|    Nov 19 Mon, 2018 1:58 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ബംഗ്ലാദേശ് ഒറ്റകക്ഷിഭരണത്തിന്റെ വഴിയില്‍

Published : 4th November 2018 | Posted By: kasim kzm

ധക്ക: ഇന്ത്യയിലെ ബിജെപി സര്‍ക്കാരിന്റെ സഹായത്തോടെ അവാമി ലീഗ് ഭരണകൂടം ബംഗ്ലാദേശിനെ കൂടുതല്‍ ഏകാധിപത്യത്തിലേക്ക് നയിക്കുന്നതായി ആരോപണം. പ്രധാനമന്ത്രി ശെയ്ഖ് ഹസീന പ്രതികാരബുദ്ധിയോടെ പ്രതിപക്ഷത്തെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണ് ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടിയുടെ അധ്യക്ഷയും മുന്‍ പ്രധാനമന്ത്രിയുമായ ഖാലിദാ സിയയെ പഴയ അഴിമതിക്കേസ് പൊടിത്തട്ടിയെടുത്തു ജയിലിലടച്ചത്. 2019 ജനുവരിയില്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്ന് അവരെ തടയുകയാണ് ലക്ഷ്യം.
കഴിഞ്ഞ സപ്തംബറില്‍, 1971ലെ സ്വാതന്ത്ര്യസമരത്തെക്കുറിച്ച ഔദ്യോഗിക ഭാഷ്യത്തില്‍ നിന്നു വ്യത്യസ്തമായ വീക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നത് പാര്‍ലമെന്റ് കുറ്റകൃത്യമാക്കി. നിയമം ലംഘിക്കുന്നവര്‍ക്ക് 14 വര്‍ഷം വരെ കഠിന തടവാണ് ശിക്ഷ. സമരകാലത്ത് അവാമി ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ കൂട്ടക്കൊലകളെ പറ്റി ചര്‍ച്ച ചെയ്യുന്നതു തടയുകയാണ് ലക്ഷ്യം.
അവാമി ലീഗിനെ വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലിടുന്നത് വ്യാപകമാണ്. ഒരു പ്രമുഖ പത്രാധിപരുടെ പേരില്‍ 80 കേസുകളാണ് ചുമത്തിയിരിക്കുന്നത്. ധക്കയിലെ അപകടകരമായ ട്രാഫിക്കിനെതിരേ പ്രകടനം നടത്തിയ സര്‍വകലാശാലാ വിദ്യാര്‍ഥികളുടെ പടമെടുത്തതിനാണ് ഫോട്ടോഗ്രാഫറായ ശാഹിദുല്‍ ആലം ജയിലിലായത്. ഫേ—സ്ബുക്കില്‍ സര്‍ക്കാര്‍ വിമര്‍ശനം തടയാന്‍ പാര്‍ട്ടി ആസ്ഥാനത്ത് ഒരു സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.
ജഡ്ജിമാരെ പിരിച്ചുവിടാന്‍ ഗവണ്‍മെന്റിന് അധികാരം നല്‍കുംവിധം ഭരണഘടനയില്‍ വരുത്തിയ മാറ്റം മൂലം ഉന്നത ന്യായാധിപന്‍മാര്‍ സര്‍ക്കാരിനെതിരേ വിധി പറയാന്‍ മടിക്കുന്നു. ഭേദഗതിയെ വിമര്‍ശിച്ചതിന്റെ പേരില്‍ ചീഫ് ജസ്റ്റിസിനു നാടുവിടേണ്ടിവന്നു. റാപിഡ് ആക്ഷന്‍ ബറ്റാലിയന്‍ (ആര്‍എബി) എന്ന പ്രത്യേക പോലിസ് സംഘത്തിനു രൂപം നല്‍കിയത് പൗരന്‍മാരില്‍ ഭയം ജനിപ്പിക്കാനാണെന്നു ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് കുറ്റപ്പെടുത്തുന്നു. മയക്കുമരുന്നു വില്‍പനക്കാരെന്ന പേരില്‍ 200ലധികം പേരെ കസ്റ്റഡിയിലെടുത്തു വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുകയായിരുന്നു.
ജമാഅത്തെ ഇസ്‌ലാമിയാണ് ഹസീനയുടെ ശത്രുപട്ടികയില്‍ ഒന്നാംസ്ഥാനത്ത്. അന്താരാഷ്ട്ര യുദ്ധക്കുറ്റ ട്രൈബ്യൂണല്‍ എന്ന വ്യാജനാമമുള്ള ഒരു പ്രത്യേക സെഷന്‍സ് കോടതി വയോധികരായ അനേകം ജമാഅത്ത് നേതാക്കളെ തൂക്കിലേറ്റുകയോ ജീവപര്യന്തം തടവുശിക്ഷ നല്‍കി ജയിലിലടക്കുകയോ ചെയ്തു. ആ നടപടികളുടെ സുതാര്യത ചോദ്യം ചെയ്ത വിദേശ മാധ്യമപ്രവര്‍ത്തകരെ രാജ്യത്തു നിന്നു പുറത്താക്കി.
പ്രതിപക്ഷത്തെ ഒതുക്കിയതോടെ വീണ്ടുമൊരിക്കല്‍ കൂടി ജയിച്ച് അധികാരത്തില്‍ വരാമെന്നാണ് ശെയ്ഖ് ഹസീനയുടെ കണക്കുകൂട്ടല്‍. ഇതിന് ഇന്ത്യന്‍ വലതുപക്ഷത്തിന്റെ പൂര്‍ണ പിന്തുണയും അവര്‍ക്കുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss