|    Jul 18 Wed, 2018 2:18 am
FLASH NEWS
Home   >  Editpage  >  Middlepiece  >  

ബക്കറ്റ് പിരിവിലൂടെയും ആകാം വിപ്ലവം!

Published : 16th September 2017 | Posted By: fsq

സഖാവ് ഇ കെ നായനാര്‍ക്ക് സമുചിതമായ സ്മാരകം വരുന്നത് മലയാളികള്‍ക്ക് ആഹ്ലാദകരമാണ്. നര്‍മരസികനായ നേതാവ് എന്ന നിലയില്‍ എതിരാളികള്‍ പോലും അദ്ദേഹത്തെ ബഹുമാനിച്ചിരുന്നു. ദേശീയതലത്തിലും സംസ്ഥാനതലത്തിലും പ്രമുഖരായ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കെല്ലാം സ്മാരകങ്ങളുണ്ട്. ഇതൊക്കെ നിര്‍മിക്കാന്‍ സര്‍ക്കാര്‍ സ്ഥലവും ജനങ്ങള്‍ പണവും നല്‍കിയിട്ടുണ്ട്. നേതാക്കളുടെ മരണശേഷം മുമ്പു പാര്‍ട്ടി നിര്‍മിച്ച കെട്ടിടങ്ങള്‍ക്ക് അവരുടെ പേരുകള്‍ നല്‍കി സ്മാരകങ്ങളാക്കിയിട്ടുമുണ്ട്. തലസ്ഥാനത്ത് സിപിഎം ഓഫിസ് എകെജിയുടെ പേരിലുള്ളതാണ്. സിപിഐ സംസ്ഥാന കമ്മിറ്റി ഓഫിസ് എം എന്‍ ഗോവിന്ദന്‍ നായര്‍ സ്മാരക മന്ദിരമാണ്. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഓഫിസായിരുന്നു അത്. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഐക്കാണ് ഓഫിസ് കിട്ടിയത്. ഈ ഓഫിസ് നിര്‍മിച്ചത് എംഎന്നിന്റെ നേതൃത്വത്തിലായിരുന്നു. ആദ്യ മുഖ്യമന്ത്രി ഇഎംഎസിനാണെങ്കില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്മാരക കെട്ടിടങ്ങളും പാര്‍ട്ടി ഓഫിസുകളും നിരവധിയാണ്. ഇഎംഎസിന്റെ പേരില്‍ ആശുപത്രികളും സ്റ്റേഡിയവും ഒക്കെ നിലവിലുണ്ട്. അതൊക്കെ സര്‍ക്കാരിന്റെ വകയാണ്. പാര്‍ട്ടി അധികാരത്തില്‍ വരുമ്പോള്‍ നേതാക്കളുടെ സ്മരണ നിലനിര്‍ത്താന്‍ പേരുകള്‍ നല്‍കുന്നു. സര്‍ക്കാരിന്റെ സ്ഥലവും ജനങ്ങളുടെ പണവുംകൊണ്ട് പാര്‍ട്ടികള്‍ നിര്‍മിച്ച സ്മാരക കെട്ടിടങ്ങള്‍ പാര്‍ട്ടിക്കു വേണ്ടി മാത്രമുള്ളതാണ്. അതൊന്നും പൊതു ആവശ്യങ്ങള്‍ക്ക് വിട്ടുകൊടുക്കാറില്ല. സിപിഎം സ്ഥാപകനേതാവായിരുന്ന സുന്ദരയ്യക്ക് ഹൈദരാബാദ് നഗരത്തില്‍ വലിയ സ്മാരകമന്ദിരമുണ്ട്. വൈ എസ് രാജശേഖര റെഡ്ഡി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഇതിനുവേണ്ടി സര്‍ക്കാര്‍ഭൂമി അനുവദിച്ചത്. കെട്ടിടങ്ങളുടെ പല ഭാഗങ്ങളും പാര്‍ട്ടി വാടകയ്ക്കു നല്‍കിയിരിക്കുകയാണ്. ഹാള്‍, മുറി വാടക ഇനത്തില്‍ പാര്‍ട്ടിക്ക് നല്ലൊരു സംഖ്യ വരുമാനമായി ലഭിക്കുന്നു. കേരളത്തിലും ജില്ലാ-പ്രാദേശിക തലങ്ങളില്‍ കെട്ടിടങ്ങള്‍ വാടകയ്ക്കു കൊടുത്ത് പാര്‍ട്ടി വരുമാനം ഉണ്ടാക്കുന്നുണ്ട്. നായനാര്‍ സ്മാരകം നിര്‍മിക്കാന്‍ അവരുടെ പാര്‍ട്ടിയാണ് തീരുമാനിച്ചത്. സ്മാരകത്തിന്റെ വിശദ വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. എത്ര പണം പിരിക്കണമെന്നും പരസ്യപ്പെടുത്തിയിട്ടില്ല. സംസ്ഥാനത്ത് പാര്‍ട്ടി ബ്രാഞ്ചുകള്‍ മുഖേനയാണ് പിരിവു നടത്താന്‍ നിശ്ചയിച്ചത്. ഓരോ ബ്രാഞ്ചിനും ഇത്ര തുക പിരിച്ചുനല്‍കണമെന്നു ക്വാട്ടയും നിശ്ചയിച്ചു. പിരിവാണെങ്കില്‍ ഒറ്റദിവസംകൊണ്ട് പൂര്‍ത്തിയാക്കണം. നാളെ തരാമെന്ന ഒരു വാക്ക് ഇവിടില്ല. പിരിവില്‍ കടവും ഇല്ല. റൊക്കം പണം നല്‍കണം. ബക്കറ്റുകള്‍ക്ക് വലുപ്പമോ നിറമോ പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല. അതത് പാര്‍ട്ടിപ്രവര്‍ത്തകരുടെ മനോധര്‍മമനുസരിച്ച് അതാവാം. ഒറ്റദിവസംകൊണ്ട് പിരിച്ചത് കിറുകൃത്യം 20 കോടി രൂപ! ഒരു നയാപൈസ അങ്ങോട്ടോ ഇങ്ങോട്ടോ ഇല്ല!സംസ്ഥാനത്തിന്റെ പിരിവു ചരിത്രത്തില്‍ ഇതൊരു അദ്ഭുതമാണ്. ദേശീയതലത്തിലും ഇത്ര തുക സമാഹരിച്ച ബക്കറ്റ് പിരിവു നടന്നിട്ടുണ്ടോ എന്നു സംശയമാണ്. കേരളത്തില്‍ ബക്കറ്റ് പിരിവിന് ആവേശകരമായ ഒരു ചരിത്രമുണ്ട്. എകെജിയുടെ പട്ടിണിജാഥയിലാണ് ആദ്യമായി സഖാക്കള്‍ ബക്കറ്റുകളുമായി പൊതുജനങ്ങളെ സമീപിച്ചത്. പട്ടിണികിടന്ന് ജാഥനയിക്കുന്നവര്‍ക്ക് എന്തിനാ പണം എന്ന് അന്നും ചിലര്‍ ചോദിച്ചിരുന്നു. എന്നാലും ബക്കറ്റുകളില്‍ നാണയങ്ങള്‍ നിറഞ്ഞു. അങ്ങനെ പണപ്പിരിവില്‍ ഒരു ജനകീയ മുഖം തുറന്നുകിട്ടി. കലാപരമായും ബക്കറ്റ് പിരിവുകള്‍ ഉണ്ടാവും. ചെണ്ടമേളങ്ങളും വാദ്യഘോഷങ്ങളുമായി ബക്കറ്റ് നീട്ടിയുള്ള പിരിവുകള്‍! ബക്കറ്റ് പിരിവില്‍ ചില തിരിച്ചടികളും ഉണ്ടായിട്ടുണ്ട്. നിറഞ്ഞ ബക്കറ്റുകളുമായി മുങ്ങിയ സംഭവങ്ങള്‍. 1964ല്‍ യുവജന ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ സി കെ ചന്ദ്രപ്പന്റെ നേതൃത്വത്തില്‍ പദയാത്ര നടക്കുകയായിരുന്നു. ബക്കറ്റ് പിരിവിന്റെ ചുമതല ഉണ്ടായിരുന്ന ജാഥാംഗം പിരിച്ച പൈസയുമായി മുങ്ങി. ദരിദ്രനായിരുന്ന അദ്ദേഹം പിന്നീട് കോടീശ്വരനായി മാറിയത് മറ്റൊരു കഥ. ഇതിന്റെ ഏറ്റവും വലിയ സൗകര്യം പണം നല്‍കുന്നവര്‍ക്ക് രശീതി കൊടുക്കേണ്ടതില്ല എന്നതാണ്. അല്ലെങ്കില്‍ എത്രയെത്ര രശീതി പുസ്തകങ്ങള്‍ വേണ്ടിവരും? എഴുതിയെഴുതി സഖാക്കളുടെ കൈ കുഴയുകയും ചെയ്യും. പിന്നെ രശീതി പുസ്തകങ്ങളുടെ കണക്കുകള്‍ കൂട്ടിയും കിഴിച്ചും എഴുതിവയ്‌ക്കേണ്ട. രശീതി കുറ്റികള്‍ പാര്‍ട്ടി ഓഫിസുകളില്‍ കൂമ്പാരമായി സൂക്ഷിക്കേണ്ടതുമില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss