ബംഗ്ലാദേശ് പെണ്‍വാണിഭക്കേസ്: സുഹൈല്‍ തങ്ങളെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു
Published : 22nd July 2016 | Posted By: SMR
കോഴിക്കോട്: ബംഗ്ലാദേശ് പെണ്‍കുട്ടികളുള്‍പ്പെട്ട പെണ്‍വാണിഭക്കേസില്‍ ജാമ്യത്തിലിറങ്ങിയ വയനാട് മുട്ടില്‍ സ്വദേശി സുഹൈല്‍ തങ്ങളെ കാപ്പ ചുമത്തി നടക്കാവ് പോലിസ് അറസ്റ്റ് ചെയ്തു. ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് പാളയത്ത് വച്ചായിരുന്നു കേരള ആന്റി സോഷ്യല്‍ ആക്റ്റിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് പ്രകാരമുള്ള അറസ്റ്റ്.
വയനാട്ടില്‍ നിന്ന് കുടുംബസമേതം പാളയത്ത് ബസ്സിറങ്ങിയ ഇയാളെ പോലിസ് പിടികൂടുകയായിരുന്നു. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ഇയാള്‍ക്കെതിരേ കാപ്പ ചുമത്താന്‍ ശുപാര്‍ശ ചെയ്തുകൊണ്ടുള്ള സിറ്റി പോലിസ് കമ്മീഷണറുടെ റിപോര്‍ട്ട് ജില്ലാ കലക്ടര്‍ തള്ളിയിരുന്നു. കാപ്പ നിയമപ്രകാരമുള്ള വ്യവസ്ഥകളുടെ അഭാവത്തിലായിരുന്നു നടപടി. അന്ന് ഒരു കേസില്‍ പോലും ഇയാള്‍ ശിക്ഷിക്കപ്പെട്ടിരുന്നില്ല. പോലിസ് കമ്മീഷണറുടെ റിപോര്‍ട്ടില്‍ പറഞ്ഞ മൂന്ന് കേസുകളില്‍ ഒന്ന് വിചാരണ ഘട്ടത്തിലും മറ്റൊന്ന് അന്വേഷണ ഘട്ടത്തിലുമായിരുന്നു. മൂന്നാമത്തെ കേസ് പോലിസ് സ്വമേധയാ എടുത്തതായതിനാല്‍ കാപ്പയ്ക്ക് പരിഗണിക്കാവുന്നതായിരുന്നുമില്ല. മറ്റു പല കേസുകളിലുമെന്നപോലെ അറസ്റ്റിനു ശേഷം വിഷയം അഡൈ്വസറി ബോര്‍ഡിനു മുന്നിലെത്തിയാല്‍ പ്രതി എളുപ്പത്തില്‍ ഊരിപ്പോരുന്ന സാഹചര്യം ഒഴിവാക്കാന്‍ വേണ്ടി കൂടിയായിരുന്നു കലക്ടറുടെ നടപടി.
എന്നാല്‍, കലക്ടറുടെ നടപടിക്കെതിരേ പുനര്‍ജനി ചാരിറ്റബിള്‍ ട്രസ്റ്റ് കഴിഞ്ഞ ഏപ്രിലില്‍ നല്കിയ റിട്ട് ഹരജിയില്‍ ഒരാഴ്ചയ്ക്കകം യുക്തമായ തീരുമാനമെടുക്കാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കാമെന്ന് അഡീഷനല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന് ഹൈക്കോടതിയെ അറിയിച്ചിരുന്നു. അപ്പോഴേക്കും ബംഗ്ലാദേശ് പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട് സുഹൈല്‍ തങ്ങള്‍ ജയിലിലായിരുന്നതിനാല്‍ കാപ്പ പ്രകാരം അറസ്റ്റ് ചെയ്യേണ്ട കാര്യമില്ലെന്നും ജാമ്യത്തില്‍ പുറത്തിറങ്ങുന്ന പക്ഷം പോലിസിന്റെ പുതിയ ശുപാര്‍ശയില്‍ കാപ്പ പ്രകാരം അറസ്റ്റ് ചെയ്യാമെന്നും ജില്ലാ കലക്ടര്‍ കോടതിയെ അറിയിക്കുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്ത് പുനര്‍ജനി നല്കിയ കോടതിയലക്ഷ്യ ഹരജിയില്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഡിവിഷന് ബെഞ്ച് കലക്ടറുടെ നിലപാട് ശരിവയ്ക്കുകയും കേസ് തള്ളുകയുമായിരുന്നു.
സുഹൈല്‍ തങ്ങള്‍ ജാമ്യത്തിലിറങ്ങിയ പശ്ചാത്തലത്തില്‍ പുനര്‍ജനി രണ്ടാമതും നല്കിയ റിട്ട് ഹരജിയില്‍ കഴിഞ്ഞദിവസം ഹൈക്കോടതി ജില്ലാ കലക്ടറോട് വിശദീകരണം തേടിയിരുന്നു. ഇതേത്തുടര്‍ന്ന് പോലിസ് കമ്മീഷണര്‍ ഈ മാസം 17നു നല്കിയ പുതിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരേ കാപ്പ ചുമത്താന്‍ ജില്ലാ കലക്ടര്‍ ഉത്തരവായത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.