|    Apr 23 Mon, 2018 5:18 pm
FLASH NEWS

ബജറ്റില്‍ തുക വകയിരുത്തിയില്ല: മാവുണ്ടിരിക്കടവ് പാലത്തിന്റെ ശോച്യാവസ്ഥ തുടരുന്നു

Published : 11th July 2016 | Posted By: SMR

പാലക്കാട്: സംസ്ഥാനത്തിന് മൊത്തം ആശ്വാസമെന്ന അവകാശവാദത്തോടെ കഴിഞ്ഞ ദിവസം നിയമസഭയില്‍ ധനകാര്യ മന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ആശ്വാസ ബജറ്റിലും മാവുണ്ടിരിക്കടവ് പാലത്തിനും അനുബന്ധ റോഡിനും ഫണ്ട് വകയിരുത്താത്തത ്പ്രദേശവാസികളെ നിരാശരാക്കി. ഷൊര്‍ണൂര്‍ നിയോജകമണ്ഡലത്തില്‍പ്പെട്ട ഈ പാലവും നെല്ലായ മുതല്‍ മാവുണ്ടിരിക്കടവ് പാലം വരെയുള്ള അഞ്ച് കിലോമീറ്റര്‍ റോഡും കാലങ്ങളായി അധികൃതരുടെ അവഗണന ഏറ്റു വാങ്ങുകയാണ്.
ഭരണം മാറി പുതിയസര്‍ക്കാര്‍ വന്നാലെങ്കിലും ഈ റോഡിനോടും പാലത്തിനോടുള്ള അവഗണന മാറുമെന്ന് പ്രതീക്ഷയിലായിരുന്നു പ്രദേശവാസികള്‍. ഇതേമണ്ഡലത്തിലെ ഇത്ര തന്നെ പ്രധാനമല്ലാത്ത റോഡുകള്‍ക്ക് പോലും ആവശ്യമായ ഫണ്ടുകള്‍ വകയിരുത്തപ്പോഴും ഈറോഡിന് ആശ്വാസത്തിന് പോലും ഫണ്ട് വകയിരുത്തിയില്ല. ഒറ്റപ്പാലം -പെരിന്തല്‍മണ്ണ റോഡിന് 10 കോടി, വാണിയംകുളം വല്ലപ്പുഴ റോഡിന് 10 കോടി, പട്ടാമ്പി ചെര്‍പ്പുളശേരി റോഡിന് 10 കോടി, ശ്രീകൃഷ്ണപുരം മുറിയങ്കണ്ണി ചെത്തല്ലൂര്‍ റോഡിന് 10 കോടി, ഒറ്റപ്പാലം ചെര്‍പ്പുളശേരി റോഡിന് 10കോടി എന്നിങ്ങിനെ തരക്കേടില്ലാത്ത ഫണ്ടുകള്‍ വകയിരുത്തിയിട്ടും മാവുണ്ടിരിക്കടവ് പാലം നെല്ലായ റോഡിന് ഫണ്ട് വിലയിരുത്തിയില്ല.
ഭീമമായ സംഖ്യ ആവശ്യമുള്ള ഈ പദ്ധതി നാട്ടുകാര്‍ പലതവണ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തയതാണ്. മാവുണ്ടിരിപാലം പണിതീര്‍ത്ത് ഉപയോഗം തുടങ്ങിയിട്ടുള്ള വര്‍ഷമായി. ഈ കാലയളവില്‍ പാലത്തിന്റെ ഒരു അറ്റകുറ്റപണിയും നടന്നിട്ടില്ല. പാലത്തിന്റെ സ്പാനുകള്‍ പരസ്പരം ബന്ധമില്ലാതെ വലിയ വിടവുകള്‍ ദൃശ്യമാണ്. പുഴയില്‍ നിന്നുള്ള മണല്‍ വാരല്‍ കാരണം വലിയ ഗര്‍ത്തങ്ങളില്‍പ്പെട്ട് പാലത്തിന്റെ കാലുകളും അപകടഭീഷണിയാണ്. തച്ചങ്ങാട് മുതല്‍ മാവുണ്ടിരിക്കടവ് വരെയുള്ള റോഡാണ് പൂര്‍ണമായും തകര്‍ന്നത് ദുഷ്‌ക്കരമാണ്. റോഡുകള്‍കുഴി കാരണം ഓട്ടോറിക്ഷകളൊന്നും ഓട്ടോ വിളിച്ചാല്‍ ഈ റോഡിലൂടെ പോവാറില്ല. വന്നാല്‍ തന്നെ അമിത ചാര്‍ജ്ജ് ഈടാക്കാലാണ് പതിവ്.
ചെര്‍പ്പുളശേരിയില്‍നിന്നും പെരിന്തല്‍മണ്ണയിലേക്ക് മാവുണ്ടിരിക്കടവ് പാലം വഴി വിരലിലെണ്ണാവുന്ന ബസ് സര്‍വീസുകളെ ഉള്ളൂ. ഇത് കാരണം തച്ചങ്ങാട് മാവുണ്ടിരി, അരിക്കല്‍പടി, ഇരുമ്പാലശേരി, കുളപ്പിട, വളയം മൂച്ചി, ചരല്‍ തുടങ്ങി സ്ഥലങ്ങളിലെ വിദ്യാര്‍ഥികള്‍ കുഞ്ഞക്കാവിലെയും പരിസര പ്രദേശങ്ങളിലേയും വിദ്യാലയങ്ങളിലേക്ക് പോകുന്ന വിദ്യാര്‍ഥികള്‍ക്കാവശ്യമായ ബസ് സര്‍വീസുകളില്ലാത്തതും റോഡിന്റെ ശോചനീയാവസ്ഥയും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. റോഡ് അറ്റകുറ്റപ്പണി നടത്തി പെരിന്തല്‍മണ്ണയില്‍ നിന്നും മാവുണ്ടിരിക്കടവ് പാലം വഴി ചെര്‍പ്പുളശേരി ഭാഗത്തേക്ക് കെ എസ് ആര്‍ ടി ബസ് സര്‍വീസ് ആരംഭിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം ശക്തമായസമരപരിപാടികള്‍ ആവിഷ്‌ക്കരിക്കാനാണ് തീരുമാനം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss