|    Apr 25 Wed, 2018 4:16 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ബംഗ്ലാദേശി യുവതി മടങ്ങുന്നു; സ്‌നേഹ സാന്ത്വനങ്ങളുടെ ഓര്‍മകളുമായി

Published : 24th November 2015 | Posted By: SMR

കോഴിക്കോട്: പീഡനത്തിനിരയായ ബംഗ്ലാദേശി യുവതി നാട്ടിലേക്കു മടങ്ങുന്നത് തിക്താനുഭവങ്ങളുടെ ദുരന്ത ചിന്തകളുമായി മാത്രമായിരിക്കില്ല, കോഴിക്കോട് അവര്‍ക്കു നല്‍കിയ സ്‌നേഹ സാന്ത്വനങ്ങളുടെ മധുരിക്കുന്ന ഓര്‍മകളുമായി കൂടിയായിരിക്കും.
സെക്‌സ് റാക്കറ്റിന്റെ വലയില്‍ അകപ്പെട്ടാണ് അവര്‍ കേരളത്തില്‍ എത്തിയത്. എന്നാല്‍, അവരുടെ തിരിച്ചുപോക്ക് കവയിത്രി, കഥാകാരി, ചിത്രകാരി ഇവയെല്ലാമായാണ്. തന്റെ ഭാവനകളിലൂടെ അത്രമേല്‍ മലയാളി മനസ്സിനെ കീഴടക്കാന്‍ അവര്‍ക്കായി. ചിത്രങ്ങളും കവിതകളുമെല്ലാം സമ്മാനിച്ച ഒരു ലക്ഷം ഡാക്കയും പിന്നെ ഇവിടത്തുകാര്‍ നല്‍കിയ പ്രോല്‍സാഹനത്തിന്റെ അനുഭവങ്ങളുമായാണു മടങ്ങുക.
സാമൂഹികനീതി മന്ത്രി ഡോ. എം കെ മുനീര്‍ ഉള്‍പ്പെടെയുള്ളവര്‍ ചിത്രങ്ങള്‍ വാങ്ങിയപ്പോള്‍ 60,000 രൂപയാണ് അവര്‍ക്ക് അതിലൂടെ ലഭിച്ചത്. സായ എന്ന തൂലികാനാമത്തില്‍ എഴുതിയ ‘ഞാന്‍ എന്ന മുറിവ്’ പുസ്തകത്തിന്റെ 431 കോപ്പികള്‍ ആര്‍ട്ട് ഗാലറിയിലെ പ്രദര്‍ശന ഹാളില്‍ വച്ചുതന്നെ വിറ്റഴിഞ്ഞു. ഇതില്‍ നിന്ന് 25,000 രൂപയും ലഭിച്ചു. ഈ രണ്ടു തുകകളും ചേര്‍ന്ന 85,000 രൂപ ഒരുലക്ഷം ബംഗ്ലാദേശി കറന്‍സിക്കു തുല്യമാണ്.
പുസ്തകം വായിച്ചവരും ചിത്രപ്രദര്‍ശനം കണ്ടവരുമെല്ലാം എഴുത്തുകാരിക്കു നല്‍കാന്‍ പ്രദര്‍ശന ഹാളില്‍ എഴുതി നല്‍കിയ കുറിപ്പുകള്‍ അതിനു പിന്നില്‍ അവയുടെ ഹിന്ദി പരിഭാഷ എഴുതിച്ചേര്‍ത്തു.
ടു സായ, പ്യാര്‍ സെ കോഴിക്കോട് എന്ന പേരില്‍ ബൈന്‍ഡ് ചെയ്ത് പുസ്തക രൂപത്തിലാക്കിയിട്ടുണ്ട്. അതും അവള്‍ക്കു കൈമാറും. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആം ഓഫ് ജോയ് എന്ന സംഘടനയാണ് ഒരു അഭയകേന്ദ്രത്തില്‍ നിഴല്‍രൂപമായി ജീവിക്കുന്ന അവരുടെ കവിതകളും കഥകളും പുസ്തകങ്ങളാക്കാനും ചിത്രരചനകള്‍ പ്രദര്‍ശിപ്പിക്കാനുമെല്ലാം മുന്നിട്ടിറങ്ങിയത്.
പുസ്തക വില്‍പ്പനയില്‍ നിന്നുള്ള ബാക്കി 18,100 രൂപയും ഇനിയും പുസ്തകം വിറ്റാല്‍ കിട്ടുന്ന പണവും ലൈംഗികാതിക്രമത്തിനിരയാവുന്ന തന്നെപ്പോലുള്ളവരുടെ നന്മയ്ക്കു ചെലവഴിക്കാനുള്ള ഫണ്ടായി ‘ഞാന്‍ എന്ന മുറിവ്’ എന്ന പേരില്‍ ബാക്കിവച്ചാണ് അവര്‍ അടുത്തയാഴ്ച നാട്ടിലേക്കു വണ്ടികയറുക. വാര്‍ത്താസമ്മേളനത്തില്‍ ആം ഓഫ് ജോയ് മാനേജിങ് ട്രസ്റ്റി ജി അനൂപ്, ബംഗ്ലാദേശ് മലയാളി അസോസിയേഷന്‍ പ്രതിനിധി ഷിജു ചെറുവലത്ത് പങ്കെടുത്തു. യുവതിക്ക് നാട്ടിലേക്കു മടങ്ങാനുള്ള അനുമതി ലഭിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss