പദ്ധതികള്‍ തുടരുമെന്ന് വി കെ മധു പറഞ്ഞു. സ്ത്രീസംരക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി എല്ലാ മേഖലകളെയും ബജറ്റില്‍ സമഗ്രമായി പരിഗണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിശക്കുന്നവര്‍ക്ക് ആഹാരവുമായി പാഥേയം എന്ന പദ്ധതിയും അരുവിക്കര മുതല്‍ തിരുവനന്തപുരം വരെയുള്ള ഗ്രേറ്റ് വേ പദ്ധതിയും പ്രത്യേക പരിഗണന അര്‍ഹിക്കുന്നുണ്ട്. ഒരു പദ്ധതികളിലൂടെയും യാതൊരാനുകൂല്യവും കിട്ടാത്ത നിര്‍ധനര്‍ക്ക് അങ്കണവാടികള്‍ കേന്ദ്രീകരിച്ച് കുടുംബശ്രീ വഴി സൗജന്യ ഭക്ഷണം നല്‍കുന്ന പദ്ധതിയാണ് പാഥേയം.
ആദ്യഘട്ടത്തില്‍ ജില്ലയിലെ 10 പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുക. പള്ളിക്കല്‍, നഗരൂര്‍, കുറ്റിച്ചല്‍, ചെറുന്നിയൂര്‍, കഠിനംകുളം, പോത്തന്‍കോട്, ആര്യങ്കോട്, കോട്ടുകാല്‍, കുന്നത്തുകാല്‍, വിതുര പഞ്ചായത്തുകളെയാണ് പൈലറ്റ് പദ്ധതിയെന്നോണം ആദ്യഘട്ടം തിരഞ്ഞെടുത്തിരിക്കുന്നത്. അടുത്ത ഘട്ടത്തില്‍ ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് വിഹിതം കൂടി ഉള്‍പ്പെടുത്തി ബാക്കിയുള്ള 73 പഞ്ചായത്തുകളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും പ്രസിഡന്റ് പറഞ്ഞു.
കഴിഞ്ഞ ബജറ്റിലെ പദ്ധതികളുടെ പേര് മാറ്റിയുള്ള പ്രഖ്യാപനം മാത്രമാണ് ഇപ്പോഴത്തെ ബജറ്റെന്നു പ്രതിപക്ഷം ആരോപിച്ചു. കഴിഞ്ഞ ബജറ്റിലെ 30 ശതമാനം പദ്ധതികള്‍ പോലും നടത്തിയിട്ടില്ലെന്ന്  ആനാട് ജയന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച എന്റെ പുഴ എന്റെ ജലാശയം പദ്ധതിയുടെ പേര് മാറ്റിയുള്ള പ്രഖ്യാപനമാണ് ഇപ്പോഴത്തെ ജലശ്രീ പദ്ധതി. മുമ്പ് പ്രഖ്യാപിച്ച ജൈവസമൃദ്ധി പച്ചക്കറി പദ്ധതി പ്രകാരം 10 ശതമാനം പച്ചക്കറികള്‍ പോലും ഉല്‍പാദിപ്പിച്ചിട്ടില്ല.
ദിശ പ്രകാരം കുട്ടികള്‍ക്കുള്ള പരിശീലനം ഈ മാസം ആണ് ആരംഭിച്ചത്. കൂത്തമ്പലം, വഴിയമ്പലം പദ്ധതികള്‍ ഒരിടത്തു പോലും ആരംഭിച്ചിട്ടില്ല. പാഥേയവും രാത്രി പാഠശാലയും ഉള്‍പ്പെടെ കഴിഞ്ഞ വര്‍ഷം നടപ്പാക്കാത്ത പദ്ധതികളുടെ ആവര്‍ത്തനമാണ്.
നാടിന്റെ സമഗ്ര വികസനത്തെ പിന്നോട്ടു നയിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്നും പ്രതിപക്ഷം പറഞ്ഞു.

(Visited 1 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക